കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വ്യക്തമായ പങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട് സിബിഐ കുറ്റപത്രത്തില്‍. ഇരുവര്‍ക്കെതിരേയുമുള്ള തെളിവുകള്‍ സിബിഐ അക്കമിട്ട് നിരത്തി.നേതാക്കള്‍ ഇടപെട്ട് നടത്തിയ ഗൂഢാലോചനയും ആസൂത്രണവുമാണ് ഷുക്കൂര്‍ വധത്തിലേതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നത്.
പെട്ടെന്നുണ്ടായ പ്രകോപനമല്ല ബോധപൂര്‍വ്വമായ ആസൂത്രണമാണ് ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രവുമായി ബന്ധപ്പെട്ട കേസ് ഇന്ന് തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെടും.
സിപിഎം ശക്തികേന്ദ്രമായ കീഴറ കണ്ണപുരത്തെ വള്ളുവന് കടവില്‍വച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രം പറയുന്നു. ഷുക്കൂറിനെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണപുരം കീഴറയിലെ ഒരു വീട്ടില്‍ രണ്ടര മണിക്കൂറോളം ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് അരിയില്‍ ലോക്കല്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷമാണ് വെട്ടിക്കൊന്നത്.
ഷുക്കൂറിന്റെ സുഹൃത്ത് സക്കരിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിനുശേഷം ഇരുനേതാക്കളും തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി മുറിയില്‍വെച്ച് ഇവരുടെ സാന്നിധ്യത്തിലാണ് സിപിഎം പ്രാദേശിക നേതാക്കള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തി കൊലപാതകത്തിന് നിര്‍ദേശിച്ചത്.
ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ ഇരുവരും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണ് കൊലയിലേക്ക് നയിച്ചത്. 32ാം പ്രതി ജയരാജനും 33ാം പ്രതി ടി.വി.രാജേഷ് എംഎല്‍എയും 30ാം പ്രതി അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവുമാണ് മുഖ്യ ആസൂത്രകര്‍. 29ാം പ്രതി ബാബു അയച്ചുകൊടുത്ത ഫോട്ടോ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട മുഖ്യപ്രതികള്‍ ആശുപത്രിയില്‍ വച്ച് കണ്ട് സ്ഥിരീകരിച്ച ശേഷമാണ് തടഞ്ഞുവെച്ച അരിയില്‍ ഷുക്കൂറിനെ പാടത്ത് കൊണ്ടുപോയി പരസ്യമായി കൊന്നത്. കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 1 മുതല്‍ 27 വരെയുള്ള പ്രതികള്‍ നിരപരാധികളല്ലെന്നും അവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം ഉണ്ടായിരുന്നതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഢാലോചനയുടെ തെളിവായി ദൃക്സാക്ഷിമൊഴികളാണ് സിബിഐ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയത്. അരിയില്‍ ഷുക്കൂര്‍ അടക്കമുള്ളവരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്ന് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയത് കേട്ടെന്നാണ് മൊഴിയില്‍ പറയുന്നത്.
കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഡാലോചന, അന്യായമായി തടങ്കലില്‍വെക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അനുബന്ധ കുറ്റപത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 32 സാക്ഷികളാണുളളത്. മൊബൈല്‍ ഫോണുകളുടെ കോള്‍ ലിസ്റ്റും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 14 പേജുള്ള അനുബന്ധ കുറ്റപത്രം പ്രധാനമായും ഉന്നത സിപിഎം നേതാക്കളുടെ കേസിലെ ഇടപെടല്‍ സംബന്ധിച്ചാണ് വ്യക്തമാക്കുന്നത്. അനുബന്ധ കുറ്റപത്രം അടക്കം ആകെ 1479 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: