ന്യൂദല്‍ഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവ്. പതിനാറാം ലോക്സഭയുടെ സമ്മേളനത്തിലെ അവസാന ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷത്തെ ഒന്നടങ്കം അമ്പരപ്പിച്ച് മുലായത്തിന്റെ മോദി പ്രശംസ. ”പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ അദ്ദേഹം പരിശ്രമിച്ചു. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും എല്ലാ അംഗങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നുമാണ് ആഗ്രഹം”. മുലായം പറഞ്ഞു.
സോണിയയുടെ തൊട്ടരികിലെ സീറ്റിലിരുന്നാണ് വിശാല പ്രതിപക്ഷ സഖ്യത്തിന്റെ മുഖം കൂടിയായ മുലായം പ്രസ്താവന നടത്തിയത്. സോണിയയുടെ മുഖത്ത് അമ്പരപ്പും അസ്വസ്ഥതയും പ്രകടമായിരുന്നു. ഇടയ്ക്കിടെ തിരിഞ്ഞും മറിഞ്ഞും നോക്കി അവര്‍ അത് പ്രകടിപ്പിച്ചു. ജാള്യത മറയ്ക്കാന്‍ ചിരിക്കുകയും ചെയ്തു. ബിജെപി അംഗങ്ങള്‍ ജയ് ശ്രീരാം വിളികളോടെ ഡസ്കിലടിച്ച് സ്വാഗതം ചെയ്തു.
കൈകൂപ്പി പ്രതികരിച്ച മോദി പിന്നീട് പ്രസംഗത്തില്‍ നന്ദി പറഞ്ഞു. ഈ സഭ കാലഹരണപ്പെട്ട 1400ലേറെ നിയമങ്ങള്‍ അസാധുവാക്കിയിട്ടുണ്ട്. ഇനിയും ചെയ്യാനുണ്ട്. മുലായം ഇതിന് അനുഗ്രഹം നല്‍കിയിട്ടുണ്ട്, മോദി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുലായത്തെ പിന്തുണച്ചു. എന്നാല്‍ ഏത് സാഹചര്യത്തിലാണ് പ്രശംസയെന്ന് അറിയില്ലെന്ന് എസ്പി നേതാവ് രവിദാസ് മെഹ്റോത്ര പറഞ്ഞു. മോദിയെ മാറ്റൂ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന മുദ്രാവാക്യം. ഇത് ഉയര്‍ത്തിക്കാട്ടി ആം ആദ്മി പാര്‍ട്ടി ജന്തര്‍ മന്ദിറില്‍ പ്രതിപക്ഷ റാലി നടത്തി ഏതാനും മിനിട്ടുകള്‍ക്ക് പിന്നാലെയാണ് മോദിയെ പ്രശംസിച്ചതെന്നതും ബിജെപി വിരുദ്ധര്‍ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: