കൊച്ചി: പ്രോ വോളി ലീഗില്‍ ആദ്യ വിജയം കൊതിച്ചെത്തിയ മുംബയെ തോല്‍വിയുടെ പടു കുഴിയിലേക്ക് തള്ളിയിട്ട് ബ്ലാക്ക് ഹ്വാക്ക്സ് ഹൈദരാബാദിന് ജയം. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റോടെ സെമി പ്രതിക്ഷ സജീവമാക്കി. അവസാന സെറ്റ് വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ 3-2നാണ് ഹൈദരാബാദ് നിര്‍ണായക വിജയം കൈപ്പിടിയിലാക്കിയത്. സ്കോര്‍: 13-15, 15-11, 7-15, 15-14, 15-11.
കളിയുടെ തുടക്കം ഒപ്പത്തിനൊപ്പം. ആദ്യ സെറ്റില്‍ തന്നെ നീണ്ട റാലികള്‍ തീര്‍ത്തു ഇരുടീമും. അമേരിക്കന്‍ സൂപ്പര്‍ താരം കാഴ്സണ് ക്ലാര്‍ക്ക് ഒരു വശത്ത് അരങ്ങു തകര്‍ത്തപ്പോള്‍ മറുവശത്ത് മുംബ കരുതിവച്ചത് പ്രശാന്തിനെയും പങ്കജിനെയും പോലുള്ള ഒരു പിടി ഇന്ത്യന്‍ താരങ്ങളെ. ഒപ്പത്തിനൊപ്പം നീങ്ങിയ സെറ്റില്‍ സൂപ്പര്‍ പോയിന്റിലൂടെ മുന്നിലെത്തി മുംബ ടീം. കടുത്ത പോരാട്ടം നടന്ന ആദ്യ സെറ്റിനൊടുവില്‍ മുംബ 15-13ന് ജയം പിടിച്ചെടുത്തു.
വാശിയോടെയായിരുന്നു രണ്ടാം സെറ്റിന്റെ തുടക്കവും. മുംബയ്ക്കായി വിദേശ താരം ടോമിസ്ലാവ് പലപ്പോഴും കനത്ത സ്മാഷുകള്‍ തീര്‍ത്തു. സെറ്റ് തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ഹൈദരാബാദ് നിരയില്‍ അലക്സാണ്ടറും ഫോമിലേക്കുയര്‍ന്നതോടെ നഷ്ടപ്പെട്ട ആദ്യ സെറ്റിന് പകരം വീട്ടി ടീം. ഇതോടെ ഓരോ സെറ്റ് വീതം നേടി ഇരു ടീമും സമനില പാലിച്ചു.
അദ്യ രണ്ട് സെറ്റില്‍ നിന്നും വ്യത്യസ്തമായി മൂന്നാം സെറ്റിന് മുംബ തുടക്കമിട്ടത് പോയിന്റുകള്‍ വാരിക്കൂട്ടി. ഒരുഘട്ടത്തില്‍ 4-0ന് മുന്നിലെത്തിയ മുംബ ഹൈദരാബാദിനെ നിലം തൊടീക്കാതെയാണ് മുന്നേറിയത്. ഇടയ്ക്കൊക്കെ ഹൈദരാബാദ് പോരാട്ടത്തിന്റെ സൂചനകള്‍ കാട്ടിയെങ്കിലും നേടിയ ലീഡ് കളയാതെ സൂക്ഷിച്ച മുംബ മൂന്നാം സെറ്റ് പൊരുതി നേടി.
നാലാം സെറ്റിലും വിജയത്തിനായി മുംബ അഴിച്ചുവിട്ടത് കനത്ത അക്രമണങ്ങള്‍. ഹൈദരാബാദും കൂടെപ്പിടിച്ചതോടെ പോയിന്റുകള്‍ തുല്യതയോടെ നീങ്ങി. അവസാന സമയങ്ങളില്‍ നടന്നത് കളിയില്‍ ഇതുവരെ കാണാത്ത വീറും വാശിയും നിറഞ്ഞ പോരാട്ടം. ഒടുവില്‍ അവസാന വിസിലില്‍ ജീവന് നീട്ടിയെടുത്ത ഹൈദരാബാദ് സെറ്റ് നേടി 2-2ന് മത്സരത്തില്‍ ഒപ്പം പിടിച്ചു.
അവസാന സെറ്റില്‍ മുംബ ശക്തമായി കളത്തില്‍ ഉറച്ചു നിന്നു. തുടക്കത്തില്‍ മുന്നിലെത്തിയെങ്കിലും വൈകാതെ കളി മാറി. പിന്നീട് കണ്ടത് ഹൈദരാബാദിന്റെ വിദേശ താരങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കാഴ്ച. അമേരിക്കന്‍ സൂപ്പര്‍ താരം കാഴ്സണ് കോര്‍ട്ടില്‍ വിസ്മയം തീര്‍ത്തു. കാഴ്സന്റെ ഇടംകൈയ്യന്‍ സ്മാഷുകള്‍ക്ക് മുന്നില്‍ കൂപ്പുകുത്തി മുംബ. തോല്‍വി മുന്നില്‍ കണ്ട ഹൈദരാബാദിനെ അവസാന സെറ്റില്‍ കാഴ്സണ് കൈപ്പിടിച്ചുയര്ത്തിയതോടെ മത്സരവും അവര്‍ക്ക് സ്വന്തം. കളിയിലെ താരവും കാര്സണ് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: