ഇടുക്കി: വനിതാ നവോത്ഥാനത്തിന്റെ കാവല്‍ക്കാരെന്ന് അഹങ്കരിക്കുന്ന സിപിഎമ്മുകാരുടെ തനിനിറം ലോകത്തെ അറിയിച്ച ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനു മേല്‍ കുരുക്കു മുറുകുന്നു. മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണം തടയാന്‍ ശ്രമിച്ചപ്പോഴാണ് വനിതാ സബ് കളക്ടറെ സിപിഎം എംഎല്‍എ അധിക്ഷേപിച്ചത് ജനരോഷം ശക്തമായപ്പോള്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും പ്രതിഷേധം കനക്കുകയാണ്. ഖേദപ്രകടനത്തിലൂടെ രക്ഷപ്പെടാന്‍ എംഎല്‍എയും ശ്രമിച്ചു. എന്നാല്‍ നിയമപടികളുമായി മുന്നോട്ടു പോകുമെന്ന് സബ് കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞതോടെ രാജേന്ദ്രനും സിപിഎമ്മും വെട്ടിലായി.
മൂന്നാര്‍ പഞ്ചായത്ത് പുഴയോരം കൈയേറി നടത്തിയ അനധികൃത നിര്‍മാണം തടയാന്‍ ശ്രമിച്ചപ്പോഴാണ് രേണു രാജിനെ പൊതുജനമധ്യത്തില്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് കഴിഞ്ഞ ദിവസം ആക്ഷേപിച്ച് സംസാരിച്ചത്.
ജനപ്രതിനിധിയായ തന്നോട് സബ് കളക്ടര്‍ മോശമായി പെരുമാറിയതിലുള്ള വിഷമം കൊണ്ടാണ് താന്‍ ഒരു സ്ത്രീ എന്ന പരിഗണന നല്‍കാതെ മോശം വാക്കുകള്‍ ഉപയോഗിച്ചതെന്നാണ് എംഎല്‍എ ഇന്നലെ ന്യായീകരിച്ചത്. റവന്യൂ വകുപ്പിന്റെ അനുമതി വാങ്ങാതെ പഞ്ചായത്ത് പാര്‍ക്കിങ് ഗ്രൗണ്ടിനുള്ളില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്ന് ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുന്നതാണ് വിവാദങ്ങള്‍ക്ക് ആധാരം. ഹൈക്കോടതി വിധിയുടെ ലംഘനം കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ സബ്കളക്ടര്‍ ഇടപെടുന്നത്.
വെള്ളിയാഴ്ചയായിരുന്നു കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പണി. ഇത് നിര്‍ത്തിവെയ്ക്കണമെന്ന് സബ്കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സ്ഥലത്തെത്തിയ തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ എംഎല്‍എയുടേയും ഡിസിസി അംഗവും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ആര്. കറുപ്പുസ്വാമിയുടെയും നേതൃത്വത്തില്‍ തടയുകയായിരുന്നു. സ്റ്റോപ്പ് മെമ്മോ നല്കിയ സബ് കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നും ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നുവെന്നുമാണ് എംഎല്‍എ അധിക്ഷേപിച്ചത്.
നിയമനടപടി തുടരും: സബ് കളക്ടര്‍
താന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ്. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. എംഎല്‍എക്കെതിരെ നിയമനടപടി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് ചെയ്യും.
അനധികൃത നിര്‍മാണം തടഞ്ഞവര്‍ക്കെതിരെ കേസെടുക്കാനും ആലോചനയുണ്ട്. തന്റെ നടപടികള്‍ക്ക് റവന്യൂ മന്ത്രി പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നടപടി തടഞ്ഞത് സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ എംഎല്‍എയോടു വിശദീകരണം ചോദിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: