കണ്ണൂര്‍: നവോത്ഥാനമെന്നു പറഞ്ഞ് സിപിഎം കോലാഹലമുണ്ടാക്കുമ്പോഴും വനിതാ മതില്‍ പണിയുമ്പോഴും സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്തം തുടരുന്നു. ക്ഷേത്രാചാരമാണെന്നാണ് പാര്‍ട്ടിയുടെയും പാര്‍ട്ടി അംഗങ്ങളായ ഭരണസമിതിയുടെയും വാദം. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ തകര്‍ക്കാനും നശിപ്പിക്കാനും നമുക്ക്് ജാതിയില്ലെന്ന പേരില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങിയവരാണ് ഈ വാദം ഉന്നയിക്കുന്നതെന്നതാണ് വിചിത്രം
കണ്ണൂര്‍ അഴീക്കല്‍ പാമ്പാടിയാര്‍ ആലിങ്കല്‍ ക്ഷേത്ര ഉല്‍സവത്തിലാണ് ദളിതര്‍ക്ക് ഇക്കുറിയും അയിത്തം തുടരുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ തീയ്യസമുദായത്തില്‍പ്പെട്ടവരുടെ വീടുകളിലേക്ക് മാത്രമാണ് തിരുവായുധമെഴുന്നള്ളത്ത്.
കഴിഞ്ഞ വര്‍ഷവും ഇതിന്റെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു. അതിനാല്‍ ഇത്തവണ ദളിത് വിഭാഗങ്ങള്‍ക്കൊപ്പം മറ്റ് സമുദായാംഗങ്ങളുടെ വീടുകളിലെയും സന്ദര്‍ശനം ഒഴിവാക്കി തീയ്യ വിഭാഗത്തിന്റെ വീടുകളില്‍ മാത്രമാക്കി എഴുന്നള്ളത്ത്. തീയ്യ സമുദായത്തിന്റേതാണ് ക്ഷേത്രമെന്നതിനാലാണ് ഇവരുടെ വീടുകളില്‍ മാത്രം സന്ദര്‍ശനമെന്നാണ് ഭാരവാഹികളുടെ അവകാശവാദം. എല്ലാവരുടെയും വീടുകളില്‍ എഴുന്നള്ളത്ത് നടത്തണമെന്ന കളക്ടറുടെ ഉത്തരവ് മറികടന്നാണ് ഇത്തവണത്തെ എഴുന്നളളത്തെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു.
ദളിത് വീടുകളിലേക്ക് എഴുന്നള്ളത്ത് നടത്താത്തതിന് 1915ലെ നിശ്ചയരേഖയാണ് ക്ഷേത്ര ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്. വാളെഴുന്നള്ളത്ത് നിശ്ചയരേഖ പ്രകാരമാണെന്നും ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയരേഖയില്‍ പ്രതിപാദിക്കും വിധമാണെന്നും ഇതില്‍ മാറ്റം വരുത്താനാവില്ലെന്നുമാണ് ഭരണസമിതിയുടെ വാദം. അങ്ങനെയെങ്കില്‍ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നതിനു പകരം അവയെ തച്ചുതകര്‍ക്കുന്നത് എന്തിനെന്ന് ഭക്തര്‍ ചോദിക്കുന്നു.
കേരള സ്റ്റേറ്റ് പട്ടിക ജനസമാജം എന്ന സംഘടന ക്ഷേത്രവിശ്വാസികളായ ദളിത് സമുദായങ്ങളുടെ വീട്ടിലും വാളെഴുന്നള്ളിപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭരണ സമിതിക്ക് കത്ത് നല്‍കിയിരുന്നു. സമിതി ആവശ്യം അംഗീകരിച്ചില്ല. സമിതിക്കെതിരേ നിയമപോരാട്ടം തുടരുമെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന പ്രസിഡന്റ് തെക്കന്‍ സുനില്‍ കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
സ്ത്രീകള്‍ക്കു വിലക്കുമായി പാലോട്ട് കാവ്
ശബരിമലയില്‍ ആചാരം തകര്‍ത്തും യുവതികളെ പ്രവേശിപ്പിക്കണമെന്ന് സിപിഎം പറയുമ്പോള്‍ അതേ പാര്‍ട്ടി ഭരിക്കുന്ന പാപ്പിനിശ്ശേരി കീച്ചേരി പാലോട്ട് കാവില്‍ ഉല്‍സവ സമയത്ത് സ്ത്രീകള്‍ക്ക് വിലക്കുണ്ട്. പാര്‍ട്ടി ഗ്രാമമാണ് പാപ്പിനിശ്ശേരി. പാര്‍ട്ടി അംഗങ്ങളും നേതാക്കളുമാണ് കാവിലെ ഭരണസമിതിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: