ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ കാലാവധി തീരാന്‍ ചുരുങ്ങിയ മാസങ്ങളേയുള്ളു. അധികാരത്തിലേറി അന്‍പത് മാസം പിന്നിട്ട നരേന്ദ്രമോദി സര്‍ക്കാര്‍ സകലരംഗത്തും മികച്ച പ്രകടനമാണ് നടത്തിയതെന്ന് നിഷ്പക്ഷമായി വിലയിരുത്തുന്നവരെല്ലാം സമ്മതിക്കുന്നു. ഈ കാലയളവില്‍ ഒരു രൂപയുടെപോലും അഴിമതി നടന്നില്ല എന്നതാണ് അതില്‍ പ്രധാനം.
തന്റെ ഭരണത്തില്‍ ഒരു വകുപ്പില്‍നിന്നും കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്ന് ആദ്യമേ പ്രസ്താവിച്ച പ്രധാനമന്ത്രി അക്ഷരാര്‍ത്ഥത്തില്‍ വാക്ക് പാലിച്ചു. പല വിഷയങ്ങളിലും പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ കരിതേയ്‌ക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അഴിമതി എന്ന പേരില്‍ ഏറെദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ചത് റാഫേല്‍ യുദ്ധവിമാന ഇടപാടിനെച്ചൊല്ലിയാണല്ലൊ.
റാഫേല്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്നും അന്യായമായി പലര്‍ക്കും പണം സമ്പാദിക്കാന്‍ അവസരമൊരുക്കി എന്നൊക്കെ ഉയര്‍ത്തിയ വാദത്തില്‍ ഒു കഴമ്പുമില്ലെന്നും സുപ്രീംകോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലും കൂട്ടരും പലസ്ഥലത്തും വികാരപ്രകടനം നടത്തി. ജനമനസ്സില്‍ ഇത് ഒരു ചലനവും സൃഷ്ടിക്കുന്നില്ലെന്ന് ബോധ്യമായപ്പോള്‍ കോണ്‍ഗ്രസ് അത് ഉപേക്ഷിക്കുകയും ചെയ്തു. കൊച്ചിയില്‍ കോണ്‍ഗ്രസ്‌കാരുടെ യോഗത്തില്‍ സംസാരിച്ചപ്പോള്‍ രാഹുല്‍ റാഫേല്‍ ആരോപണം പുറത്തെടുത്തതേയില്ല.
ലോകത്തില്‍ത്തന്നെ മികച്ച സാമ്പത്തിക വിദഗ്ധനെന്ന് കോണ്‍ഗ്രസുകാര്‍ പൊക്കിപ്പറയുന്ന ഡോ. മന്‍മോഹന്‍ സിംഗ് പത്ത് വര്‍ഷം പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. എന്നിട്ടും രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്ന സാമ്പത്തിക നടപടികളൊന്നും ഉണ്ടായിട്ടില്ല. അതേസമയം രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ആരോപണ വിധേയമായി. അന്നത്തെ സര്‍ക്കാരില്‍ കൊള്ളനടക്കാത്ത ഒരു വകുപ്പുപോലുമില്ല. എന്നിട്ടും പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരെല്ലാം കണ്ണുംപൂട്ടി ഇരിക്കുകയായിരുന്നു.
ആ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന പി. ചിദംബരം അടക്കം വിചാരണ നേരിടുകയാണ്. അന്ന് ആരോപണത്തെ തുടര്‍ന്ന് രാജിവച്ച കേന്ദ്രമന്ത്രിമാരും ഏറെ ഉണ്ടായിരുന്നു. എന്നാല്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാരില്‍നിന്ന് മന്ത്രിമാര്‍ക്കെന്നല്ല, ഉദ്യോഗസ്ഥര്‍ക്ക് പോലും പദവി ഒഴിയേണ്ടിവന്നിട്ടില്ല. സകലമേഖലയിലും സല്‍ഭരണമേ നടന്നിട്ടുള്ളു. കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കുകയും പല്ലും നഖവുമുള്ള നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്തതാണ് മോദി സര്‍ക്കാരിന്റെ എടുത്തുപറയേണ്ട നേട്ടം.
കള്ളപ്പണം കണ്ടുകെട്ടാനും ബിനാമി ഇടപാടുകളുടെ വേരറുക്കാനും നിര്‍മിച്ച നിയമങ്ങള്‍ വന്‍ നേട്ടമാണ് രാജ്യത്തിനുണ്ടാക്കിയത്. വിവാദ വജ്രവ്യാപാരി നീരവ് മോദി, മേഹുല്‍ ചോക്‌സി എന്നിവരടക്കമുള്ള പല പ്രമുഖരുടെയും ബിനാമി സ്വത്ത് കേന്ദ്രം കണ്ടുകെട്ടിയിട്ടുണ്ട്. 2015ല്‍ കള്ളപ്പണത്തിനെതിരെ കൊണ്ടുവന്ന കള്ളപ്പണ നിരോധന (വിദേശ സ്വത്ത്) നിയമമടക്കമുള്ളവ വഴി 70,000 കോടിയോളം രൂപയുടെ കള്ളപ്പണമാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടിയത്.
ഇവയ്‌ക്കു പുറമേ കള്ളപ്പണം തടയാനുദ്ദേശിച്ച് നിരവധി നിയമങ്ങളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. കടുത്ത നടപടികളും കൈക്കൊള്ളുന്നുണ്ട്. കള്ളപ്പണമുണ്ടെന്നു വെളിപ്പെടുത്തി അതിന്റെ ഒരു ഭാഗം പിഴയടച്ച് നിയമനടപടികളില്‍ നിന്ന് മോചിതരാകാനുള്ള നിയമമാണ് അതിലൊന്ന്. രാജ്യത്തെ പറ്റിച്ച് വിദേശത്തേക്ക് കടന്ന വിജയ്മല്യയെന്ന അതിസമര്‍ത്ഥന്റെ പിന്നാലെ ചെന്ന് കഴുത്തില്‍ കുരുക്കിടാന്‍ കഴിഞ്ഞത് മുന്‍പൊരുകാലത്തും സംഭവിക്കാത്തതാണ്. മല്യയുടെ പല സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തു.
കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബിനാമിനിയമം വന്‍ വിജയത്തിലേക്കാണ് നീങ്ങുന്നത്. നിയമം വന്ന് രണ്ടു കൊല്ലത്തിനുള്ളില്‍ 6900 കോടി രൂപയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും അതിന്റെ ഗുണഭോക്താക്കളെയും തടവിലാക്കാനും സ്വത്ത് കണ്ടുകെട്ടാനും വ്യവസ്ഥ ചെയ്യുന്ന നിയമം 2016ലാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്.
കുറ്റക്കാര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും ബിനാമി സ്വത്തിന്റെ വിപണി മൂല്യത്തിന്റെ 25 ശതമാനംവരെ പിഴയുമാണ് ശിക്ഷ. തെറ്റായ വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും സ്വത്തിന്റെ മൂല്യത്തിന്റെ പത്തുശതമാനം പിഴയും ശിക്ഷ ലഭിക്കും. എല്ലാരംഗത്തും തുടര്‍ച്ചയായ മികവ് പ്രകടിപ്പിക്കുന്ന സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഇന്ന് ബദലില്ല. പിന്നെന്തിനാണോ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ വിയര്‍പ്പൊഴുക്കുന്നതെന്ന് ചിന്തിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: