ഇരട്ട ദേവീപ്രതിഷ്ഠ എന്ന അപൂര്‍വതയുള്ള തിരുവാലത്തൂര്‍ രണ്ടുമൂര്‍ത്തി ഭഗവതിക്ഷേത്രം പാലക്കാട് ജില്ലയിലാണ്. അതിപുരാതനമായ ഈ ക്ഷേത്രം, തിരുവാലത്തൂര്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ശോകനാശിനി പുഴയുടെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
അതിമനോഹര ശില്പങ്ങള്‍ ആലേഖനം ചെയ്്തിട്ടുള്ളതിനാല്‍ കാഴ്ചയില്‍ ഏറെ ആകര്‍ഷകമത്രെ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ദുര്‍ഗാലയങ്ങളില്‍ ഒന്ന് എന്ന സവിശേഷതയുമുണ്ട്. ദേവന്മാരുടെ ഭൃത്യര്‍ വെറും പതിനാലു ദിവസംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് പറയപ്പെടുന്നത്.
മഹിഷാസുരമര്‍ദ്ദിനിയുടെയും അന്നപൂര്‍ണേശ്വരീ ദേവിയുടെയും പ്രതിഷ്ഠകളാണിവിടെയുള്ളത്. മേല്‍ക്കാവും കീഴ്‌ക്കാവുമായി രണ്ടു തട്ടുകളിലായാണ് ക്ഷേത്രം. കീഴ്‌ക്കാവില്‍ അന്നപൂര്‍ണേശ്വരിയും മേല്‍ക്കാവില്‍ മഹിഷാസുരമര്‍ദ്ദിനിയുമാണ് കുടികൊള്ളുന്നത്.
വിശാലമായ ക്ഷേത്രവളപ്പിന് ചുറ്റും വലിയ മതില്‍ക്കെട്ടും ക്ഷേത്ര വളപ്പിനുള്ളില്‍ കൂത്തമ്പലവുമുണ്ട്. കൂത്തമ്പലവും അതിനകത്ത് സൂക്ഷിച്ചിട്ടുള്ള വലിയ മിഴാവും ഇവിടം സന്ദര്‍ശിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.
ഉത്സവകാലത്തെ വിവിധ നൃത്ത- കലാപരിപാടികള്‍ ഈ കൂത്തമ്പലത്തിലാണ് നടത്താറുള്ളത്.നാലു നടകളിലും പ്രവേശന കവാടങ്ങള്‍ ഉണ്ടെങ്കിലും കിഴക്കേ നടയും പടിഞ്ഞാറേ നടയുമാണ് പ്രധാന പ്രവേശന കവാടങ്ങള്‍. രണ്ട് ക്ഷേത്രമേല്‍പ്പുരകളും ചെമ്പ് പൊതിഞ്ഞതാണ്.
വൃശ്ചികമാസത്തിലെ കാര്‍ത്തിക വളരെ പ്രധാനമാണിവിടെ. വൃശ്ചികത്തിലെ തിരുവോണം നാളിലാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ആരംഭിക്കുന്നത്. ആറാട്ടുദിവസം വിപുലമായ ആറാട്ടു സദ്യയും നടത്തുന്നു. ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ചുറ്റുവിളക്ക് വളരെ പ്രധാനമാണ്. പാലക്കാട്- ചിറ്റൂര്‍ റോഡില്‍ ആല്‍ത്തറ ജങ്ഷന്‍ ബസ് സ്‌റ്റോപ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
രാവിലെ 5.30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ രാത്രി 8 വരെയും ഭക്തര്‍ക്ക് ദേവീ ദര്‍ശനം സാധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: