മലയാള ചലച്ചിത്രരംഗം വ്യക്തമായ രണ്ടു കൈവഴികളായി പിരിഞ്ഞൊരു ദശാസന്ധിയിലാണ് ലെനിന് രാജേന്ദ്രന്റെ രംഗപ്രവേശം. കച്ചവട സിനിമ പ്രേംനസീറിന്റെ മരംചുറ്റി പ്രേമം കഴിഞ്ഞ്, കറങ്ങിത്തിരിഞ്ഞ് വിന്‍സെന്റ്, സുധീര്‍ എന്നിവരിലൂടെയും, ജയന്റെ കോളിളക്കങ്ങളിലൂടെയും വെറും സാമ്പത്തികലാഭം ലക്ഷ്യമാക്കി നീങ്ങി. അതേസമയം അടൂര്‍, അരവിന്ദന്, കെ.പി. കുമാരന്, പി.എ. ബക്കര്‍ എന്നിവരിലൂടെ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്റര്‍ കിട്ടാത്ത അവസ്ഥയില്‍ സമാന്തരസിനിമയും. വളരെ വ്യക്തമായ രണ്ടു ചേരികളായി മുഖാമുഖം നിന്നൊരു കാലം. സത്യനു ശേഷം മധു, സുകുമാരന്‍ എന്നീ ഒറ്റയാന്മാരും രാമു കാര്യാട്ടിനു ശേഷം എം.ടി. വാസുദേവന്‍ നായര്‍, പത്മരാജന് തുടങ്ങിയ സര്‍ഗാത്മക ചലച്ചിത്രകാരന്മാരും മറ്റൊരു നിരയായി അന്നുണ്ടായിരുന്നു.
ഭരതന്, കെ.ജി. ജോര്‍ജ് എന്നിവരും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ടായിരുന്നു. ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ് ലെനിന് രാജേന്ദ്രന്റെ ‘വേനല്‍’ പിറന്നുവീണത്. പ്രണയം ഒരു നിലാമഴ മാത്രമല്ലെന്നും, അത് അന്തര്‍ദാഹിയായ വേനലിന്റെ കൊടുംതാപം കൂടിയാണെന്നും പ്രേക്ഷകരെ അനുഭവിപ്പിച്ച ചിത്രമായിരുന്നു ‘വേനല്‍’.
അന്നത്തെ യുവതലമുറ നേതി, ഡയലോഗോ എന്നീ ഫിലിം സൊസൈറ്റികളുടെ പ്രതിവാര ചലച്ചിത്രപ്രദര്‍ശനങ്ങളില്‍ ഐസന്‍സ്റ്റീന്‍ മുതലിങ്ങോട്ടുള്ള വിഖ്യാത ചലച്ചിത്രകാരന്മാരുടെ ക്ളാസിക്കുകള്‍ കണ്ടുനടക്കുന്ന കാലമായിരുന്നു അത്. റേയുടെയും ഘട്ടക്കിന്റെയും മൃണാള്‍സെന്നിന്റെയും അടൂരിന്റെയും അരവിന്ദന്റെയുമടക്കമുള്ള ചലച്ചിത്രങ്ങളുടെ ബൗദ്ധികസൗന്ദര്യത്തിലഭിരമിച്ച് ഒരുതരം ഉന്മാദികളായി നടന്നിരുന്ന ഞങ്ങള്‍ വിലകുറഞ്ഞ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന മലയാളസിനിമകളോട് മുഖംതിരിച്ചുനിന്നത് സ്വാഭാവികം. എന്നാല്‍ ആ തലമുറയെ ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങളില്‍ നിന്നും സിനിമാ തീയേറ്ററുകളിലേക്ക് തിരിച്ചെത്തിച്ച സിനിമയായിരുന്നു ‘വേനല്‍.’
സാഹിത്യവും സംഗീതവും അകമ്പടി സേവിച്ച ലെനിന് രാജേന്ദ്രന്റെ ദൃശ്യാവിഷ്കാരങ്ങള്‍ പ്രേക്ഷകര്‍ക്കൊരു കാവ്യാത്മകാനുഭൂതിയായി മാറി. അന്നു നിലനിന്നിരുന്ന പൊള്ളയായ കലാസങ്കല്പങ്ങളെ തകര്‍ത്തെറിയുന്ന പലതും അദ്ദേഹത്തിന്റെ രചനകളിലുണ്ടായിരുന്നു. ആധുനികമായൊരു ആസ്വാദനബോധം വളര്‍ത്തിയെടുത്തിരുന്ന ഞങ്ങളുടെ തലമുറയുടെ മനസ്സിനെ ആഴത്തില്‍ സാധീനിക്കാന്‍ ലെനിന് രാജേന്ദ്രന് കഴിഞ്ഞു. അയ്യപ്പപണിക്കരുടെയും കാവാലത്തിന്റെയും വരികളും അകംനീറ്റുന്ന പ്രണയകാമനകളുമായി വേനല്‍ അങ്ങനെ കത്തിനിന്നു. അത് മലയാള സിനിമയ്ക്കൊരു നവഭാവുകത്വം നല്കി.
വേനല്‍, ചില്ല് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്കിടയില്‍ സ്വാതിതിരുനാള്‍, വചനം, ദൈവത്തിന്റെ വികൃതികള്‍, മഴ എന്നിവ അദ്ദേഹത്തിന്റെ രചനാനൈപുണ്യം പുഷ്കലമായി നില്ക്കുന്ന ചിത്രങ്ങളാണ്.
ഏത് പ്രതിസന്ധിയെയും നര്‍മ്മം കലര്‍ന്ന പുഞ്ചിരിയോടെ നേരിട്ടിരുന്ന സംവിധായകനായിരുന്നു ലെനിന്. ആ വിമര്‍ശനാത്മക നര്‍മ്മം അദ്ദേഹത്തിന് സ്വതസിദ്ധമായിരുന്നു. വ്യക്തിജീവിതത്തില്‍ അറിയാതെ വന്നുവീഴുന്ന ആ പരിഹാസം പ്രശ്നങ്ങളുണ്ടാക്കിയിരുന്നെങ്കിലും ചലച്ചിത്രങ്ങളില്‍ അത് അര്‍ത്ഥപൂര്‍ണമായിരുന്നു.
സ്വാതിതിരുനാളില്‍ നാഞ്ചിനാട് മുഴുവന്‍ പേമാരിയില്‍ മുങ്ങിയതറിഞ്ഞ അമ്മ മഹാറാണി രാജാവിനോട് പറയുന്നു- ”ഉണ്ണി എന്തെങ്കിലും ചെയ്യണം. ഉണ്ണി പ്രജകളുടെ ദാസനാണ്.” അപ്പോള്‍ സ്വാതിതിരുനാളിന്റെ അല്പം നര്‍മ്മം കലര്‍ന്ന മറുപടി ഇങ്ങനെയാണ്- ”അമ്മയ്ക്കറിയില്ല, നാമിപ്പോള്‍ ബ്രിട്ടീഷുകാരുടെ ദാസനാണ്.” അന്യര്‍ എന്ന ചിത്രത്തില്‍ ഒരു ചാനല്‍ പ്രവര്‍ത്തകയും മേലധികാരിയുമായുള്ള സംഭാഷണത്തിനിടെ രാഷ്ട്രീയം കയറിവന്നപ്പോള്‍ ”ചോദ്യം ചോദിക്കാനും ഉത്തരം പറയാനും ഒരാളുണ്ടായിരുന്നു, അയാള്‍ പോയി. ഇപ്പോള്‍ ചോദ്യവും ഉത്തരവുമില്ല” എന്ന് സ്വന്തം പാര്‍ട്ടിയുടെ ബൗദ്ധിക പാപ്പരത്തത്തെ പരിഹസിക്കാനും അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല.
ചില ചിത്രങ്ങളില്‍ നിറക്കൂട്ടുകള്‍ അമിതമായിപ്പോയെങ്കിലും മൗലികരചനാശൈലികൊണ്ട് മലയാള ചലച്ചിത്രലോകത്ത് തന്റേതായ ഇടം രേഖപ്പെടുത്തി കടന്നുപോയ ചലച്ചിത്രകാരനാണ് ലെനിന് രാജേന്ദ്രന്.
ശശി നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: