കൊച്ചി: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില. സെല്‍ഫ് ഗോളിന്റെ കരുത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് എടികെയെ 1-1ന് പിടിച്ചുകെട്ടിയത്.പുതിയ കോച്ച് ലെനോയുടെ ശിക്ഷണത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടും മാറിയിട്ടില്ല എന്നു തെളിയിക്കുന്നതായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടത്തിയ പ്രകടനവും.
ഒരു ഗോളിന് പിന്നില്‍ നിന്നശേഷമാണ് സമനില നേടിയത്. കളിയുടെ 84-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യയുടെ ഗോളില്‍ എടികെ ലീഡ് നേടിയെങ്കിലും മൂന്നുമിനിറ്റിനുശേഷം ജോണ്‍ ജോണ്‍സണിന്റെ സെല്‍ഫ് ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടി. ആളൊഴിഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു മത്സരം.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്് വ്യത്യസ്തായി ടീം ഫോര്‍മേഷനില്‍ കാര്യമായ മാറ്റം വരുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. പതിവുശൈലിയായ 4-1-4-1 രീതിക്കുപകരം 4-3-3ശൈലിയിലാണ് പുതിയ കോച്ച് ബ്ലാസ്‌റ്റേഴ്‌സിനെ അണിനിരത്തിയത്. പൊപ്‌ലാന്റിക്കിനൊപ്പം പ്രശാന്തും ദുംഗലും സ്‌ട്രൈക്കര്‍മാരായി ടീമില്‍ ഇടംനേടി. സ്‌റ്റൊയാനോവിച്ചും ക്രമരാവിച്ചും സഹലും മധ്യനിരയില്‍ കളിമെനയാന്‍ ഇറങ്ങി.
ഇരുടീമുകളും ആദ്യപകുതിയില്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഷൂട്ടര്‍മാര്‍ക്ക് പിഴച്ചതോടെ ആദ്യപകുതി ഗോള്‍രഹിതമായി. എങ്കിലും ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മികച്ചുനിന്നത് എടികെയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ്ങിന്റെയും പ്രതിരോധത്തിന്റെയും മികച്ച പ്രകടനമാണ് ഗോള്‍ വഴങ്ങാതെ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചത്. ആദ്യപകുതിയുടെ അവസാന നിമിഷം എഡു ഗാര്‍ഷ്യ തൊടുത്ത കനത്ത ഷോട്ട് ധീരജ് ചാടി ഉയര്‍ന്ന് വലംകൈ കൊണ്ട് തട്ടിയകറ്റി.
ഇതിന് മുന്‍പ് മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം ലഭിച്ചു. പ്രശാന്തിന്റെ ക്രോസിന് വല ലക്ഷ്യമാക്കി പോപ്‌ലാന്റിക് തല വച്ചെങ്കിലും പന്ത വല തൊട്ടില്ല. ഏഴാം മിനിറ്റില്‍ കാലിയും പ്രശാന്തും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ഗോളില്‍ കലാശിക്കുമെന്ന് തോന്നിച്ചു. പക്ഷേ പന്തിലേക്ക് ദുംഗലിന്റെ കാലെത്തിയില്ല.
11-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് ലഭിച്ച ആദ്യാവസരം എടികെയും പാഴാക്കി. 29ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് ദുംഗല്‍ നല്‍കിയ പന്തില്‍ സ്റ്റോയനോവിച്ച് ഷോട്ടുതിര്‍ത്തെങ്കിലും ദുര്‍ബലമായി. ബ്ലാസ്റ്റേഴ്സിനായിരുന്നു പിന്നീടും അവസരങ്ങള്‍ ഏറെയും. പക്ഷേ മുന്‍നിര ലക്ഷ്യം കാണുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു.
പുതിയ പരിശീലകന്‍ വന്നിട്ടും തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ വലിയ മാറ്റമുണ്ടായില്ല. മുന്നേറ്റത്തില്‍ വിദേശ താരങ്ങളായ മറ്റിയോ പൊപ്ലാട്ട്‌നിക്കും സ്ലവീസ സ്‌റ്റൊയാനോവിച്ചും ഒരുമിച്ചിറങ്ങി. എങ്കിലും ഇതൊന്നും ടീമിന്റെ പ്രകടനത്തില്‍ ദൃശ്യമായില്ല.
ആദ്യപകുതിയെ അപേക്ഷിച്ച് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തി.രണ്ടാംപകുതിയുടെ തുടക്കത്തില്‍ സ്‌റ്റൊയാനോവിച്ച് തുറന്ന അവസരം ബാറിന് മുകളിലൂടെ പറത്തിവിട്ടു. ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് ദുംഗല്‍ തൊടുത്ത ക്രോസ് സ്‌റ്റൊയാനോവിച്ചിന് പാകത്തിന് കിട്ടി. പക്ഷേ, ഈ മുന്നേറ്റക്കാരന്‍ ലക്ഷ്യംമറന്നു. അടുത്ത നിമിഷം പ്രശാന്തിന്റെ ക്രോസില്‍ പൊപ്ലാന്റ്റിക് കാല്‍വച്ചെങ്കിലും എടികെ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ തട്ടിയകറ്റി. ദുംഗലിന്റെ ഹെഡറര്‍ വലയയ്‌ക്കരികില്‍ കൊണ്ടു.
അവസരങ്ങള്‍ പിന്നെയും ഉണ്ടായെങ്കിലും കാര്യമുണ്ടായില്ല. സ്‌ട്രൈക്കര്‍മാര്‍ ലക്ഷ്യം മറന്നതാണ് തിരിച്ചടിയായത്. സഹലിന്റെ രണ്ട് ലോങ് റേഞ്ച് ഷോട്ടുകള്‍ ബാറിന് മുകളിലൂടെ പറന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ നടത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന്് കഴിഞ്ഞെങ്കിലും ഗോള്‍ വിട്ടുനിന്നു. മറുവശത്ത് എടികെയും തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ചു. എന്നാല്‍ മുന്നേറ്റത്തില്‍ ഒത്തൊരുമയില്ലാത്തത് അവര്‍ക്കും തിരിച്ചടിയായി. എന്നാല്‍ 85-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി ബ്ലാസ്‌റ്റേഴ്‌സ് വല കുലുങ്ങി. ബോക്‌സിന് തൊട്ടു പുറത്ത് നിന്ന് കിട്ടിയ ഫ്രീകിക്കില്‍ ബുദ്ധിപൂര്‍വമായ നീക്കം നടത്തിയ ഗാര്‍ഷ്യ നിലംപറ്റെയുള്ള ഷോട്ടുതിര്‍ത്തു.
ഉയര്‍ന്ന പന്ത് പ്രതീക്ഷിച്ച് ഉയരെ ചാടിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ കബളിപ്പിച്ച് പന്ത വലയുടെ വലത് മൂലയില്‍ വിശ്രമിച്ചു. ഒന്നു പകച്ചെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സും വലകുലുക്കി. ഗ്രൗണ്ടിന്റെ വലത് ഭാഗത്ത് നിന്ന് സിറില്‍ കാലി തൊടുത്ത ക്രോസ് ബോക്‌സിന് ഇടതുഭാഗത്തായി നിന്ന പോപ്ലാറ്റ്‌നിക്കിന്റെ തല ലക്ഷ്യമാക്കി തന്നെ വന്നു.
പൊപ്ലാന്റിക്കിന്റെ തലയില്‍ തട്ടിയ പന്ത് ജോണ്‍സന്റെ ദേഹത്ത് തട്ടിയശേഷം പന്ത് വലയില്‍ കയറിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി. തോല്‍ക്കാതെ രക്ഷപ്പെട്ടു എന്ന ആശ്വാസം. 13 കളികള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് 10 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുമ്പോള്‍ എടികെ 17 പോയിന്റുമായി ആറാം സ്ഥാനത്തും നില്‍ക്കുന്നു. 31ന് ദല്‍ഹി ഡൈനാമോസുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
















