ന്യൂദല്‍ഹി: ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനി.. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരുടെ കഥ കഴിച്ച, പരിക്കേറ്റ സഹപ്രവര്‍ത്തകനെ സുരക്ഷിതനാക്കാനുള്ള ശ്രമത്തിനിടെ വീരമൃത്യു വരിച്ച വീരനായകന്‍. ജനുവരില്‍ 26ന് രാജ്യം ലാന്‍സ് നായിക് അഹമ്മദ് വാനിക്ക് അശോകചക്രം നല്‍കി ആദരിക്കും.
രണ്ടു ഭീകരരെ ഇല്ലാതാക്കിയ, പരിക്കേറ്റ സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ സഹായിച്ച വാനി സൈന്യത്തിന്റെ മഹത്തായ പാരമ്പര്യമനുസരിച്ചുള്ള പരമമായ ത്യാഗമാണ് ചെയ്തത്. രാഷ്‌ട്രപതി ഭവനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
26ന് വാനിയുടെ ബന്ധുക്കള്‍ അശോകചക്ര ഏറ്റവാങ്ങുമ്പോള്‍ വാനി ധീര ജവാനായതിന്റെ അത്ഭുതകരമായ കഥ ലോകമറിയും.
ഒരിക്കല്‍ വാനി ഭീകരനായിരുന്നു, സൈന്യത്തിനും പോലീസിനും രാജ്യത്തിനും എതിരെ യുദ്ധം ചെയ്യുന്ന ഭീകരന്‍. ചോരയൊഴുക്കിയ ആ നാളുകളിലെ ചെയ്തികളുടെ വ്യര്‍ഥത വാനി പിന്നീടാണ് തിരിച്ചറിഞ്ഞത്. അതോടെ വാനിയുടെ മനസ് ആകെ മാറി. തോക്കു താഴെ വച്ച് കീഴടങ്ങി. യുവാക്കളുടെ മനംമാറ്റാനുള്ള ശ്രമം തുടങ്ങി.
പിന്നെ രാജ്യത്തിന്റെ, ജനങ്ങളുടെ ശാപമായി മാറിയ ഭീകരത തുടച്ചു നീക്കാനുള്ള പരിശ്രമം. അങ്ങനെ ടെറിട്ടോറിയില്‍ ആര്‍മിയില്‍ ചേര്‍ന്നു. പരിശീലനം പൂര്‍ത്തിയാക്കി 2004ല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ 162-ാം ബറ്റാലിയനില്‍ അംഗമായി.
2007-ല്‍ ധീരതക്കുള്ള സേനാ മെഡല്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വകവരുത്തി. അന്ന് ആറു ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വാനിക്ക് വെടിയേറ്റതും അന്ത്യശ്വാസം വലിച്ചതും. ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞു കൊണ്ടുവന്ന ഭൗതികശരീരം 21 ഗണ്‍ സല്യൂട്ടോടെയാണ് സംസ്‌കരിച്ചത്. കുല്‍ഗാമിലെ ചേക്കി അഷ്മൂജി ഗ്രാമത്തില്‍ നിന്നുള്ള 38 കാരനായ സൈനികന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവരാകും അശോക ചക്ര ഏറ്റുവാങ്ങുക.
















