ന്യൂദല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഫാറൂഖ് ദേവ്ദിവാല പാക്കിസ്ഥാനിലെ കറാച്ചിയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ അധികൃതരുമായി ദാവൂദിനെതിരെ ഗൂഢാലോചന നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് ദാവൂദിന്റെ വലംകൈയായ ഛോട്ടാ ഷക്കീലിന്റെ നിര്‍ദേശ പ്രകാരം കൊലപ്പെടുത്തിയെന്നാണ് നിഗമനം.
ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഉള്‍പ്പെടെ ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദേവ്ദിവാലയെ വിട്ടുകിട്ടാന്‍ ഇന്ത്യ അക്ഷീണ ശ്രമം നടത്തിയിരുന്നു. അതേസമയം പാക്പൗരനാണെന്ന് കാണിക്കുന്ന പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ ചമച്ച് പാക്കിസ്ഥാന്‍ ഇയാളെ കുറ്റവാളി കൈമാറ്റത്തിലൂടെ ദുബായിയില്‍ നിന്ന് തങ്ങളുടെ മണ്ണിലെത്തിക്കുകയായിരുന്നു.
ദുബായില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ദേവ്ദിവാല ദാവൂദിനെതിരെ ഗൂഢാലോചന നടത്തിയതായി ദൂതന്മാരാണ് ഷക്കീലിനെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷക്കീല്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു.
ജോഗേശ്വരി സ്വദേശിയായ ദേവ്ദിവാല ഏറെനാളായി ഇന്ത്യയിലെ ഭീകരവിരുദ്ധ സ്‌ക്വാഡുകളുടെ നിരീക്ഷണത്തിലായിരുന്നു. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളാണ് ദേവ്ദിവാല.
















