ന്യൂദല്‍ഹി: ബംഗാളില്‍ പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും നടത്താന്‍ ബിജെപിക്ക് അനുമതി നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും നിര്‍ദേശം നല്‍കി.
രഥയാത്രകള്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക പരിഹരിക്കുകയും പുതുക്കിയ തീയതികളും മറ്റും അറിയിക്കുകയും ചെയ്താല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രഥയാത്ര നടത്തുന്ന തീയതികള്‍ ബിജെപി സര്‍ക്കാരിന് നല്‍കണം. അത് സര്‍ക്കാര്‍ പരിഗണിക്കണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ക്രമസമാധാനപാലനം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന സര്‍ക്കാരിന്റെ ആശങ്ക ബിജെപി അകറ്റി നല്‍കണം. കോടതി വ്യക്തമാക്കി.
പ്രകടനങ്ങളും മറ്റും നടത്താന്‍ പാര്‍ട്ടികള്‍ക്കുള്ള അവകാശം ജനാധിപത്യപരമാണ്. അതിനാല്‍ രഥയാത്രയും മറ്റും നടത്താനുള്ള ബിജെപിയുടെ അപേക്ഷയില്‍ യഥാര്‍ഥ അന്തസത്ത ഉള്‍ക്കൊണ്ട് തീരുമാനം എടുക്കണം. കോടതി മമതക്ക് നിര്‍ദ്ദേശം നല്‍കി.
രഥയാത്ര മമത സര്‍ക്കാര്‍ തടഞ്ഞതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കല്‍ക്കത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് രഥയാത്ര നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇത് റദ്ദാക്കി. അതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
ഹൈക്കോടതി വിധി കാരണം ജനങ്ങളെ സമ്പര്‍ക്കം ചെയ്യാനുള്ള വലിയ പരിപാടിയുമായി മുന്നോട്ടു പോകാന്‍ ബിജെപിക്ക് കഴിയുന്നില്ലെന്ന് ഹര്‍ജിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ അന്തരീക്ഷം ചൂണ്ടിക്കാട്ടി ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി നാലു രഥയാത്രകള്‍ നടത്താനാണ് പദ്ധതിയിട്ടിരുന്നത്.
















