അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കുന്നു. കേരളം ഭരിച്ചിരുന്നവര്‍ അവകാശതര്‍ക്കവുമായി രംഗം കൊഴുപ്പിക്കുന്നതിനിടയിലാണ് ബിജെപി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടേയും സദ്ഭരണത്തിന്റേയും മാതൃകയായി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നത്. 1972ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി.കെ ദിവാകരനായിരുന്നു കൊല്ലം ബൈപ്പാസ് ആശയം മുന്നോട്ട് വെച്ചതും റൂട്ട് നിശ്ചയിച്ചതും. 45 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുത്തിട്ടു തന്നെ 30 വര്‍ഷം പിന്നിട്ടു. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വരേണ്ടി വന്നു. നാല് പതിറ്റാണ്ടായി കാണാനും കേള്‍ക്കാനും ആളില്ലാതിരുന്ന കൊല്ലം ബൈപ്പാസ് എന്ന ആശയത്തിന് ജീവന് വെച്ചത് അടല്‍ബിഹാരി വാജ്പേയി നേതൃത്വം നല്കിയ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. ഇതിന്റെ ആദ്യഘട്ടമായ മേവറം – അയത്തില്‍ – കല്ലുംതാഴം റോഡ് 1999ല്‍ വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പൂര്‍ത്തിയായത്.
ബാക്കി കല്ലുംതാഴം – കാവനാട് ആല്‍ത്തറമൂട് 8.3 കിലോ മീറ്റര്‍ റോഡ് പൂര്‍ത്തിയാക്കാന്‍ പിന്നീട്് 19 വര്‍ഷം. ഇതിനിടയില്‍ 10 വര്‍ഷം അധികാരത്തിലിരുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരോ കേരളം മാറിമാറി ഭരിച്ചവരോ വേണ്ടത്ര ഇച്ഛാശക്തി കാട്ടാതിരുന്നതായിരുന്നു കാരണം. വീണ്ടും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വരേണ്ടി വന്നു ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍. 2015 ഫെബ്രുവരി 11ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍മ്മാണോദ്ഘാടനം നടത്തി. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മണ്ണിന്റെ ലഭ്യതക്കുറവും പ്രളയവും മൂലം പൂര്‍ത്തിയാകാന്‍ 146 മാസം കൂടുതലെടുത്തെങ്കിലും, നടക്കില്ല എന്നു പറഞ്ഞ് എഴുതിത്തള്ളിയ പദ്ധതിയാണ് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്.
ബൈപ്പാസിന് മേല്‍ അവകാശവാദമുന്നയിച്ച് പതിവുപോലെ ഇടത്, വലത് നേതാക്കള്‍ വാക്കുതര്‍ക്കത്തിലാണ്. ലോക്സഭയിലും മറ്റും തങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ട് വാജ്പേയ് സര്‍ക്കാര്‍ നടപടി എടുത്തുവെന്നാണ് ഒരു കൂട്ടര് പറയുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇവരെവിടെയായിരുന്നു എന്ന് മാത്രം ചോദിക്കരുത്.
മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള ബൈപ്പാസ് പണി പൂര്ത്തിയായിട്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ രാജിവെച്ചത്. പിന്നീട് വന്ന സര്‍ക്കാരുകളും അവരുടെ പിണിയാളുകളായ കേരളത്തിലെയും കൊല്ലത്തെയും എംപിമാരും നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുംവരെ ഉറക്കത്തിലായിരുന്നു. ഒരു പതിറ്റാണ്ട് കേന്ദ്രം വാണ യുപിഎ സര്‍ക്കാരില്‍ എട്ട് കേന്ദ്രമന്ത്രിമാരാണ് കേരളത്തില്‍ നിന്നുണ്ടായിരുന്നത്. എന്നിട്ടും ബൈപ്പാസ് നിര്‍മ്മാണം ഒരിഞ്ചു മുന്നോട്ട് നീങ്ങിയില്ല.
മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്താകെ റോഡ് വികസനത്തില്‍ നടത്തിയ മുന്നേറ്റത്തിന്റെ ഭാഗമായി ബൈപ്പാസ് പൂര്‍ത്തിയായതോടെ മണ്ണടിക്കുന്നതുമുതലുള്ള വിഷയങ്ങളില്‍ പണി തടസ്സപ്പെടുത്താന്‍ കൊടി പിടിച്ചവരടക്കം ഇപ്പോള്‍ അവകാശവാദവുമായി രംഗത്തിറങ്ങിയിരിക്കുന്നു.
ബൈപാസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയെകൊണ്ട് ചെയ്യിച്ച് സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്താനുള്ള അല്പത്ത നീക്കവും ഉണ്ടായി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ വിജയിച്ച തന്ത്രം ഇവിടെ ഫലിച്ചില്ല. പാരവെച്ചത് സ്ഥലം എംപിയോ ബിജെപിയോ എന്നു കവടി നിരത്തുകയാണ് ഇപ്പോള്‍ സിപിഎം. ഏതായാലും ബിജെപി വിരുദ്ധന്മാരുടെ മുന്നണികള്‍ മാറി മാറിയും ഒരുമിച്ചും ഭരിച്ചിട്ടും നടക്കാത്ത പ്രവൃത്തി വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേന്ദ്ര സര്‍ക്കാരിനെ നാട്ടുകാര്‍ അഭിനന്ദിക്കും എന്നതില്‍ തര്‍ക്കമില്ല. മോദി സര്‍ക്കാര്‍ എന്തു വികസനം നടത്തി എന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഉളുപ്പില്ലാതെ ചോദിക്കുന്നവരെ ചൂണ്ടിക്കാണിക്കാന്‍ ഉള്ള ഒന്നുകൂടിയാണ് കൊല്ലം ബൈപ്പാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: