വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യക്കു വിട്ടു കിട്ടാന്‍ വൈകും. 2008 നവംബര്‍ 26ന് മുംബൈയില്‍ ആക്രമണം നടത്താന്‍ ഭീകരരെ സഹായിച്ച ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അടുത്ത പങ്കാളിയായിരുന്നു തഹാവുര്‍. അമേരിക്കയില്‍ 2009ല്‍ അറസ്റ്റിലായ തഹാവുറിനെ യുഎസ് കോടതി പതിനാലു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാവും വരെ കാത്തിരിക്കാനാണ് യുഎസ് അധികൃതര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കയില്‍ ശിക്ഷ അനുഭവിച്ചതിനു ശേഷം 2023ല്‍ ഇന്ത്യക്കു വിട്ടു തരുന്നതിനെക്കുറിച്ച് ആലോചിക്കാം എന്ന സൂചനയാണ് അമേരിക്ക നല്‍കുന്നത്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലെത്തി തഹാവുറെ വിട്ടുകിട്ടുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പാക്കിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയ്‌ക്ക് സഹായങ്ങള്‍ നല്‍കിയ ഡേവിഡ് കോള്‍മാനും അമേരിക്കയില്‍ ജയിലിലാണ്. ഭീകരര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈയില്‍ എത്തിയ ഡേവിഡ് കോള്‍മാന് താമസമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് ചിക്കാഗോയില്‍ ബിസിനസുകാരനായിരുന്ന തഹാവുര്‍ റാണയാണ്. ഇരുവരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലഷ്‌കര്‍ മുംബൈയില്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. ഒരു കേസില്‍ രണ്ട് ശിക്ഷ പാടില്ലെന്ന അമേരിക്കയിലെ നിയമവും തഹാവുറിനെ വിട്ടുകിട്ടുന്നതില്‍ തടസ്സമായേക്കാമെന്നാണ് സൂചന. അങ്ങിനെ വന്നാല്‍ നാഷണല്‍ ഡിഫന്‍സ് കോളേജിലടക്കം ആക്രണങ്ങള്‍ക്ക് പദ്ധതിയിട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന് തഹാവുറിനെ വിട്ടുകിട്ടണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടേക്കും.
















