ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുനാമി ഭീതി ഒഴിയുന്നില്ല. അഗ്‌നിപര്‍വ്വതം അനക് ക്രാക്കത്തോവയില്‍ നിന്ന് ഇന്നലെയും പുകയും ചാരവും പുറത്തുവന്നതാണ് ആശങ്കക്കിടയാക്കുന്നത്. ഇതുവരെ 281 പേര്‍ മരിച്ചെന്നും 800 ലധികം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക കണക്ക്. നിരവധി പേരെ കാണാതായിട്ടുമുണ്ട്.
വീണ്ടുമൊരു സുനാമി കൂടി വരാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ തീരം വിട്ടുപോകാന്‍ അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി അഗ്‌നിപര്‍വ്വതത്തിലുണ്ടായ പൊട്ടിത്തെറിയാണ് സുനാമിക്ക് കാരണമെന്നാണ് നിഗമനം. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ക്രാര്‍ക്കത്തോവ അഗ്‌നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മാറ്റങ്ങള്‍ സുനാമിക്ക് വഴിവച്ചെന്നാണ് ഇപ്പോഴത്തെ നിഗമനം. ബാന്റണ്‍ പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവും ബാധിച്ചത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലെത്തിയ തിരമാലകള്‍ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസമസ് ആഘോഷങ്ങള്‍ക്കുള്‍പ്പെടെ ബീച്ചുകളില്‍ ഒത്തുകൂടിയവരാണ് സുനാമിയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.
















