ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുന്‍ദ കടലിടുക്കിന് സമീപം അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 222 പേര്‍ മരിച്ചു. എണ്ണൂറിലേറെ പേര്‍ക്ക് പരിക്ക്. നിരവധി പേരെ കാണാതായി. മരണസംഖ്യ കൂടാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വീടുകളും ഹോട്ടലുകളുമുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ രാക്ഷസ തിരമാലകള്‍ തുടച്ചെടുത്തു. തെക്കന്‍ സുമാത്രയ്‌ക്കും ജാവയ്‌ക്കുമിടയിലെ കടല്‍ത്തീരത്താണ് നാശനഷ്ടങ്ങളേറെയും. പശ്ചിമ ജാവയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കാര്‍ട്ടിയാ ബീച്ച് സുനാമി ഒഴുക്കിക്കൊണ്ടു വന്ന അവശിഷ്ടങ്ങളാല്‍ മൂടിപ്പോയി.
സുനാമിയും ഭൂകമ്പവും അഗ്നിപര്‍വത സ്‌ഫോടനങ്ങളും തുടര്‍ക്കഥയാകുന്ന ഇന്തോനേഷ്യയില്‍ ശനിയാഴ്ച രാത്രിയാണ് ജനങ്ങളെ പരിഭ്രാന്തരാക്കി വീണ്ടമൊരു ദുരന്തമെത്തിയത്. ജാവയ്‌ക്കും സുമാത്രയ്‌ക്കുമിടയിലെ സുന്‍ദാ കടലിടുക്കിന് സമീപത്തെ സജീവ അഗ്നിപര്‍വതമായ അനാക് ക്രാക്കതോവ വൈകിട്ട് പൊട്ടിത്തെറിച്ചു. ഇതിന്റെ ഫലമായി രാത്രി ഒമ്പതിന് സുനാമിയുമെത്തി. വേലിയേറ്റത്തെ തുടര്‍ന്നുള്ള തിരമാലകളാണ് ആഞ്ഞടിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച ഔദ്യോഗിക വിശദീകരണം. എന്നാല്‍, അനാക് ക്രാക്കതോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
















