രാഷ്ട്രീയ മുഷ്ക്കിന്റെയും അധികാര ധാര്‍ഷ്ട്യത്തിന്റെയും പ്രതിബിംബമായ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിക്കുകയും അതുവഴി അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെയും അയ്യപ്പ ഭക്തരെ നേരിടുന്നതിന്റെയും ഭാഗമായി ജനുവരി ഒന്നിന് നിര്‍മിക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കുന്നതിനെക്കുറിച്ച് യാതൊരു മടിയുമില്ലാതെയാണ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വനിതാ മതിലിനായി സര്‍ക്കാരിന്റെ അഞ്ച് പൈസപോലും ചെലവഴിക്കില്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും പ്രസ്താവനകള്‍ ശുദ്ധ നുണയാണെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമാണ്. വനിതാ മതിലിനായി സര്‍ക്കാര്‍ 50 കോടി ചെലവഴിക്കുമെന്ന് ഹൈക്കോടതിയില്‍ പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനകമാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇരട്ടനാവ് കമ്യൂണിസ്റ്റുകള്‍ക്ക് സഹജമാണല്ലോ. സത്യത്തോട് അവര്‍ക്ക് കുടിപ്പകയുമാണ്.
വനിതാശാക്തീകരണ പദ്ധതികള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുമായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഈ തുക ശാക്തീകരണത്തിന്റെ ഭാഗമായ വനിതാ മതിലിനായി ചെലവഴിക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ടും സംവിധാനങ്ങളും വിനിയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി. ബിനു നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഈ വിശദീകരണം കണക്കിലെടുത്ത് വനിതാ മതിലിന് എത്ര തുക ചെലവാക്കിയെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള തുക ലാപ്സാവുമെങ്കില്‍ പ്രളയം പോലുള്ള അടിയന്തരാവശ്യങ്ങള്‍ക്ക് അത് റീഅലോക്കേറ്റ് ചെയ്യാനാവില്ലേയെന്നും കോടതി ചോദിക്കുകയുണ്ടായി.
കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പാടേ നിഷേധിക്കുകയാണ് മുഖ്യമന്ത്രി. നിയമസഭയില്‍ അവകാശലംഘനം നേരിടേണ്ടിവരുമെന്നതിനാലാവാം ഇത്. എന്നാല്‍ കോടതിയലക്ഷ്യമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയതാല്പര്യമനുസരിച്ച് എന്തും പറയാവുന്ന ഇടമല്ല കോടതി. പാര്‍ട്ടി പരിപാടിയായി മാറിക്കൊണ്ടിരിക്കുന്ന വനിതാ മതില് നിര്‍മിക്കാന്‍ പണം വേണമെന്നുറപ്പാണ്. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെങ്കില്‍ മറ്റാരാണ് അതിന്റെ ചെലവ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് തന്നെയാവും ഈ മതില് കെട്ടുകയെന്ന് വ്യക്തമാണ്. തുക ചെലവഴിച്ചശേഷം എന്തെങ്കിലുമൊക്കെ പറഞ്ഞ് ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാമെന്നാവും മുഖ്യമന്ത്രി കരുതുന്നത്. ഇങ്ങനെ ചെയ്ത ശീലവുമുണ്ട്. നവോത്ഥാന മതിലെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് സ്ത്രീശാക്തീകരണ മതിലായി. ഇപ്പോള്‍ വീണ്ടും മലക്കംമറിഞ്ഞിരിക്കുന്നു. ചെയ്യുന്നത് തെറ്റാണെന്ന് വരുമ്പോഴാണ് ഈ ഉരുണ്ടുകളികള്‍. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഉചിത സമയത്ത് അവര്‍ പ്രതികരിക്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: