ബീജിങ്: മുസ്ലിങ്ങളെ ദേശീയ ധാരയില്‍ എത്തിക്കാന്‍ ചൈന ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് ആഗോള തലത്തില്‍ പ്രതിഷേധം ഉയരുന്നു. സിന്‍ജിയാങ് പ്രവിശ്യയിലെ പട്ടിണി അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം എന്ന വിശേഷണത്തോടെ ഇവിടെ നിന്നുള്ള ഒരു ലക്ഷത്തില്‍പ്പരം മുസ്ലിങ്ങളെ പ്രത്യേക കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. മുപ്പതോളം സ്‌കൂളുകളും നിരവധി ഡോര്‍മെട്രികളും വര്‍ക്ക്‌ഷോപ്പുകളും അടങ്ങുന്ന കേന്ദ്രമാണിത്.
സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള മുസ്ലിങ്ങളെ കുടുംബത്തോടെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നെന്നാണ് ഇവരുടെ വിദേശത്തുള്ള ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, ഏറെക്കാലമായി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്നാണ് ചൈനീസ് കമ്യൂണിസറ്റ് പാര്‍ട്ടി വക്താവ് വിശദീകരിക്കുന്നത്. ന്യൂനപക്ഷങ്ങളെ ആധുനിക സംസ്‌കാരത്തിനനുസരിച്ചു ജീവിക്കാന്‍ പ്രാപ്തരാക്കാനുള്ള പരിശീലനം എന്നാണ് ചൈനീസ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
കനത്ത കാവലാണ് ഇത്തരം കേന്ദ്രങ്ങളില്‍. നിരീക്ഷണത്തിന് നൂറുകണക്കിനു ക്യാമറകള്‍. ഇവിടെ പാര്‍പ്പിച്ചിരിക്കുന്നവരെക്കൊണ്ട് കൂലി പോലും കൊടുക്കാതെ പണിയെടുപ്പിക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. സൗജന്യ വൊക്കേഷണല്‍ പരിശീലന കേന്ദ്രങ്ങളിലേക്ക് എത്തണമെന്ന അറിയിപ്പിനു ശേഷമാണ് ഉയിഘുര്‍, കസാഖ് വംശങ്ങളില്‍പ്പെട്ട മുസ്ലീങ്ങളെ ഇത്തരം കേന്ദ്രങ്ങളിലെത്തിച്ചത്.
വിദേശങ്ങളിലേക്ക് അയയ്‌ക്കുന്ന ചില കയറ്റുമതി ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഈ കേന്ദ്രങ്ങളില്‍ തടവിലാക്കിയവരെ നിയോഗിച്ചിരിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.
ഹോട്ടാനില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ അമേരിക്കയിലേക്കുള്ള തുണിത്തരങ്ങളാണ് നിര്‍മിച്ചത്. ഇവിടെ നിന്ന് അമേരിക്കയിലേക്കു കപ്പലിലാണ് ഈ തുണിത്തരങ്ങള്‍ അയച്ചത്.
ഈ ക്യാമ്പുകളില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ആണ് പുറത്തു വിട്ടത്. ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ചില ബന്ധുക്കളുടെ പ്രതികരണങ്ങളും ഈ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
















