ന്യൂയോര്‍ക്ക്: സൗരയൂഥത്തിലെ രണ്ടാമത്ത വലിയ ഗ്രഹമായ ശനിക്ക് മോതിരവലയങ്ങളുടെ മോടി നഷ്ടപ്പെട്ടു തുടങ്ങുന്നു. മനോഹരമായ വലയങ്ങളാണ് ശനിയെ സൗരയൂഥത്തില്‍ വ്യത്യസ്തനാക്കുന്നതും. എന്നാല്‍ ശനിയെ ശനി ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് അമേരിക്കയുടെ ദേശീയ ബഹിരാകാശ സംഘടനയായ നാസ കണ്ടെത്തിയിരിക്കുന്നത്.
ശനിയുടെ മോതിര വലയങ്ങള്‍ മഞ്ഞുമഴയായി പെയ്ത് സൗരയൂഥപഥത്തില്‍ അലിയുന്നു എന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. അടുത്തെങ്ങും പേടി വേണ്ട, എന്നാല്‍ നൂറു മില്യണ്‍ വര്‍ഷങ്ങള്‍ക്കപ്പുറം ശനിക്ക് എല്ലാ വലയങ്ങളും നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
നാസയിലെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലാണ് ശനിയെക്കുറിച്ചുള്ള പഠനം പുരോഗമിക്കുന്നത്. പഠനത്തിനു നേതൃത്വം നല്‍കുന്ന ജയിംസ് ഒ ഡൊണോഘ് വളരെ കൗതുകമുള്ള വസ്തുതകളാണ് പങ്കുവെയ്‌ക്കുന്നത്. ശനിയെ വലയങ്ങള്‍ അലിയുന്നതിന് മോതിര മഴ എന്നു പേരു നല്‍കിക്കഴിഞ്ഞു നാസ. ഇങ്ങനെ പെയ്യുമ്പോള്‍ എത്രമാത്രം ജലാംശ രൂപപ്പെടുന്നു എന്നു ചോദിച്ചാല്‍, ഒളിംപിക്‌സ് മത്സരത്തിനുള്ള സ്വിമ്മിങ് പൂള്‍ നിറയാന്‍ ശനിയുടെ മോതിരങ്ങളില്‍ നിന്ന് അരമണിക്കൂറില്‍ അലിഞ്ഞുവീഴുന്ന വെള്ളം മതി എന്നാണ് ജയിംസിന്റെ മറുപടി.
ശനിയുടെ മോതിരവലയങ്ങളെക്കുറിച്ചു പഠനം ആരംഭിച്ചിട്ടു നാളേറെയായി. എന്നാല്‍ ഇപ്പോഴും അതെങ്ങനെ രൂപപ്പെട്ടു എന്നതിനു കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയുന്നില്ല ശാസ്ത്ര ലോകത്തിന്. ഈ വലയങ്ങളാണോ ശനിയെ രൂപപ്പെടുത്തിയത് അതോ രൂപമെടുത്തിനു ശേഷം വലയങ്ങള്‍ ശനിക്കു ചുറ്റും വന്നു ചേര്‍ന്നതോ എന്ന രണ്ടു കാര്യങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. നാസയുടെ പുതിയ പഠനം വിരല്‍ചൂണ്ടുന്നത് രണ്ടാമത്തെ സാധ്യതയിലേക്കാണ്.
ശനിയുടെ മനോഹരമായ വലയങ്ങള്‍ കാണാന്‍ ഭാഗ്യമുള്ളവരാണ് നമ്മള്‍ എന്നാണ് ജയിംസ് ഇതെക്കുറിച്ചു പറയുന്നത്. ജൂപ്പിറ്റര്‍, നെപ്ട്യൂണ്‍, യുറാനസ് എന്നിവയുടെ വലയങ്ങള്‍ ഇപ്പോള്‍ നേര്‍ത്തു തുടങ്ങിയിരിക്കുന്നു. ശനിയും ആ വഴിക്കാണ്, ജയിംസ് വിശദീകരിച്ചു.
















