മുംബൈ : ബാങ്കില്‍ നിന്ന് വായ്‌പയെടുത്ത മുങ്ങിയ നീരവ് മോദിക്കെതിരെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡിആര്‍ടി) നോട്ടീസയച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത വായ്‌പ 6800 കോടി പലിശയടക്കം തിരിച്ചുപിടിക്കുന്നതിനായി അധികൃതര്‍ ഡിആര്‍ടിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
നിലവില്‍ 7029 കോടിയാണ് നീരവ് മോദി തിരിച്ചു നല്‍കേണ്ടത്. 2019 ജനുവരി 15നകം മറുപടി നല്‍കിയില്ലെങ്കില്‍ ബാങ്കിന്റെ താത്പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് കാണിച്ചാണ് ഡിആര്‍ടി നോട്ടീസയച്ചിരിക്കുന്നത്. 7000 കോടിയോളം നീരവിന്റെ വസ്തുവകകളില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് കാണിച്ച് ഇയാളുടെ കമ്പനിക്കും കുടുംബാംഗങ്ങള്‍ക്കും ഡിആര്‍ടി കത്തയച്ചിട്ടുണ്ട്.
നീരവ് മോദിയുടേയും കമ്പനിയുടേയും, കുടുംബാംഗങ്ങളുടേയും സ്വത്തുക്കളും കൈമാറ്റം ചെയ്യുന്നതിനും മറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ഡിആര്‍ടി വിലക്ക് ഏര്‍പ്പെടുത്തുന്നതായും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്. നീരവിന്റെ ഭാര്യ ആമി, മക്കശായ രോഹിന്‍, അനന്യ, അപഷ, സഹോദരങ്ങളായ നേഹല്‍ ദീപക് മോദി, മീശല്‍ ദീപക് മോദി, ദീപക് കേശവ്‌ലാല്‍ മോദി, സഹോദരി പുരവി മായങ്ക് മേഹ്ത, എന്നിവര്‍ക്കാണ് ഡിആര്‍ടി നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ക്കും നീരവിനും പങ്കാളിത്തമുള്ള ഒമ്പത് കമ്പനികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നീരവ് ബാങ്കില്‍ നിന്നും വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ഫെബ്രുവരിയിലാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വാര്‍ത്ത പുറത്തുവിട്ടത്.
















