കേരളം കറുത്ത അധ്യായത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യവും പൗരാവകാശവും മൗലികാവാകാശവും കേരളത്തിലിന്ന് കുഴിച്ചുമൂടുകയാണ്. ഈ വിഷയങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ പത്രമാധ്യമങ്ങളെ കൂച്ചുവിലങ്ങിലാക്കുകയും ചെയ്യുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാധ്യമനിയന്ത്രണങ്ങള്‍.
എല്ലാം സ്വേച്ഛാധിപതികളും സ്വീകരിച്ചുപോന്ന സമീപനങ്ങളാണ് കേരള ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മും ആവര്‍ത്തിക്കുന്നത്. സ്വതന്ത്രമായി വാര്‍ത്തകള്‍ നല്‍കുന്നതിനും സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയതാണ്. അത് ഏറ്റവും പാരമ്യതയിലെത്തിച്ചിരിക്കുകയാണ്. എല്ലാ ഏകാധിപതികളും സ്വേച്ഛാഭരണാധികാരികളും അനുവര്‍ത്തിച്ച രീതിയാണ് പിണറായി വിജയനും സ്വീകരിച്ചിരിക്കുന്നത്.
അരനൂറ്റാണ്ടായി കേരളം സ്വീകരിച്ചുപോന്ന ജനാധിപത്യപത്യപരമായ മൂല്യങ്ങളുണ്ട്. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയും തീരുമാനങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം. സി.അച്യുതമേനോന് തുടങ്ങിവച്ച ആ കീഴ്വഴക്കം ലംഘിക്കാന്‍ കെ. കരുണാകരനോ ഇ.കെ. നായനാരോ വി.എസ്. അച്യുതാനന്ദനോ ഉമ്മന്‍ ചാണ്ടിയോ എ.കെ. ആന്റണിയോ തയ്യാറായിട്ടില്ല. എന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ ആ കീഴ്വഴക്കം കീഴ്മേല്‍ മറിഞ്ഞു.
മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ചു. തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി നല്‍കുമെന്ന് നിശ്ചയിച്ചു. അത് ഏറെ വൈകാതെ ഉപേക്ഷിച്ചു. സര്‍ക്കാറിന് താല്പര്യമുള്ള വിഷയം മാത്രം അറിയിക്കും. അല്ലാത്തവ വിവരാവകാശനിയമപ്രകാരം നല്‍കാനും നിശ്ചയിച്ചു. അതും പിന്നോട്ടടിച്ചു. ഇപ്പോള്‍ സൗകര്യമുള്ള വിഷയങ്ങള്‍ സൗകര്യമുള്ളപ്പോള്‍ അറിയിക്കുമെന്ന നിലപാടാണ് സര്‍ക്കാറിന്. ഏറ്റവും ഒടുവില്‍ സ്ഥിതിയാകെ മാറി.
അടിയന്തരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുംവിധം മാധ്യമങ്ങളെ അകറ്റിനിര്‍ത്തുകയും നിയന്ത്രിക്കുകയുമാണ് സര്‍ക്കാര്‍. അതിനായി സര്‍ക്കാരിന്റെ പൊതു സമ്പന്നര്ക്ക ഭരണ വകുപ്പിനെ അധികാരപ്പെടുത്തുകയാണ്. മന്ത്രിമാരെ കാണാനോ ചോദ്യം ചോദിക്കാനോ വിവരങ്ങള്‍ ആരായാനോ മാധ്യമങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സ്വാതന്ത്ര്യമില്ല. സര്‍ക്കാരിന്റെ ഒരു വകുപ്പായ പിആര്‍ഡിയുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോ അനുഭവമോ ഇല്ലാത്ത ചോദ്യങ്ങള്‍ പാടില്ല. ഇതുതന്നെയാണ് സര്‍വാധിപതിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭരണത്തിലും ഭാരതം കണ്ടത്.
അന്ന് കുനിയാന്‍ ഭരണകൂടം കല്പിച്ചപ്പോള് ഇഴഞ്ഞുനീങ്ങിയ മാധ്യമങ്ങളെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്ന് അതിനേക്കാള്‍ ദയനീയമാണ് അവസ്ഥ. സര്‍ക്കാരിന്റെ മാധ്യമ നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു മാധ്യമവും തയ്യാറായിട്ടില്ല. മാധ്യമസ്ഥാതന്ത്ര്യവും ആവിഷ്കാര അവകാശവും സംബന്ധിച്ച് ഏറെ വാചാലമായിരിക്കുന്ന സിപിഎമ്മോ അതിന്റെ പോഷകസംഘടനകളോ ഇത് കൈവിട്ട കളിയെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനധികം മാധ്യമസ്വാതന്ത്ര്യം അപകടാവസ്ഥയിലാകുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന പത്രപ്രവര്‍ത്തക യൂണിയനും വാചാലമായ മൗനത്തിലാണ്. കേന്ദ്ര സര്‍ക്കാരിനെ സസൂക്ഷ്മം നിരീക്ഷിക്കുന്ന മാധ്യമ മുതലാളിമാരും അര്ത്ഥഗര്ഭമാക്കുന്ന മൗനത്തിലാണ്. ഇത് അപകടകരമായ സാഹചര്യമെന്ന് പറയാതിരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: