കോഴിക്കോട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീന്‍(22)നെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സി. സുരേഷ് കുമാറാണ് വിധി പ്രഖ്യാപിച്ചത്.
എസ്ഡിപിഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍ ഒന്നാം പ്രതിയും കൊല്ലിയില്‍ അന്ത്രു രണ്ടാം പ്രതിയുമാണ്. കേസില്‍ ആകെ ഏഴ് പ്രതികളാണുണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2016 ജുലൈ 15നാണ് കേസിനാസ്പദമായ സംഭവം.
വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുല്‍ റൗഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സി.കെ. ശ്രീധരനാണ് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അഡ്വ. പി.കെ. ചന്ദ്രശേഖരനും ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. രാജു അഗസ്റ്റ്യന്‍, അഡ്വ. റഫീഖ് എന്നിവര്‍ ഹാജരായി.
















