നിവൃത്തിയില്ലാതെ പി.കെ. ശശി എംഎല്‍എക്കെതിരെ സിപിഎം നടപടിയെടുത്തു. കമ്മ്യൂണിസ്റ്റ് ആരോഗ്യം പരിരക്ഷിക്കാന്‍ ആറുമാസത്തെ നില്ലിരിക്ക! ഈ കാലയളവില്‍ അദ്ദേഹത്തിന് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന കഷായംകൂടി ഒഴിച്ചാല്‍ ശേഷിച്ചതൊക്കെ കായകല്പ ചികിത്സയ്ക്ക് തുല്യം. ചികിത്സയ്ക്കുശേഷം കമ്മ്യൂണിസ്റ്റ് ആരോഗ്യം വീണ്ടെടുത്ത് തന്റെ ‘കലാപരിപാടി’കള്‍ നിര്‍ബാധം തുടരാം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയ്ക്കെതിരെ നീചമായ കൈയേറ്റം നടത്തിയ ആളെ തലോടി ലാളിക്കുന്ന ഒരു ‘സുഖശിക്ഷ’ നടപടിയാണ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായത്.
ആചാരശുദ്ധിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്താന്‍ തയ്യാറാകാത്ത ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുപോകാന്‍ അമിതോത്സാഹത്തോടെ രംഗത്തിറങ്ങിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും അവരുടെ വൈതാളികരും എങ്ങനെയാണ് സ്ത്രീസംരക്ഷണം നടപ്പാക്കുന്നതെന്നതിന്റെ നേര്‍കാഴ്ചയാണ് പി.കെ. ശശി എംഎല്‍എയെ ആദരിക്കുന്നതിലൂടെ അനാവൃതമാകുന്നത്. ഒട്ടേറെ ലൈംഗീകാപവാദങ്ങള്ക്ക് വശംവദരായവര്‍ ഈ പാര്‍ട്ടിയില്‍ ഇപ്പോഴും വര്‍ദ്ധിതവീര്യത്തോടെ ആര്‍ത്തട്ടഹാസം മുഴക്കി നടക്കുന്നതെന്തുകൊണ്ട് എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ അവസരമുണ്ടായിരിക്കുന്നു.
പ്രഥമദൃഷ്ട്യാതന്നെ കുറ്റം കണ്ടെത്തി കഴിഞ്ഞിട്ടും അത് വിഭാഗീയതയുടെ വഴിയിലേക്ക് കൊണ്ടുപോകാനായിരുന്നു പാര്‍ട്ടിക്ക് താല്‍പ്പര്യം. പി.കെ. ശശിക്കെതിരെ കടുത്ത നടപടിയിലേക്ക് തിരിഞ്ഞാല്‍ ഒരുപാടു ശശിമാര്‍ പ്രശ്നങ്ങളുമായി പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുമെന്ന തിരിച്ചറിവാണ് ഒരു തലോടലില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് ആരോഗ്യം അനുദിനം കാന്സര്ബാധയേറ്റ് ക്ഷയിക്കുമ്പോള്‍ കായകല്‍പ്പ ചികിത്സയുടെ ഭാഗമായി നില്ലിരിക്ക ആചരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇത് വനിതാശാക്തീകരണത്തിനുവേണ്ടിയോ വനിതാ അപമാനത്തിനുവേണ്ടിയോ എന്ന വലിയ ചോദ്യമാണ് പാര്‍ട്ടിയെ തുറിച്ചുനോക്കുന്നത്.
സന്ദര്‍ഭമനുസരിച്ച് നിറം മാറുന്ന തരത്തിലേക്ക് സിപിഎം അധഃപതിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ സമൂഹത്തിനു മുന്നിലുണ്ട്. അതിലേക്കുള്ള ഏറ്റവും പുതിയ സംഭവവികാസമാണ് പി.കെ. ശശി പ്രശ്നം. പി.ടി. ചാക്കോ മുതല്‍ തുടങ്ങിയ സ്ത്രീവിഷയ സംഭവം ഇപ്പോഴും സജീവമായി മാറിയിരിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ കൂടുതല്‍ പരിക്കേറ്റ ഒരു പാര്‍ട്ടിയായി സിപിഎം മാറി എന്നതില്‍ അവര്‍ക്കഭിമാനിക്കാം. ഒളിവുജീവിതത്തിലെ ‘ഇടപെടലുകള്‍’ ഇന്നും സുവ്യക്തമായ തെളിവുമായി പാര്‍ട്ടിയെ നോക്കി കൊഞ്ഞനംകുത്തുന്നുമുണ്ടല്ലോ. പുതിയ ജീവിതരീതിയും പുതിയ നിലപാടുകളും പാര്‍ട്ടിയുടെ ദൈനംദിന ജീവിതത്തില്‍ നിരന്തര മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൈദ്ധാന്തികന്മാര്‍ക്ക് വാദിച്ചുജയിക്കാം. അപ്പോഴും പീഡിപ്പിക്കപ്പെട്ടവരുടെ രോദനം പാര്‍ട്ടിയുടെ ഉള്ളുപൊള്ളിച്ചുകൊണ്ടിരിക്കും. ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല’ എന്ന് നേതൃമ്മന്യന്മാര്‍ അവകാശപ്പെടുന്നതും ഇതുകൊണ്ടാവാം.
മാതൃകാ വ്യക്തിത്വങ്ങളായി കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ കൂട്ടത്തില്‍ പി.കെ. ശശിയുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യ ശ്രീമാന്മാരെ പ്രതിഷ്ഠിക്കുകയെന്നതത്രെ നടപ്പുരീതി. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്ന് ആചാര്യന് പറഞ്ഞുവെച്ചതിനാല്‍ പീഡകന്മാര്‍ക്ക് സുവര്ണകാലമെന്നേ പറയാനാവൂ. ഏതായാലും പാര്‍ട്ടിയുടെ സ്ത്രീശാക്തീകരണത്തിലേക്കുള്ള യാത്രയുടെയും ക്യാപ്റ്റന്‍ പി.കെ. ശശി തന്നെയാവട്ടെ എന്നാണ് പാര്‍ട്ടിക്കാരും സാധാരണക്കാരും മുറുമുറുക്കുന്നത്. എന്തും വളച്ചൊടിച്ച് ശീലമുള്ള സിപിഎമ്മിന് ഇതൊന്നും ഒരു പ്രശ്നമാവാന്‍ ഇടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: