പസദേന: ആറു മാസം നീണ്ട ഏകാന്ത യാത്ര, സഞ്ചരിച്ചത് 3,000 ലക്ഷം മൈല്‍. ഒടുവില്‍ ആകാംക്ഷയ്‌ക്കും ആശങ്കയ്‌ക്കും വിരാമമിട്ട് ഇന്‍സൈറ്റ് സുരക്ഷിതമായി ഇറങ്ങി, ചുവന്ന ഗ്രഹമെന്ന വിളിപ്പേരുള്ള ചൊവ്വയുടെ പ്രതലത്തില്‍. എത്തിയയുടന്‍ ഇന്‍സൈറ്റ് ജോലിയുമാരംഭിച്ചു.
ആദ്യം ചെയ്തത് ഞാന്‍ ജീവനോടെ, ആരോഗ്യത്തോടെ എത്തിയെന്ന് അറിയിക്കാന്‍ നാസ കേന്ദ്രത്തിലേക്ക് ഒരു ബീപ് ശബ്ദം അറിയിച്ചു. പിന്നാലെ ചൊവ്വ ഉപഗ്രഹത്തിന്റെ അതിമനോഹര ചിത്രം, അതും സെല്‍ഫി. അല്‍പ്പം കഴിഞ്ഞ് ചൊവ്വയുടെ കൂടുതല്‍ ചിത്രങ്ങളും.
നാസയുടെ ചൊവ്വാ ദൗത്യമാണ് ഇന്‍സൈറ്റ്. ചൊവ്വയെപ്പറ്റി വിപുലമായും വിശദമായും പഠിക്കാന്‍ അയച്ച ചെറു ബഹിരാകാശ വാഹനം. വൈക്കിങ്ങ് പേടകം അയച്ച ശേഷം ഇത് ഒന്‍പതാം തവണയാണ് നാസ ചൊവ്വയിലേക്ക് റോവറുകള്‍ അയയ്‌ക്കുന്നത്. ഒരു ശ്രമം പരാജയപ്പെട്ടു. ബാക്കി എട്ടും വലിയ വിജയം. എട്ടാമനാണ് ഇന്നലെ എത്തിയ ഇന്‍സൈറ്റ്.
കഴിഞ്ഞ രാത്രി ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയത്. ബീപ് സിഗ്നല്‍ എത്തിയതോടെ ഇന്‍സൈറ്റിലെ സൗരോര്‍ജ്ജ പാനലുകള്‍ എല്ലാം കൃത്യമായി വിടര്‍ന്നുവെന്നും സൂര്യപ്രകാരം ലഭിക്കുന്നെന്നും വ്യക്തമായി. എല്ലാ ദിവസവും ചെറു ബഹിരാകാശ പേടകം ചാര്‍ജ് ചെയ്യാമെന്നും ഉറപ്പായി.
രണ്ടോ മൂന്നോ മാസമെടുത്താകും ഇന്‍സൈറ്റ് ചൊവ്വ പര്യവേക്ഷണത്തിനു വേണ്ട ഉപകരണങ്ങള്‍ എടുത്ത് പുറത്ത് മണ്ണില്‍ വയ്‌ക്കുക. ആദ്യം എത്തിച്ചേര്‍ന്ന സ്ഥലത്തിരുന്ന് യന്ത്രക്കൈ നീട്ടി ചൊവ്വയുടെ പ്രതലം പഠിക്കും.
2018 മെയ് അഞ്ചിനാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. 2012ല്‍ ക്യൂരിയോസിറ്റി എന്ന റോവര്‍ ചൊവ്വയില്‍ ഇറങ്ങിയിരുന്നു. അതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞാണ് അടുത്ത റോവര്‍ ഇറങ്ങുന്നത്. രണ്ടു വര്‍ഷമാണ് ഇന്‍സൈറ്റിന്റെ കാലാവധി. ഗ്രഹത്തിന്റെ ചൂട്, പ്രകമ്പനങ്ങള്‍, തുടങ്ങിയവയെല്ലാം അളക്കാനുള്ള ഉപകരണങ്ങളും ഇതിലുണ്ട്.
ഇറക്കം അതിവേഗത്തില്‍
മണിക്കൂറില്‍ 12,300 മൈല്‍ (19,795 കിലോമീറ്റര്‍) വേഗത്തിലാണ് ഇന്‍സൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഊര്‍ന്നിറങ്ങിയത്. 77 മൈല്‍ താഴേക്കാണ് ഇറങ്ങേണ്ടത്. അന്തരീക്ഷ ഘര്‍ഷണവും പേടകത്തിലെ കൂറ്റന്‍ പാരച്യൂട്ടുകളും റോക്കറ്റുകളും ക്രമണേ പേടകത്തിന്റെ വേഗം കുറച്ചു. മൂന്നു കാലുള്ള പേടകത്തിന്റെ ഇറക്കം അതോടെ വളരെ സാവധാനത്തിലായി.
അന്തരീക്ഷത്തില്‍ കടന്ന് ആറര മിനിറ്റ് കഴിഞ്ഞ് ഇന്‍സൈറ്റ് പ്രതലത്തില്‍ ഇറങ്ങി. ചൊവ്വയുടെ മധ്യരേഖയ്‌ക്കടുത്ത് എല്‍ഷ്യം പ്ലീനീഷ്യ എന്ന തുറസായ സ്ഥലത്താണ് ഇറങ്ങിയത്. രണ്ടു വര്‍ഷം കൊണ്ട് (ചൊവ്വയിലെ ഒരു വര്‍ഷം) ചൊവ്വയുടെ ചൂട്, ഭൂചലനങ്ങള്‍ എന്നിവ പഠിച്ച് വിശകലനം ചെയ്ത് ഗ്രഹത്തിന്റെ ഉത്പത്തിയടക്കം മനസിലാക്കും. ഭൂമിയുടെ ഉല്‍പത്തി മനസ്സിലാക്കാനും ഇത് ഉപകരിക്കും.
360 കിലോ ഭാരമുള്ള പേടകത്തിന്റെ പേര് ഇന്റീരിയര്‍ എക്‌സപ്ലൊറേഷന്‍ യൂസിങ്ങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍, ജിയോഡസി ആന്‍ഡ് ഹീറ്റ് ട്രാന്‍സ്‌പോര്‍ട്ട് എന്നാണ്. ചുരുക്കപ്പേരാണ് ഇന്‍സൈറ്റ്.
















