ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികളുടെ ശ്രമത്തിന്റെ മൂര്‍ധന്യത്തില്‍ നിയമസഭ പിരിച്ചുവിട്ടത് സ്വാഭാവികമായും കടുത്ത വിമര്‍ശനത്തിന് ഇടയാക്കും. പ്രതിപക്ഷത്തെ എല്ലാ കക്ഷികളും അതിനോടു ചേരും എന്നതും തീര്‍ച്ച. സ്വന്തം ഭരണം നഷ്ടമായതിനു ബിജെപി പകവീട്ടുകയാണെന്ന് ആരോപണമുണ്ടായേക്കാം.
പക്ഷേ, ആസന്നമായ അപകടം മുന്നില്‍ കണ്ടുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടിയായി വേണം ഗവര്‍ണറുടെ ഈ നടപടിയെ കാണാന്‍. വെറും തട്ടിക്കൂട്ടു മാത്രമായ സഖ്യത്തിനു സ്ഥിരതയുള്ള ഭരണം കാഴ്ചവയ്ക്കാനാവില്ലെന്നു തീര്‍ച്ച. മാത്രമല്ല, കള്ളനെ കാവലേല്പിക്കുന്ന പരീക്ഷണം വേണ്ട എന്ന കേന്ദ്രതീരുമാനത്തിന്റെ ഭാഗവുമായിരിക്കണം ഇത്. കശ്മീരില്‍ കര്‍ശന നിലപാടെടുക്കാന്‍ ഒരുങ്ങുന്ന കേന്ദ്രത്തിന് പുതിയ മന്ത്രിസഭ വിലങ്ങുതടിയായേക്കും എന്ന യാഥാര്‍ഥ്യം കേന്ദ്രം തിരിച്ചറിഞ്ഞു എന്നു കരുതാം.
പിഡിപിയുമായി സഹകരിച്ച് കശ്മീരില്‍ സമാധാനത്തിനു രംഗമൊരുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജൂണ്‍ 19ന് ബിജെപി ആ സഖ്യസര്‍ക്കാരില്‍ നിന്നു പിന്മാറിയത്. മന്ത്രിസഭ വീണെങ്കിലും നിയമസഭ നിലനിന്നു. അതാണിപ്പോള്‍ പിരിച്ചുവിട്ടത്. വിഘടനവാദികളുമായി തുറന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കി തന്ത്രപരമായ സമവായത്തിലൂടെ താഴ്വരയില് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്നത്തെ പിഡിപി – ബിജെപി സര്‍ക്കാര്‍. ആ നീക്കത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, എല്ലാ വഴികളും പരീക്ഷിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം.
തുടക്കത്തില്‍ ഒരു പരിധിവരെ വിജയിച്ച ആ തന്ത്രം പിന്നീട് പിഡിപിയുടെ ദേശീയ വിരുദ്ധ നിലപാടുകളില്‍ത്തട്ടി തകര്‍ന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വാക്കും ചെയ്തിയും ഭീകരവാദികളെ സഹായിക്കുന്ന തരത്തിലായി. മെഹബൂബയുടെ തണലില്‍ ഭീകരപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്തു. താഴ്വരയില് ശക്തമായ നടപടിയെടുക്കാന്‍ കൂട്ടുകക്ഷി ഭരണം അസൗകര്യം സൃഷ്ടിക്കുന്ന സ്ഥിതിയായപ്പോള്‍ ഭരണത്തേക്കാള്‍ പ്രാധാന്യം ദേശീയ താല്പര്യത്തിനു നല്‍കിയാണു ബിജെപി പിന്മാറിയത്.
കശ്മീരിലെ, പ്രത്യേകിച്ചു താഴ്വരയിലെ, ഭീകരവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കു കുടപിടിക്കുന്ന സമീപനമാണ് പിഡിപിക്കൊപ്പം കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫറന്‍സും ഇതുവരെ തുടര്‍ന്നു പോന്നത്. സേനയ്ക്കെതിരായ ആക്രമണങ്ങളേക്കുറിച്ചു മൗനം പാലിക്കുകയും വിഘടനവാദികള്‍ക്കെതിരായ സേനയുടെ നീക്കങ്ങളെ വിമര്‍ശിക്കുകയുമാണ് ഇവരുടെ ശൈലി. സേനയ്ക്കെതിരായ വിമര്‍ശനങ്ങളെ ബിജെപിവിരുദ്ധ, കേന്ദ്രവിരുദ്ധ നയത്തിന്റെ ഭാഗമായാണ് അവര്‍ കണ്ടുപോന്നത്. മനുഷ്യാവകാശലംഘനത്തിന്റെ പേരുപറഞ്ഞ് സേനാ നീക്കങ്ങളെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്ത ഇവര്‍ സൈന്യത്തെ തേജോവധം ചെയ്യുന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇവയൊക്കെ പാക്കിസ്ഥാന് രാജ്യാന്തര തലത്തില്‍ത്തന്നെ ഉപയോഗിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനില്‍ പോയി മോദിയെ തോല്പിക്കാന് സഹായം അഭ്യര്‍ഥിച്ചതും സിപിഎം നേതാവ് സീതാറാം യെച്ചൂരി കശ്മീരിലെ ഭീകരസംഘടനാ നേതാക്കളുടെ വീടു സന്ദര്‍ശിച്ചതും ഇതിനോടു ചേര്‍ത്തു വേണം വായിക്കാന്‍. ഗുജറാത്ത് തെരഞ്ഞെടുപ്പു സമയത്ത്, അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നു പാക്കിസ്ഥാന് നേതാവിനെക്കൊണ്ടു പറയിച്ചതും ധാരണയുടെ ഫലമായിക്കാണാം. അത്തരക്കാരുടെ ഭരണം കശ്മീര്‍ പോലെയുള്ള അസ്വസ്ഥ സംസ്ഥാനത്തു വരുന്നത് രാജ്യതാത്പര്യത്തിനു ദോഷമേ ചെയ്യൂ എന്ന നിഗമനമായിരിക്കണം ഗവര്‍ണറുടെ നടപടിക്കു പിന്നില്‍. ഇന്ത്യയെ സംബന്ധിച്ച് അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: