പമ്പ: അയ്യപ്പഭക്തരില്‍ ഒരുവനായി ഇരുമുടിക്കെട്ടേന്തി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ശബരിമല ദര്‍ശനം നടത്തി. ഇന്നലെ രാവിലെ 10 മണിയോടെ നിലയ്ക്കല്‍ ഇടത്താവളത്തില്‍ എത്തിയ അദ്ദേഹം തീര്‍ത്ഥാടകരുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞു. അയ്യപ്പഭക്തരോട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചോദിച്ച് മനസിലാക്കിയ മന്ത്രി കാര്‍ നിലയ്ക്കലില്‍ ഇട്ടിട്ട് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയിലേക്ക് എത്തിയത്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാത്രക്കിടയിലും തീര്‍ത്ഥാടകരുടെ യാതനകള്‍ ചോദിച്ചറിഞ്ഞ് അദ്ദേഹം അവരിലൊരാളായി. പമ്പ ത്രിവേണിയില്‍ ബസിറങ്ങി മറ്റ് സ്വാമിമാര്‍ക്കൊപ്പം ശരണം വിളിച്ച് ചെറിയ പാലത്തിലൂടെ പമ്പാതീരത്തെത്തി. ഇരുമുടിക്കെട്ട് ഇറക്കി പുണ്യ പമ്പയില്‍ ശരീരശുദ്ധി വരുത്തി.
തുടര്‍ന്ന് ശരണം വിളികളോടെ പമ്പ ഗണപതി കോവിലില്‍ ആചാരപ്രകാരം നാളികേരമുടച്ച് ദര്‍ശനം നടത്തി. പിന്നീട് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മല കയറി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്, റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി കുറുപ്പ് എന്നിവരും മന്ത്രിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: