കൊച്ചി: ശബരിമല വിഷയത്തില്‍ നിലയ്ക്കലില്‍ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, പോലീസ് രാജ് അവസാനിപ്പിക്കുക, ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാകും പ്രക്ഷോഭമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി സംസ്ഥാന ഭാരവാഹികള്‍ സമയബന്ധിതമായി നിലയ്ക്കലിലെത്തി സമരം നടത്തും. യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. അതില്‍ ആത്മാര്‍ഥതയുടെ അംശമില്ല. സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച് കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമല കര്‍മസമിതി സന്നിധാനത്തടക്കം നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും ബിജെപി പിന്തുണ നല്‍കും. ബുധനാഴ്ച കേന്ദ്ര ധനസഹമന്ത്രി പൊന്രാധാകൃഷ്ണന് ശബരിമലയിലെത്തി കാര്യങ്ങള്‍ വിലയിരുത്തും.
ശബരിമലയില്‍ ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. 25 മുതല്‍ 30 വരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും ഒപ്പുശേഖരണവും നടത്തും. കേരളം കണ്ട ഏറ്റവും വലിയ ജനസമ്പര്‍ക്ക യജ്ഞമാണ് നടക്കുക. ഒരു കോടിയിലേറെ ഒപ്പുകള്‍ ശേഖരിച്ച് ഭരണകൂടത്തിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ശബരിമല സംരക്ഷണ സദസ് നടത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: