കൊട്ടാരക്കര: നിലയ്ക്കലില്‍ വച്ച്—പോലീസ് തടഞ്ഞ സമയം മുതല്‍ കൊട്ടാരക്കര സബ്ജയിലില്‍ എത്തിക്കും വരെ പവിത്രമായ ഇരുമുടിക്കെട്ട് സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്’ ജന്മഭൂമി യോട് പറഞ്ഞു.
തന്നെ വലിച്ചിഴക്കുന്നതിനിടെ പലവട്ടം പോലീസാണ് ഇരുമുടി തോളില്‍ നിന്ന് തള്ളി താഴെയിട്ടത്. നടപടി ആവര്‍ത്തിച്ചപ്പോള്‍ ശക്തമായി പ്രതിഷേധിച്ചു. ഒരാള്‍ തള്ളി താഴെയിടുന്നു, മറ്റൊരാള്‍ എടുത്തുതരുന്നു. ഇത്തരത്തില്‍ അഞ്ചിലേറെ തവണയാണ് ബോധപൂര്‍വം ഇരുമുടിയോട് അവര്‍ ക്രൂരത കാട്ടിയത്. പോലീസിന്റെ മര്‍ദനത്തില്‍ തോളിനേറ്റ ക്ഷതം ഇനിയും മാറിയിട്ടില്ല, അസഹനീയമായ വേദനയുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
ജയിലില്‍ മരുന്നും ഭക്ഷണവും കഴിക്കുന്നുണ്ട്. പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യം ജയലധികൃതര്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. തിരുനാവായ ക്ഷേത്രത്തില്‍ പോയാണ് അമ്മയുടെ ബലികര്‍മ്മങ്ങള്‍ നടത്തിയത്. താന്‍ ആചാരം ലംഘിച്ചെന്ന് പറയുന്നവരുടെ ലക്ഷ്യം എന്താണന്ന് അറിയാമെന്നും സുരേന്ദ്രന് പറഞ്ഞു .
ജാമ്യം ലഭിച്ചാല്‍ ശബരിമലയില്‍ പോയി അയ്യപ്പനെ കണ്ടിട്ടേ മറ്റ് എവിടേക്കും പോകൂ. ഇരുമുടിക്കെട്ട് നിറച്ച് വ്രതം നോറ്റ് വന്നത് അയ്യപ്പനെ കാണാനാണ് അതിനുശേഷമേ മടക്കയാത്രയുള്ളൂ. പോലീസിന്റെ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അടിയന്തരാവസ്ഥക്കാലത്ത് പോലും ഇത്തരം മനുഷ്യത്വരഹിതമായ നടപടി ഉണ്ടായിരുന്നില്ലെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: