പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ രാത്രിയുണ്ടായ കൂട്ട അറസ്റ്റ് ന്യായീകരിക്കാനാവാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ മാത്രം സന്നിധാനത്ത് നിന്ന് അയ്യപ്പഭക്തരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വ്യവസ്ഥപ്രകാരം കേസെടുക്കുകയും ചെയ്യുന്നത് അന്യായമാണ്. 144 ലംഘിച്ചാല്‍ പെറ്റിക്കേസെടുക്കുന്നതിന് പകരം പോലീസ് രാജ് നടപ്പാക്കുകയാണ് ഇടത് സര്‍ക്കാരെന്നും ശ്രീധരന് പിള്ള പറഞ്ഞു.
‘ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുകയാണ്. പേരക്കുട്ടികള്‍ക്ക് ചോറ് കൊടുക്കാന്‍ പോയ കെ.പി.ശശികലയെ എസ്പി യതീഷ് ചന്ദ്രയ്ക്ക് വഴിയില്‍ തടയേണ്ട കാര്യമെന്തായിരുന്നു പോലീസിന്റെ കൈയില്‍ നിന്ന് അയ്യപ്പഭക്തര്‍ക്ക് നീതി കിട്ടുന്നില്ലെന്നതിന്റെ തെളിവാണിത്. മനുഷ്യാവകാശങ്ങളുടെ പ്രേതഭൂമിയായി കേരളം മാറുകയാണ്.’ ശ്രീധരന് പിള്ള പറഞ്ഞു.
അതേസമയം സന്നിധാനത്തുനിന്നും കസ്റ്റഡിയിലെടുത്തവരില്‍ 72 പേരില്‍ 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ നിലയ്ക്കല്‍ നിന്നും വന്ന ഡോക്ടര്‍ വൈദ്യപരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: