ചെന്നൈ: ഗജ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തമിഴ്നാട്ടിലെ നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളില്‍ വീടുകളും വൃക്ഷങ്ങളും ചുഴലിക്കാറ്റില്‍ നശിച്ചിരുന്നു. മണിക്കൂറില്‍ നൂറിനും നൂറ്റിപ്പത്തിനും ഇടയില്‍ വേഗതയിലാണ് ഈ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്നത്. ഇത് 120 വരെ ആകാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ആളുകളെ അവരുടെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
തമിഴ്നാട് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആറ് ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായി ഭരണകൂടം അറിയിച്ചു. നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരൂര്‍ എന്നീ പ്രദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. നാഗപട്ടണത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ ആറ് പേര് മരണപ്പെട്ടിരുന്നു. കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. വിരുതാചലത്ത് മതില് ഇടിഞ്ഞുവീണാണു സ്ത്രീ മരിച്ചത്. അതേസമയം, ശക്തമായ കാറ്റില്‍ വീടുതകര്‍ന്നുവീണ് പുതുക്കോട്ടയില്‍ നാലുപേരും മരിച്ചു. ചുഴലിക്കാറ്റ് വീശിയടിക്കുന്ന സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ കടപുഴകി കിടക്കുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളിലെല്ലാം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: