കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് പെഡഗോജിക്കല്‍ വിഭാഗത്തില്‍ സിപിഎം എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യയെ അസി. പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതോടെ എംഎല്‍എക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം.
ഷംസീറിന്റെ നടപടിയില്‍, വിവാദമുയര്‍ന്ന സമയത്ത് തന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഷംസീറിന്റെ പല നടപടികളിലും വിവാദമുണ്ടായി. പാര്‍ട്ടി നിര്‍ബന്ധത്തിനു വഴങ്ങി പൊതുപ്പള്ളിക്കൂടത്തില് ചേര്‍ത്ത മകനെ പ്രശ്നമടങ്ങിയപ്പോള് എംഎല്‍എ വീണ്ടും സ്വകാര്യ സ്കൂളിലേക്ക് മാറ്റിയതായി ആക്ഷേപം ഉണ്ടായി. മകന് പഠിക്കുന്ന സ്കൂളിനെതിരേ നടന്ന തൊഴില്‍ സമരത്തോട് ഷംസീര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്നതും ഷംസീറിനെതിരെ അമര്‍ഷമുയരാന്‍ ഇടയാക്കി. സമീപകാലത്ത് എംഎല്‍എ നടത്തിയ പല ഇടപെടലുകളിലും പാര്‍ട്ടിക്ക് നീരസമുണ്ട്.
സ്വന്തം മണ്ഡലമായ തലശ്ശേരിയിലും പാര്‍ട്ടിക്കുള്ളില്‍ ഷംസീറിനെതിരേ പ്രതിഷേധമുണ്ട്. പ്രവര്‍ത്തകരോടും അണികളോടും ധിക്കാരപരമായാണ് ഷംസീര്‍ പെരുമാറുന്നതെന്നും ആര്‍ഭാട ജീവിതമാണ് നയിക്കുന്നതെന്നും പരാതിയുണ്ട്.
ഏരിയാ സെക്രട്ടറിയെ നോക്കുകുത്തിയാക്കി ഷംസീര്‍ പാര്‍ട്ടിക്കതീതമായി പ്രവര്‍ത്തിക്കുന്നു, സംസ്ഥാന സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും മറയാക്കിയാണ് ഷംസീറിന്റെ പ്രവര്‍ത്തനങ്ങള്‍, സിപിഎം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ വിമര്‍ശനം നടത്തിയതിനു പിന്നില്‍ ഷംസീറാണ്, തുടങ്ങിയ ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: