ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. ഇന്ത്യ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ഭാരമുള്ള റോക്കറ്റില്‍ ഏറ്റവും ഭാരമുള്ള ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വൈകിട്ട് 5.08 നാണ് 3423 കിലോഭാരമുള്ള ജിസാറ്റ് 29 ഉപഗ്രഹവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നത്. നാലുടണ്‍ ഭാരം വരെ വഹിക്കാന്‍ കഴിവുള്ള ഈ റോക്കറ്റിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു. പറന്നുയര്‍ന്ന് 17-ാം മിനിറ്റില്‍ റോക്കറ്റ് പടുകൂറ്റന്‍ വാര്‍ത്താ വിനിമയ ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിച്ചു.
ചന്ദ്രയാന്‍ രണ്ടിനും (രണ്ടാം ചാന്ദ്ര ദൗത്യം) നാലു വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനും പദ്ധതിയിടുന്ന ഐഎസ്ആര്‍ഒയ്ക്ക് ഭീമന് റോക്കറ്റിന്റെ വിജയം ആവേശം പകരുന്നതാണ്. ഉപഗ്രഹത്തിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉപഗ്രഹത്തെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ ഭ്രമണപഥത്തില്‍ എത്തിക്കും.
ജിഎസ്എല്‍വി മാര്‍ക്ക് 3 ഡി2 റോക്കറ്റിന്റെ പരീക്ഷണങ്ങളെല്ലാം വിജയകരമായതായി ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന് അറിയിച്ചു. ഇതേ റോക്കറ്റാകും 2019 ജനുവരി 29ന് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കാന്‍ ഉപയോഗിക്കുക. ഇന്ത്യ സ്വന്തമായി നിര്‍മിച്ച അതിശീത എന്ജിന് (ക്രയോജനിക് എന്ജിന്) വളരെ നന്നായി പ്രവര്‍ത്തിച്ചതായി ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ വി. നാരായണന് പറഞ്ഞു. ജിസാറ്റ് 29ന് പത്തു വര്‍ഷത്തെ കാലാവധിയാണുള്ളത്. ഇതില്‍ കെഎ, കെയു ബാന്‍ഡ് ട്രാന്‍സ്പോണ്ടറുകളാണ് ഉള്ളത്. രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാന്‍ ഇത് ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: