പാലക്കാട് ജില്ലയിലെ പല്ലശ്ശനയിലാണ് ശ്രീപഴയകാവില്‍ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത്. മീന്‍കുളത്തി ഭഗവതി ക്ഷേത്രം എന്നും അറിയപ്പെടുന്നു. മീമ്പ്രകുളങ്ങര ദേവി, മീന്‍കുളത്തി കാവിലമ്മ, പഴയകാവിലമ്മ എന്നെല്ലാം ഭഗവതിക്ക് പേരുണ്ട്. ഏറെ പഴക്കമുള്ള ക്ഷേത്രം പിന്നീട് പുനരുദ്ധാരണം ചെയ്യുകയുണ്ടായി.
തമിഴ്‌നാട്ടിലെ കുംഭകോണത്തേയും തഞ്ചാവൂരിലെയും വ്യാപാരികള്‍ കേരളത്തിലേക്ക് കുടിയേറി ഇവിടെയും വ്യാപാരം വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചു. പാലക്കാട് ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിലൂടെ അവര്‍ കേരളത്തിലെത്തി. ഇവര്‍ മന്ദാടിയാര്‍മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ദേശവാസികളുടെ അനുകൂല പ്രതികരണത്തില്‍ സംതൃപ്
തരായ ഇക്കൂട്ടര്‍ കാലക്രമേണ ഇവിടെ സ്ഥിരതാമസമാക്കി. ചിദംബരത്തുണ്ടായ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് പച്ചപ്പുതേടി, മരങ്ങള്‍ തിങ്ങിവളരുന്ന ഈ ഭൂഭാഗത്ത് എത്തി എന്നും പാഠഭേദമുണ്ട്.
ഇവരുടെ കൂട്ടത്തില്‍ മധുരമീനാക്ഷി ദേവിയുടെ തീവ്രഭക്തനായ ഒരാള്‍ ഉണ്ടായിരുന്നു. എല്ലാ മാസവും അദ്ദേഹം ദേവിയെ ചെന്നുകണ്ട് പ്രാര്‍ഥിച്ച് വഴിപാടുകള്‍ നടത്തി മടങ്ങിവരും. പ്രായമേറെ ചെന്നപ്പോള്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. ദേവീദര്‍ശനം മുടങ്ങിപ്പോകുമോ എന്ന ആധിയും ഉള്ളില്‍ കലശലായി. എങ്കിലും വീണ്ടും ദേവിയെ തൊഴാന്‍ പോയി. അനാരോഗ്യം കാരണം, തിരുനടയില്‍ ദര്‍ശനത്തിനെത്തുന്നത് മുടങ്ങിയാല്‍ തന്നോട് കോപിക്കരുതെന്നും അപരാധം ക്ഷമിക്കണമെന്നുമൊക്കെ വീണ്ടും വീണ്ടും അപേക്ഷിച്ചിട്ടാണ് ഇത്തവണ മടങ്ങിയത്.
ദൂരയാത്ര കഴിഞ്ഞ് വരുന്നവര്‍ കുളിച്ചശേഷമാണ് പണ്ടൊക്കെ വീട്ടില്‍ കയറുക. മടങ്ങിയെത്തിയ വൃദ്ധന്‍ വീട്ടിനടുത്തുള്ള കുളത്തിനരികിലെത്തി ഓലക്കുടയും പണപ്പൊതിയും കുളക്കരയില്‍ വച്ച് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞെത്തി, ഓലക്കുട എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് അനക്കാന്‍ പറ്റുന്നില്ല. സമീപത്തു കുളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളോട് കുട ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിച്ച് വീട്ടില്‍ പോയി, ബന്ധുക്കളെയും കൂട്ടിവരാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് ആര്‍ക്കും കുട അനക്കാന്‍ കഴിഞ്ഞില്ല.
അമ്പരപ്പും പരിഭ്രമവും വഴിമാറിയപ്പോള്‍ അവര്‍ ജ്യോത്സ്യനെ കൊണ്ടുവന്ന് പ്രശ്‌നം വെപ്പിച്ചു. ഓലക്കുട ഇരുന്നിടത്ത് മധുരമീനാക്ഷി ദേവിയുടെ സാന്നിദ്ധ്യമുണ്ടെന്ന് കാണുന്നതായി ജ്യോത്സ്യര്‍ പറഞ്ഞു. അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കണമെന്നും പ്രശ്‌നകര്‍ത്താവ് വിധിക്കുകയുണ്ടായി. അതനുസരിച്ച് ക്ഷേത്രം പണി കഴിപ്പിച്ച് ദേവിയെ പ്രതിഷ്ഠിച്ചു. പിന്നീട് ഈ സ്ഥലം കുടമണ്ണ് എന്നറിയപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുശേഷം സമുദായത്തലവനും പൂ
ജാരിക്കും സ്വപ്നദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് ആള്‍പ്പാര്‍പ്പുള്ള പ്രദേശത്ത് പുതിയ ഒരു ക്ഷേത്രം നിര്‍മിച്ച് പുനഃപ്രതിഷ്ഠ നടത്തി.
ഗണപതി, ശ്രീപാര്‍വതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളുമുണ്ട് ഇവിടെ.
ദിവസപൂജ, നിറമാല (പകലും രാത്രിയും വേറെയുണ്ട്), മഹാഗണപതി ഹോമം, തിരുവാഭരണം ചാര്‍ത്തി നിറപറ പണം, ചാന്താട്ടം, ത്രികാല പൂജ, ചന്ദനം ചാര്‍ത്തല്‍ എന്നിവയാണ് പ്രധാന വഴിപാ
ടുകള്‍. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മാത്രം നടത്തുന്ന പണപ്പായസം പ്രത്യേകതയുള്ള വഴിപാടാണ്.
മേടമാസം കണ്യാര്‍കളി, ഇടവമാസം തോല്‍പ്പാവക്കൂത്ത്, പ്രതിഷ്ഠാദിനത്തില്‍ കളഭാഭിഷേകം, കനല്‍ച്ചാട്ടം, പാനമഹോത്സവം, മാരിയമ്മന്‍ പൂജ, മുനി പൂജ എന്നിങ്ങനെ നിരവധി ഉത്സവങ്ങളുണ്ട് ഇവിടെ. വൃശ്ചികമാസത്തില്‍ ത്രികാല പൂജയും പഞ്ചഗവ്യസേവയും പതിവാണ്.
ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30 ന് നടതുറന്ന് ഉച്ചയ്‌ക്ക് 12.30 ന് അടയ്‌ക്കും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 5 ന് നട തുറന്ന് 10.30 ന് അടയ്‌ക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 ന് തുറന്ന് 7.30 ന് അടയ്‌ക്കും.
തൃശൂരില്‍ നിന്ന് ആലത്തൂര്‍ വഴി കുനുശ്ശേരി, പല്ലാവൂര്‍ വഴി പല്ലശ്ശനയിലെത്താം. പാലക്കാട്ടുനിന്നും കൊടുങ്ങൂര്‍ വഴി എത്താം. കോയമ്പത്തൂരുനിന്ന് വേലന്‍താവളം, ചിറ്റൂര്‍, പുതുനഗരം, കരിപ്പോട് വഴി പല്ലശനയിലെത്താം. പാലക്കാട് ടൗണില്‍നിന്ന് 40 കി.മീറ്ററോളം ദൂരമാണ് പല്ലശ്ശനയിലേക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: