വാഷിങ്ടണ്‍ : യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വ്യോമാക്രമണങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് യുഎസ് നിര്‍ത്തി. യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം ആവസാനിപ്പിക്കുന്നതിന് യുഎന്നിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി വരികയാണ് ഈ സാഹചര്യത്തിലാണ് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിച്ചത്.
ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വാഷിങ്ടണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യെമനിലെ വ്യോമാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് നാലുവര്‍ഷമായി തുടരുന്ന വ്യോമാക്രമണം മാനുഷിക പരിഗണന നല്‍കി അവസാനിപ്പിക്കാന്‍ അടുത്തിടെ യുഎന്നിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ യുകെയും, യുഎസും തീരുമാനിച്ചിരുന്നു. വ്യോമാക്രമണത്തില്‍ ഇതുവരെ 10,000 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യെമനില്‍ ഇന്ധനം നിറയ്‌ക്കാനുള്ള കാര്യക്ഷമത നേടിയെടുത്തതായി സൗദി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
ആറ് എയര്‍ബസ് 330 എംആര്‍ടിടി ഉള്‍പ്പടെ 23 യുദ്ധ വിമാനങ്ങളാണ് സൗദി യെമനില്‍ ആക്രമണത്തിനായി ഉപയോഗിച്ചത്. കൂടാതെ റിയാദിന്റെ ഒമ്പത് കെസി- 130 വിമാനങ്ങളും ആക്രമണത്തിനായി ഉപയോഗിക്കുന്നുണ്ട്.
















