സ്ത്രീസ്വാതന്ത്ര്യത്തിനും സ്ത്രീസുരക്ഷയ്‌ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് ആവർത്തിച്ച് അവകാശപ്പെട്ടുകൊണ്ടാണ് സിപിഎമ്മും ഇടതുമുന്നണി സർക്കാരും പുണ്യസങ്കേതമായ ശബരിമലയെ യുദ്ധക്കളമാക്കിയത്. അവിശ്വാസികളായ ചില സ്ത്രീകളെ സന്നിധാനത്തെത്തിച്ച് സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ തങ്ങളെ വെല്ലാൻ മറ്റാരുമില്ലെന്ന് മേനിനടിക്കാനും ശ്രമിച്ചു.
സിപിഎമ്മിന്റെ ആ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു. ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ താൻ നൽകിയ ലൈംഗികപീഡന പരാതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ വനിതാ നേതാവ് വീണ്ടും പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് അർധരാത്രിയിൽ സൂര്യനുദിച്ച അവസ്ഥ സിപിഎം നേതൃത്വത്തിന് വന്നിരിക്കുന്നത്.
ഒരു വർഷത്തോളം മുൻപാണ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ ജില്ലാ വനിതാ നേതാവ് പി.കെ. ശശിക്കെതിരെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പൊളിറ്റ്ബ്യൂറോയിലെ വനിതാ നേതാവ് വൃന്ദ കാരാട്ടിനും പരാതി നൽകിയത്.
പാർട്ടി നേതൃത്വം രഹസ്യമാക്കി കൊണ്ടുനടന്ന ഇക്കാര്യം മാസങ്ങൾ കഴിഞ്ഞാണ് പുറത്തുവന്നത്. സംഭവം വിവാദമാകുകയും പരാതിക്കാരി പിന്മാറാൻ തയ്യാറല്ലെന്നു വരികയും ചെയ്തപ്പോൾ മന്ത്രി എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെ വച്ചു. മൊഴിയെടുപ്പ് പൂർത്തിയായിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ ബാലനും ശ്രീമതിയും ഒളിച്ചുകളിക്കുന്നതിനിടെയാണ് പീഡനത്തിനിരയായ യുവതി വീണ്ടും നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.
ആരോപണവിധേയനെതിരെ അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കുന്നതിനു പകരം ഇരയായ യുവതിയെ നിരന്തരം അവഹേളിക്കുകയാണ് അന്വേഷണം നടത്തുന്ന മന്ത്രി ബാലൻ ചെയ്യുന്നത്. ആരോപണവിധേയനായ എംഎൽഎയോടൊപ്പം വേദി പങ്കിട്ട ബാലൻ പരാതിക്കാരിയായ പാർട്ടി വനിതയെ മാത്രമല്ല, കേരളത്തിലെ സ്ത്രീത്വത്തെ മുഴുവൻ അവഹേളിക്കുകയാണ്.
സംസ്ഥാന വനിതാ കമ്മീഷനെ നയിക്കുന്നയാളുൾപ്പെടെ സിപിഎമ്മിലെ ഒരൊറ്റ വനിതാ നേതാവും ഇതിനെതിരെ ശബ്ദിക്കുന്നില്ല. അല്ലെങ്കിൽതന്നെ ഇതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു. ഇതിനേക്കാൾ ഗുരുതരമായ ലൈംഗികാരോപണം നേരിട്ട കണ്ണൂരിലെ നേതാവിനെ കുറച്ചുകാലം അകറ്റിനിർത്തിയെന്നുവരുത്തി വാരിപ്പുണരുകയാണല്ലോ സിപിഎം ചെയ്തത്.
പാലക്കാട്ടെ യുവതി പോലീസിനല്ല, പാർട്ടിക്കാണ് പരാതി നൽകിയത് എന്ന കാര്യം ശ്രദ്ധേയമാണ്. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് സിപിഎമ്മിന്റേത് സമാന്തര ഭരണമാണ്. പോലീസിൽ പരാതി നൽകിയാൽ താൻ തുടർന്നും ജീവിച്ചിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് പാർട്ടിയുടെ രീതികൾ പരിചയമുള്ള യുവതിക്കറിയാം. കണ്ണൂരിലെ യുവതിയും നേതാവിനെതിരെ പോലീസിലല്ല പരാതി നൽകിയതെന്നോർക്കുക.
പരാതിക്കാരിയെ ഏതു വിധേനയും പിന്മാറ്റിച്ച് പ്രശ്‌നം പാർട്ടിയിൽ ഒതുക്കിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനുവേണ്ടിയാണ് പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വച്ചുതാമസിപ്പിക്കുന്നത്. യുവതി രണ്ടാമതും പരാതിയുമായി എത്തിയതോടെ ശശിയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പാർട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്. ശശിക്ക് പിടിവീണാൽ പല ബാലന്മാരും കുടുങ്ങുമെന്നാണ് ഉപശാലയിലെ വിവരങ്ങൾ.
ചരിത്രപരമായിത്തന്നെ സ്ത്രീവിരുദ്ധമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ലെനിനെ അംഗീകരിക്കാതിരുന്ന ജർമൻ കമ്യൂണിസ്റ്റ് റോസാ ലക്‌സംബർഗ് ഇല്ലായ്‌മ ചെയ്യപ്പെട്ടു. ഭാര്യ ക്രൂപ്‌സ്‌കായയോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നാണ് ലെനിൻ, സ്റ്റാലിനുമായി ഇടയുന്നത്. സ്റ്റാലിനിസ്റ്റ് മൂശയിൽ വാർത്തെടുത്തതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും. മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് വോട്ടു നേടിയശേഷം കെ.ആർ. ഗൗരിയമ്മയെ പാർട്ടിയിൽനിന്ന് നീചമായി പുറന്തള്ളുകയായിരുന്നല്ലോ തികഞ്ഞ സ്റ്റാലിനിസ്റ്റായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്. അന്തസ്സും അഭിമാനവുമുള്ള സ്ത്രീകൾക്ക് സിപിഎമ്മിനകത്ത് നിൽക്കാനാവില്ല. പാർട്ടിയിൽ സ്ത്രീകൾ പലതരത്തിൽ അടിച്ചമർത്തപ്പെട്ടതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും കഥകൾ നൂറുകണക്കിനുണ്ട്. ഇവരുടെ ചുടുനിശ്വാസം പാർട്ടിയിലെ ശശിമാരെ ചുട്ടെരിക്കുന്ന കാലം അതിവിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: