കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ബാലാമണി അമ്മ പുരസ്ക്കാരം പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. പുസ്തകോത്സവ നഗരിയില്‍ നടന്ന ചടങ്ങില്‍ കൊങ്കണി സാഹിത്യകാരനും സരസ്വതി സമ്മാന്‍ ജേതാവുമായ മഹാബലേശ്വര്‍ സെയില്‍ പുരസ്ക്കാരം സമ്മാനിച്ചു. ബാലാമണി അമ്മയുടെ പേരിലുള്ള പുരസ്ക്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അക്കാദമി കാര്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും മലയാളത്തിലെ എല്ലാ വലിയ കവികളുടെയും പേരിലുള്ള അവാര്‍ഡ് തനിക്ക് ലഭിച്ചിട്ടുണ്ട്. അക്കാദമിയുടെ അവാര്‍ഡില്‍ രാഷ്ട്രീയമുണ്ട്. എന്നാല്‍ കവികളുടെ പേരിലുള്ള അവാര്‍ഡില്‍ രാഷ്ട്രീയമില്ല. എനിക്ക് രാഷ്ട്രീയമില്ല. എല്ലാ കാലത്തും ഒറ്റയ്ക്ക് നില്ക്കുന്ന കവിയായിരുന്നു ഞാന്‍, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
അമ്മ എന്നത് പ്രപഞ്ചത്തിന്റെ തന്നെ അമ്മയാകണം എന്ന വിശ്വദര്ശനമുള്ള കവയത്രിയായിരുന്നു ബാലാമണി അമ്മ. മാതൃത്വത്തെ ഇത്രമാത്രം പ്രപഞ്ചത്തോളം ഉയര്‍ത്തിയ മറ്റൊരു കവി ഭാരതീയ ഭാഷകളിലില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പാശ്ചാത്യ സാഹിത്യത്തിന് പിറകെ പോയതിന്റെ ദോഷഫലങ്ങള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു മഹാബലേശ്വര്‍ സെയില്‍ പറഞ്ഞു. ഇ. എന്‍ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഇ.എംഹരിദാസ്,പ്രൊഫ.എം. ലീലാവതി , പി.സോമനാഥന്, കെ.എല്‍ മോഹനവര്‍മ്മ, സി. രാധാകൃഷ്ണന്, ഒ.വി ഉഷ, ഡോ. സുലോചന നാലപ്പാട്ട്, ഹേമ ദയാനന്ദന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: