കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെ കൂടുതല്‍ കുരുക്കിലാക്കി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്‍മാനും എംഡിയും. കെ.ടി. അദീപിനെ ജനറല്‍ മാനേജരായി നിയമിച്ചതിനെ ന്യായീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനമാണ് വകുപ്പ് മന്ത്രിക്കും ഇടതുസര്ക്കാരിനുമുള്ള കുരുക്ക് മുറുക്കിയത്.
ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള അധികയോഗ്യതയായി ബിടെക് ഉള്‍പ്പെടുത്തണമെന്ന് കോര്പ്പറേഷന് ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാറാണ് യോഗ്യതയില്‍ മാറ്റം വരുത്തിയതെന്നും ചെയര്മാന് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്, എംഡി അക്ബര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദീപിനെ നിയമിക്കണമെന്നും അദ്ദേഹത്തിന് അതിനുള്ള യോഗ്യതയുണ്ടെന്നുമുള്ള ശുപാര്‍ശയാണ് കോര്പ്പറേഷന് നല്‍കിയത്. അദീപിനെ നിയമിച്ച് ഉത്തര വിറക്കിയത് സര്‍ക്കാരും വകുപ്പുമാണ്. അതിനാല്‍ അദീപി നെ നിയമിക്കാന്‍ ആവശ്യമായ എന്‍ഒസി ഉണ്ടോ എന്നിവ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഉറപ്പുവരുത്തേണ്ടത് വകുപ്പാണ്. അതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നുമായിരുന്നു ഇരുവരുടെയും പ്രതികരണം.
സ്റ്റാറ്റിയൂട്ടറി ബോഡിക്ക് കീഴിലാണ് സൗത്ത് ഇന്ത്യന്‍ ബാങ്കെന്നും അവിടെ സീനിയര്‍ മാനേജരായ കെ.ടി. അദീപ് ജനറല്‍ മാനേജരാകാന്‍ യോഗ്യനാണെന്നും തങ്ങള്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നതായി പറഞ്ഞ ഇരുവരും എന്നാല്‍ ആരാണ് നിയമോപദേശം നല്‍കിയതെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല. അദീപിന്റെ മികച്ച കരിയര്‍ ട്രാക്കും വിദ്യാഭ്യാസ യോഗ്യതയും കണക്കിലെടുത്താണ് നിയമനം നടത്തിയത്. കോര്പ്പറേഷന് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വേണ്ടിയാണിത്. നിയമനം വിവാദമാക്കിയതിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ് ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യം. ആക്ഷേപം ഉള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും അബ്ദുള്‍ വഹാബ് കൂട്ടിച്ചേര്‍ത്തു. ഡയറക്ടര്‍മാരായ സി.കെ. ഉസ്മാന്‍ഹാജി, കെ.ടി. അബ്ദുറഹിമാന് എന്നിവരും വാര്‍ത്താസമ്മേള നത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: