കൊളീജിയം എന്ന ഭരണാഘടനാ വിരുദ്ധമായ വിചിത്ര ജീവി കേരള ഹൈക്കോടതിയില്‍ വന്‍പരാജയമാണെന്നും ഒരുപക്ഷേ ദുരന്തമാണെന്നും സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. അതേസമയം അത് വേണമെങ്കില്‍ വിജയപ്രദമാക്കാമെന്ന് നമ്മുടെ ബഹുമാന്യ സുപ്രീംകോടതി കാണിച്ചുതരുകയും ചെയ്തു.
രാജ്യത്തെ ഉയര്‍ന്ന കോടതികളിലേക്ക് ന്യായാധിപന്മാരെ തിരഞ്ഞെടുക്കുന്നതിന് ഭരണാഘടനാ വ്യവസ്ഥകളെ മറികടന്ന് സുപ്രീംകോടതി നിര്‍മ്മിച്ചെടുത്തതാണ് കൊളീജിയം. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്നതാണത്. ആരംഭകാലം മുതലേ അതിന്റെ പ്രവര്‍ത്തനരീതി മോശമാണെന്നും നിരാശാജനകമാണെന്നും മുന്‍ ചീഫ്ജസ്റ്റിസുമാരടക്കം വിമര്‍ശിച്ചിട്ടുണ്ട്. ബന്ധുക്കളെയും സ്വാധീനമുള്ളവരെയും സ്ഥാനങ്ങളില്‍ തിരുകിക്കയറ്റാനുള്ള ഉപാധിയായി അത് അധപതിച്ചുവെന്ന് നിഷ്പക്ഷമതികള്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. അതുമൂലം രാജ്യത്തെ കോടതികളില്‍ മുഴുവന്‍ ബന്ധുസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നതില്‍ തര്‍ക്കമില്ല.
ഈ ദുരവസ്ഥ മാറ്റാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ രണ്ടു സഭകളുടെയും ഇരുപതിലധികം നിയമസഭകളുടേയും ഹിതം അനുസരിച്ച് ദേശീയ ജുഡീഷ്യല്‍ നിയമ കമ്മീഷന് നിയമം പാസ്സാക്കിയെടുത്തത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സുപ്രീംകോടതി നിയമം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് ഹാനിയാകുമോയെന്ന ഭയം പ്രകടിപ്പിച്ച് ആ നിയമം പ്രാബല്യത്തില്‍ വരുന്നത് വിലക്കി. എന്നാല്‍ നിയമന കാര്യത്തില്‍ സര്‍ക്കാറിന് ഒരു അംഗീകൃത നടപടിക്രമം (മെമ്മൊറാണ്ടം ഓഫ് പ്രൊസീജിയര്‍) രൂപീകരിക്കാന്‍ അനുമതി നല്കി. അതനുസരിച്ച് ഉന്നതമാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി അങ്ങിനെയൊന്ന് രൂപപ്പെടുത്തുകയും ചെയ്തു. ‘എംഓപി’ എന്ന് അറിയപ്പെടുന്ന ആ നടപടിക്രമം എല്ലാ ഹൈക്കോടതികളും കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്കി.
അഭിഭാഷകരില്‍നിന്ന് ന്യായാധിപന്മാരെ തിരഞ്ഞെടുക്കുന്ന രീതി നാം ബ്രിട്ടീഷ് ഭരണാധികാരികളില്‍നിന്ന് കടമെടുത്തതാണ്. പക്ഷേ അന്നൊക്കെ ബാറില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെ ക്ഷണിച്ചുവരുത്തി ജഡ്ജിപദം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇന്ന് നമ്മുടെ സുപ്രീകോടതിയില്‍ ജസ്റ്റീസുമാരായ ആര്.എഫ്. നരിമാന്, ഉദയ് ലളിത്, നാഗേശ്വരറാവു എന്നിവര്‍ ഈ ഗണത്തില്‍പെടുന്നവരാണ്. എന്നാല്‍ ഇതൊരു അപവാദമാണ്. ഭൂരിഭാഗം പേരും വര്‍ഷങ്ങള്‍ ചിലവിട്ടിട്ടും ബാറില്‍ പിടിച്ചുനില്ക്കാന് പറ്റാതെ ലാഭകരമായ ലാവണങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍പ്പെട്ടവരാണ്. ഈ സാഹചര്യത്തിലാണ് എംഒപിയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത്.
പ്രാക്ടീസ് വഴി ഇത്ര വാര്‍ഷികവരുമാനം വേണമെന്നു നിബന്ധനവച്ചും സ്വഭാവശുദ്ധിക്ക് ഊന്നല്കൊടുത്തുമാണ് എംഒപി രൂപപ്പെടുത്തിയിട്ടുള്ളത്. പതിവിന് വിപരീതമായ നിര്ദ്ദിഷ്ടപേരുകാരെ അഭിമുഖം വഴി യോഗ്യതാ നിര്‍ണ്ണയം നടത്താനുള്ള നടപടിക്രമങ്ങള്‍ സുപ്രീംകോടതി ആവിഷ്കരിച്ചിട്ടുമുണ്ട്. ഒരു കാരണവശാലും അനര്‍ഹര്‍ കടന്നുകൂടരുതെന്ന് ഉറപ്പുവരുത്താനാണ് സ്വാഗതാര്‍ഹമായ ഈ നൂതന ക്രമീകരണങ്ങള്‍ സുപ്രീംകോടതി നടപ്പിലാക്കിയത്.
നിര്‍ഭാഗ്യവശാല്‍ ആരോഗ്യകരമായ ഈ ക്രമീകരണങ്ങളെ വിസ്മരിച്ചുകൊണ്ടും ലംഘിച്ചുമാണ് കേരളാ ഹൈക്കോടതി ജഡ്ജിമാരായി പത്തുപേരുകള്‍ ശുപാര്‍ശ ചെയ്തത്. ഈ വിവരം പുറത്തറിഞ്ഞ ഉടനെ തന്നെ വിവാദങ്ങളുടെ വേലിയേറ്റവും ആരംഭിച്ചു. ഹൈക്കോടതി തന്നെ ഒരുജഡ്ജിയുടെ (ജസ്റ്റിസ് കെമാല്‍പാഷ) യാത്രയയപ്പ് പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു.
”ജഡ്ജിമാരുടെ നിയമനം ചിലര്‍ക്ക് ഭാഗിച്ചെടുക്കാനുള്ള കുടുംബസ്വത്തല്ല. ജഡ്ജിപദം ഓരോ മതത്തിനും ജാതിക്കും ഉപജാതിക്കും വീതിച്ചുകൊടുക്കാനുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബാറില്‍നിന്നുള്ള ചില പേരുകള്‍ ജഡ്ജിമാരായി ഉയര്‍ത്തപ്പെടാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ മാധ്യമങ്ങളില്‍നിന്ന് മനസ്സിലാക്കുന്നു. മാധ്യമങ്ങള്‍ നല്കിയ പേരുകള്‍ ശരിയാണെങ്കില്‍ എനിക്ക് വ്യക്തമായും പറയാന്‍ കഴിയും. ഞാന്‍ അടക്കമുള്ള ഈ കോടതിയിലെ ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും അവരുടെ മുഖങ്ങള്‍പോലും കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇത് ജുഡീഷ്യറിക്ക് നല്ലതാണോ”.
എന്നാല്‍ ഈ പറഞ്ഞ ജഡ്ജിയെ അല്‍പ്പനെന്നു വിളിക്കാനും വികാരപരമായി സംസാരിക്കുന്ന ആളെന്ന് വിമര്‍ശിക്കാനും തയ്യാറാകുന്നവരുണ്ട്. കൊളീജിയം നയിച്ചിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ്, ഹൈക്കോടതി സര്‍ക്കാരിന്റെ ജുഡീഷ്യല്‍ ബ്രാഞ്ചാണെന്ന് പരസ്യമായി തന്റെ സത്യപ്രതിജ്ഞവേളയില്‍ പ്രസംഗിച്ച ആളാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ജുഡീഷ്യറിയും നിര്വ്വഹണവിഭാഗവുമായുള്ള പരിപൂര്‍ണ്ണ വിഭജന തത്വത്തില്‍ അദ്ദേഹം വിശ്വസിക്കുന്നപോലെ തോന്നുന്നില്ല. ഏതായാലും സുപ്രീംകോടതി കര്‍ക്കശമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ച എംഒപി കാറ്റില്‍ പറത്തികൊണ്ട് അതില്‍ നിര്‍ണ്ണയിച്ച ആദായനികുതിപോലും അടക്കാത്ത അനര്‍ഹരായ ചിലരുടെ പേരുകള്‍ സുപ്രീംകോടതിയുടെ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തു.
ഫലം, അവരില്‍പ്പെട്ടവരെ അഭിമുഖത്തിന് വിളിച്ചപ്പോള്‍ അവര്‍ക്കുതന്നെ സമ്മതിക്കേണ്ടിവന്നു എംഓപി നിബന്ധനകളില്‍ ഉള്‍കൊള്ളുന്നവരല്ല തങ്ങളെന്നും ആദായനികുതി റിട്ടേണുകള്‍ തിരുത്തി വീണ്ടും സമര്‍പ്പിച്ചിട്ടുണ്ടെന്നും മാത്രമായിരുന്നു അവരുടെ നിലപാട്. എന്നിട്ടും കേരളാ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത പത്തുപേരില്‍ രണ്ട് പേരെ മാത്രമാണ് സുപ്രീംകോടതി അംഗീകരിച്ചത്. കുലീനരും മാന്യരുമായ അവരില്‍ ഉള്‍പ്പെട്ട ചിലര്‍ അപമാനിതരായി. ഈ സംഭവവികാസം കേരളാഹൈക്കോടതിയുടെ സല്‍പ്പേരിന് തീരാക്കളങ്കമുണ്ടാക്കി. സുപ്രീംകോടതി കല്‍പ്പിച്ചുനല്‍കുന്ന നിബന്ധനകള്‍പോലും പാലിക്കാതെ ശുപാര്‍ശകള്‍ നടത്താന്‍ പാടില്ലെന്ന് അറിവില്ലാത്തവരല്ലല്ലോ നമ്മുടെ ബഹുമാന്യരായ ജഡ്ജിമാര്‍. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു? ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരുടെ നടപടിക്രമങ്ങളിലാണ് സുപ്രീംകോടതി പരിപൂര്‍ണ്ണ പാളിച്ചയും ചട്ടലംഘനവും കണ്ടെത്തിയത്.
രാജ്യത്തെ മറ്റേത് ഹൈക്കോടതിയോടും കിടപിടിക്കാന്‍ പോരുന്ന ഉന്നതനിലവാരം പുലര്‍ത്തുന്ന ചെറുപ്പക്കാരായ നിരവധി ജഡ്ജിമാര്‍ ഇന്ന് കേരള ഹൈക്കോടതിയിലുണ്ട്. കാര്യക്ഷമതയും പ്രതിബന്ധതയും സ്വഭാവശുദ്ധിയും ഓത്തുചേര്ന്നവര്. അവര്‍ സ്ഥാനം അലങ്കരിക്കുന്ന കോടതിയില്‍നിന്ന് ഒരിക്കവും നീതികരിക്കാനാവാത്ത ഇത്തരം പാകപ്പിഴകള്‍ എങ്ങനെ വന്നുവെന്നത് സുപ്രീംകോടതിയും കേന്ദ്ര നിയമവകുപ്പും പരിശോധിക്കേണ്ടതായി വന്നിരിക്കുന്നു. വേണ്ട വിഷയത്തില്‍ ശ്രദ്ധിക്കാതെയുള്ള ഈ കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ എങ്ങനെ സ്വീകരിക്കാനാകും? പാടെ നിരാകരിക്കുകയല്ലാതെ മറ്റ് പോംവഴികള്‍ ഒന്നും കാണുന്നില്ല. കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആ മഹത് സ്ഥാപനത്തിന് ഇത്രമാത്രം കളങ്കമുണ്ടാക്കുന്ന മറ്റൊരു നടപടി അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. കോടതികള്‍ അവസന അശ്രയമാണെന്ന് കരുതുന്ന സാധാരണക്കാരെ ഓര്‍ത്തെങ്കിലും ഇതിന് പരിഹാരം കണ്ടെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: