ഇരിട്ടി: തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ റോഡ് വീതികൂട്ടി പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് ഭൂമി കയ്യേറി നിര്‍മ്മിച്ച ടൗണിലെ അനധികൃത നിര്‍മ്മിതികളും കെട്ടിടങ്ങളും റവന്യൂ വകുപ്പ് പൊളിച്ചുനീക്കിത്തുടങ്ങി. കയ്യേറ്റക്കാര്‍ക്ക് നല്കിയ സമയ പരിധി അവസാനിച്ചതും ചില വ്യാപാരികള്‍ കോടതിയെ സമീപിച്ചതും പൊളിച്ചുമാറ്റാന്‍ തയാറായ കെട്ടിട ഉടമകളെയും വ്യാപാരികളെയും വ്യാപാരി സംഘടകള്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചതും മറ്റും റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുകയാണ്. കഴിഞ്ഞ താലൂക്ക് സഭയില്‍ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സമവായവും വേണ്ടെന്നു പറയുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്റെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണത്തോടെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
സ്വകാര്യവ്യക്തികള്‍ കയ്യേറി നിര്‍മ്മിച്ച നിര്‍മ്മിതികള്‍ പൊളിച്ചു മാറ്റി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ഓവുചാല്‍ മാറ്റി പുതിയവ നിര്‍മ്മിക്കുന്നതോടെ തന്നെ പയഞ്ചേരി മുതല്‍ ഇരിട്ടി പാലം വരെ നാലുവരി പാത നിര്‍മ്മിക്കാനാവും.
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇരിട്ടി പട്ടണത്തിലുണ്ടാകാനിടയുള്ള ഗതാഗതക്കുരുക്ക് കൂടി കണക്കിലെടുത്താണ് നഗരത്തിലെ റോഡുകള്‍ പുതുക്കി നിര്‍മ്മിക്കുന്നത്. മട്ടന്നൂര്‍ കളറോഡ് പാലം മുതല്‍ കൂട്ടുപുഴ വളവ്പാറ വരെയുള്ള കെഎസ്ടിപി റോഡ് നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏതാണ്ട് ഒരു മാസം മുന്‍പെങ്കിലും തീരേണ്ടിയിരുന്ന ഇരിട്ടി ടൗണ്‍ റോഡ് നിര്‍മ്മാണം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും വ്യാപാരികളുടെ തടസ്സവാദങ്ങള്‍ മൂലം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞയാഴ്ച സ്ഥലം സന്ദര്‍ശിച്ച തലശ്ശേരി സബ് കലക്ടര്‍ കെ.ചന്ദ്രശേഖരന് കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും വേണ്ടെന്നു പറഞ്ഞിരുന്നു. തഹസിദാര്‍ കെ.കെ.ദിവാകരനെ കൂടാതെ ഹെഡ് സര്‍വേയര്‍ ഷെരീഫ്, സര്‍വയര്‍ ജില്‍സ്, സുരേഷ്, ശിഹാബുദ്ദീന്, വില്ലേജ് അസിസ്റ്റന്റ് മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇരിട്ടി സിഐ രാജീവന് വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സംരക്ഷണമൊരുക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: