കോട്ടയം: നട്ടാശേരി സ്വദേശി കെവിന്റെ കൊലപാതകം ദുരഭിമാന കൊലയെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി നാലാണ് സാഹചര്യങ്ങള്‍ പരിശോധിച്ച് സംഭവം ദുരഭിമാനക്കൊലയെന്ന് വിധിച്ചത്. പ്രോസിക്യൂഷന്റെ മുഴുവന്‍ വാദങ്ങളും സെഷന്‍സ് കോടതി അംഗീകരിച്ചു.
സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരം കേസ് അതിവേഗ കോടതിയിലേക്ക് മാറ്റും. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന് സവര്‍ണ ക്രിസ്ത്യാനിയായ നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രോസിക്യൂഷന് വാദം. എന്നാല്‍, പ്രതിഭാഗം പ്രോസിക്യൂഷന്റെ വാദങ്ങള്‍ എതിര്‍ത്തു. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ മെയ് 28നാണ് കോട്ടയം സ്വദേശിയായ കെവിനെ ഭാര്യ നീനുവിന്റെ സഹോദരന് സാനു ചാക്കോയും സംഘവും തട്ടിക്കൊണ്ടുപോയി കൊന്നത്. കെവിന്റെ മൃതദേഹം കൊല്ലം ചാലിയേക്കര ആറ്റില്‍ നിന്ന് കണ്ടെത്തി. മര്‍ദ്ദിച്ച ശേഷം കെവിനെ ആറ്റില്‍ തള്ളിയിട്ടുവെന്നാണ് കേസ്.
സാനു ചാക്കോയെ മുഖ്യപ്രതിയാക്കിയാണ് പ്രോസിക്യൂഷന് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. നീനുവിന്റെ അച്ഛന് ചാക്കോ ഉള്‍പ്പെടെ 14 പ്രതികളാണുള്ളത്. കെവിനും നീനുവുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വൈരാഗ്യം തോന്നിയ പ്രതികള്‍ കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നീനുവിന്റെ സഹോദരന് സാനു ചാക്കോ ഒന്നാം പ്രതിയും, പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍, എന്നിവയ്ക്ക് പുറമേ ഗൂഢാലോചന, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. 186 സാക്ഷി മൊഴികളും 180 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. 87 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: