ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് കയ്യേറിയിട്ട് ഇന്ന് 560 ദിവസം പിന്നിടുന്നു. ക്ഷേത്രവിമോചനത്തിന്റെ പ്രായവും 560 ദിവസം തികയുന്നു. ക്ഷേത്രവിമോചനത്തിനുവേണ്ടി നാമജപം ആരംഭിച്ചത് രണ്ടാം കയ്യേറ്റത്തിന് ശേഷം 2017 നവംബര്‍ 7നാണ്. ആ യജ്ഞം 365 ദിവസം പൂര്‍ത്തിയാക്കുന്നു.
ഹിന്ദുസമൂഹത്തെ തകര്‍ക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മത്തെയും ഹിന്ദു സംസ്കാരത്തെയും തകര്‍ക്കണം. അതിന് ആദ്യം തകരേണ്ടത് ക്ഷേത്രങ്ങളാണെന്ന സിപിഎം പാര്‍ട്ടി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കയ്യേറിയതും ആചാരലംഘനം നടത്തിയതും. ശബരിമലയെ തകര്ത്തെ വിശ്രമിക്കൂ എന്ന് പ്രതിജ്ഞയെടുത്ത ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎം ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പരിപൂര്‍ണ്ണമായി കയ്യേറിയിട്ട് നവംബര്‍ 7ന് ഒരു വര്‍ഷം പൂര്‍ത്തിയാകും.
ഒന്നുമില്ലായ്മയില്‍ നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തെ നാലുപതിറ്റാണ്ടത്തെ പ്രയത്നം കൊണ്ടാണ് ‘പാര്‍ത്ഥസാരഥി ഭരണസംഘം’ ഒരു മഹാക്ഷേത്രമാക്കി ഉയര്‍ത്തിയത്. മറ്റുമതങ്ങളുടെ ആരാധനാലയങ്ങള്‍ അവര്‍തന്നെ ഭരിക്കുകയും സമ്പത്ത് ആ സമൂഹത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ഹിന്ദുക്ഷേത്രങ്ങള്‍ ഭൂരിഭാഗവും ഭരിക്കുന്നത് ദേവസ്വം ബോര്‍ഡുകളാണ്. വിശ്വാസികള്‍ നേരിട്ട് ഭരണം നടത്തുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം.
സിപിഎം പ്രവര്‍ത്തകരായ ക്ഷേത്രജീവനക്കാരും, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമാണ് ക്ഷേത്രം കയ്യേറുന്നതിന് നിഗൂഢപദ്ധതികള്‍ തയ്യാറാക്കിയത്. പാര്‍ത്ഥസാരഥി ഭരണസംഘത്തില്‍ അന്തഃഛിദ്രമുണ്ടാക്കി, ക്ഷേത്ര പ്രവര്‍ത്തനത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കി, ക്ഷേത്രത്തിനും, വിശ്വാസികള്‍ക്കും വേണ്ടി നിലകൊണ്ട മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇടത്സര്‍ക്കാര്‍ ഭരിക്കുന്ന കാലഘട്ടത്തില്‍ ദേവസ്വംബോര്‍ഡില്‍ സ്വാധീനം ചെലുത്തി കള്ള പരാതി നല്കി. ഒരു സ്വകാര്യദേവസ്വം ക്ഷേത്രം ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട ഔദ്യോഗിക നടപടികള്‍ പാലിക്കാതെ, കോടതിയില്‍ കേസു നിലനില്‍ക്കേ 2017 ഏപ്രില്‍ 26ന് പാര്‍ത്ഥസാരഥി ക്ഷേത്രം കയ്യേറി. ക്ഷേത്രം മാനേജരെയും ഭരണസംഘം പ്രവര്‍ത്തകരെയും പോലീസ് ആട്ടിപ്പായിച്ചു.
ഗുരുവായൂരില്‍ ഭക്തജനങ്ങള്‍ ഒത്തുകൂടി പ്രതിഷേധിച്ച് ക്ഷേത്രത്തിന് മുന്നില്‍ നാമജപം ആരംഭിച്ചു. ക്ഷേത്ര വിമോചന സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ 18 മാസമായി ക്ഷേത്രവിമോചന സമരം നടന്നുവരുകയാണ്.
ക്ഷേത്രകയ്യേറ്റത്തെ മെയ് 29ന് ഹൈക്കോടതി സ്റ്റേ ചെയ്തു. മെയ് 30ന് ദേവസ്വം ജീവനക്കാരും, പാര്‍ട്ടി നിയോഗിച്ചയാളുകളും ക്ഷേത്രംവിട്ട് ഒഴിഞ്ഞുപോയി. ആ 33 ദിവസത്തിനുള്ളില്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില് നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കപ്പെട്ടു. ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് ലോക്കര്മുറിച്ച് കിലോക്കണക്കിന് സ്വര്‍ണ്ണം, വെള്ളി തിരുവാഭരണങ്ങള്‍ എന്നിവ കൈക്കലാക്കി. ഒരു കണക്കും പാര്‍ത്ഥസാരഥി ഭരണസംഘത്തെ ഏല്പിച്ചില്ല. ലോക്കര്‍ വെട്ടിപ്പൊളിക്കുന്ന സമയത്ത് എതിര്‍ത്ത സ്ത്രീകള്‍ അടക്കമുള്ള ഭക്തര്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് കേസെടുപ്പിച്ച് മര്‍ദ്ദിച്ചു. ക്ഷേത്രം വിശ്വാസികള്‍ക്ക് തിരിച്ചു കിട്ടിയപ്പോള്‍ നൂറുകണക്കിന് ഭക്തര്‍ ഗുരുവായൂര്‍ നഗരത്തില്‍ നമജപഘോഷയാത്ര നടത്തി.
പക്ഷേ വിധ്വംസകര്‍ അടങ്ങിയിരുന്നില്ല. 2017 സെപ്തംബര്‍ 21ന് രാവിലെ 7മണിക്ക് തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്. നായരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസുകാര്‍ ക്ഷേത്രം കയ്യേറാനെത്തി. ഭക്തര്‍ തടിച്ചുകൂടി. എതിര്‍പ്പിനെ അതിജീവിക്കാനാവാതെ അവര്‍ തിരിച്ചുപോയി. കോടതിവിധി കാത്തിരിക്കാന്‍ ഭരണകൂടമോ, മലബാര്‍ ദേവസ്വംബോര്‍ഡോ സിപിഎമ്മോ തയ്യാറായിരുന്നില്ല. 2017 നവംബര്‍ 7ന് പുലര്‍ച്ചെ 2 മണിക്ക് കമാന്‍ഡോ ഓപ്പറേഷന് പോലെ, അഞ്ഞൂറോളം പോലീസുകാര്‍ ക്ഷേത്രം വളഞ്ഞു. പുലര്‍ച്ചെ 4 മണിയോടുകൂടി പോലീസ് ക്ഷേത്രം കയ്യേറി ദേവസ്വത്തിന് കൈമാറി.
2017 നവംബര്‍ 10ന് മാര്ഗ്ഗദര്ശ്ശകമണ്ഡല് ജനറല്‍ സെക്രട്ടറി സംപൂജ്യ സത്സ്വരൂപാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ പത്തോളം സന്യാസി ശ്രേഷ്ഠര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സന്ദര്‍ശിച്ചു. നവംബര്‍ 15ന് ഗുരുവായൂര്‍ ഹിന്ദുനേതൃസമ്മേളനം നടന്നു. 84 ഹിന്ദുസംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ക്ഷേത്രവിമോചന സമരത്തെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഹിന്ദുനേതൃസമ്മേളനത്തിന്റെ തീരുമാനപ്രകാരം 2017 നവംബര്‍ 25ന് പാര്‍ത്ഥസാരഥി ക്ഷേത്രവിമോചന സമിതി വിപുലീകരിച്ചു.
ക്ഷേത്രം കയ്യേറി 40-ാം ദിവസം 2017 ഡിസംബര്‍ 17ന് ജില്ലയിലെ 7 താലൂക്കുകളിലും ഭക്തജനകണ്വന്ഷന് നടത്തി, താലൂക്ക് സമിതികള്‍ രൂപീകരിച്ചു. 2018 ജനുവരി 8 മുതല്‍ 13 വരെ 6 ദിവസം നീണ്ട ക്ഷേത്രരക്ഷാ ജ്യോതിപ്രയാണം നടത്തി. ജനുവരി 14 മകരവിളക്ക് ദിനത്തില്‍ ഗുരുവായൂരില്‍ നടന്ന ക്ഷേത്രരക്ഷാ ജ്യോതി തെളിയിക്കല്‍ ഐതിഹാസിക സമരമായി മാറി. 5000ല്‍ അധികം പേര് പങ്കെടുത്തു.
ക്ഷേത്രം കയ്യേറിയതിന്റെ നൂറാംദിനത്തില്‍ 100 കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേയ്ക്ക് നാമജപയാത്ര നടത്തി. രാമനവമി മുതല്‍ ഹനുമദ് ജയന്തിവരെ ജനജാഗരണ യജ്ഞം നടത്തി. 50,000 പേരെ സമ്പര്‍ക്കം ചെയ്തു.
കേരളത്തിലെ ക്ഷേത്രവിമോചന സമരങ്ങള്‍ക്ക് വീര്യം പകര്‍ന്ന് നടത്തിയ ലോങ്മാര്‍ച്ച് ഗുരുവായൂരില്‍ നിന്ന് ആരംഭിച്ച് പദയാത്രയായി കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ സമാപിച്ചു. 75,000 പേര് ഒപ്പിട്ട നിവേദനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് സമര്‍പ്പിച്ചു. ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്തുനിന്ന് ആരംഭിച്ച് പാര്‍ത്ഥസാരഥിയില്‍ അവസാനിക്കുന്ന നാമജപം ഇന്ന് 365 ദിവസം (ഒരു വര്‍ഷം) പൂര്‍ത്തിയാക്കുകയാണ്. നാമജപത്തില്‍ പങ്കെടുക്കുന്ന അമ്മമാര്‍ അടക്കമുള്ള ഭക്തര്‍ക്കെതിരെ ഗുരുവായൂര്‍ പോലീസ് 85 ഓളം കേസുകള്‍ എടുത്തു. ആ 365-ാം ദിവസം വിമോചനസമരത്തിന്റെ 560-ാം ദിവസം പ്രതികാത്മകമായി ക്ഷേത്രം പിടിച്ചെടുക്കുന്നതിന് ഭക്തര്‍ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു കയ്യേറ്റക്കരായ മലബാര്‍ ദേവസ്വം ബോര്‍ഡ് ഒഴിഞ്ഞ് പോകുന്നതുവരെ ഈ ധര്‍മ്മസമരം തുടരും.
(പാര്‍ത്ഥസാരഥി ക്ഷേത്രവിമോചന സമിതിയുടെ ജോയിന്റ് ജനറല്‍ കണ്‍വീനറാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: