കോട്ടയം: ഹോക്കിയിലും ഫുട്ബോളിലും മിന്നിത്തിളങ്ങുന്ന കാവ്യ മനോജിന്റെ ഇല്ലായ്മകള്‍ കായിക ഭരണം നടത്തുന്നവര്‍ കണ്ണുതുറന്ന് കാണണം. ദേശീയ ഹോക്കി താരവും സംസ്ഥാന ഫുട്ബോള്‍ താരവുമാണ്. ഹോക്കിയിലും ഫുട്ബോളിലും മികവു തെളിയിച്ച ഈ പ്രതിഭ വീടെന്ന സ്വപ്നവുമായാണ് കായികലോകത്തിന് മുമ്പില്‍ നില്‍ക്കുന്നത്. മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കണമെന്ന് പ്രസ്താവന ഇറക്കുന്ന നമ്മുടെ ഭരണ നേതൃത്വം കാണാതെ പോവുകയാണ് ഇത്തരം രോദനങ്ങള്‍.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കാവ്യ കായിക ലോകത്തേക്ക് കടന്നുവന്നത്. 2014-ല്‍ പൂനെയിലും 2015-ല്‍ റാഞ്ചിയിലും നടന്ന ദേശീയ ഹോക്കിയില്‍ കേരളത്തെ പ്രതിനിധാനം ചെയ്തു. 2013-ല്‍ പാലക്കാട്ട് നടന്ന പിവൈകെകെഎ സംസ്ഥാന ഫുട്ബോള്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. 2015-ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായിക മത്സരത്തില്‍ വെള്ളി മെഡലും.
2014-ല്‍ മലപ്പുറത്ത് നടന്ന ആര്ജികെഎ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 2016-ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന ജൂനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 2015-ല്‍ പാലക്കാട്ട് നടന്ന സ്കൂള്‍ കായിക മേളയില്‍ ഫുട്ബോളില്‍ സ്വര്‍ണം കരസ്ഥമാക്കി. 2017-ല്‍ തിരുവല്ലയില്‍ നടന്ന സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടി. 2017-ല്‍ തിരുവനന്തപുരത്ത് നടന്ന ആദ്യ ഓര്‍ജ കപ്പില്‍ സ്വര്‍ണം നേടി.
വൈക്കം വെള്ളൂരിലാണ് ഇവരുടെ വീട്. അടച്ചുറപ്പില്ലാത്ത ഈ വീട്ടില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വളരെയേറെ നാശനഷ്ടം സംഭവിച്ചു. പാടത്തിന് സമീപമുള്ള വീട്ടില്‍ വേഗത്തില്‍ വെള്ളം കയറും. ഷീറ്റുകൊണ്ട് മറച്ച വീട്ടിലാണ് ഈ കായിക താരം ജീവിക്കുന്നത്. അച്ഛന് മനോജിന് കൂലിപ്പണിയാണ്. അതില്‍ നിന്ന് കിട്ടുന്ന വരുമാനം നീക്കിവെച്ചാണ് മകളുടെ കായിക സ്വപ്നങ്ങള്‍ക്ക് ഈ അച്ഛന് വര്‍ണം ചാലിക്കുന്നത്. അമ്മ ഷൈല. കാവ്യ ഇപ്പോള്‍ നാട്ടകം ഗവ. കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: