നിലയ്ക്കല്‍: ദിവസങ്ങളായി നിലയ്ക്കലില്‍ പോലീസ് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതില്‍ പ്രതിഷേധം ശക്തം. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടാത്തതാണ് പ്രതിഷേധത്തിന് കാരണം. ഇന്നലെ രാവിലെ പമ്പയിലേക്ക് പോകാനെത്തിയ ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും നേതാക്കളുടെ വാഹനം പോലീസ് തടഞ്ഞത് തര്‍ക്കത്തിനിടയാക്കി. ഭക്തരെ തടയുകയും പോലീസിന് താല്പര്യമുള്ളവരുടെയും വിഐപികളുടെയും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്യുന്ന നടപടിക്കെതിരെയാണ് നേതാക്കള്‍ ശബ്ദമുയര്‍ത്തിയത്.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ നിലയ്ക്കലിലെത്തിയ തനിക്ക് അവിടെ നിരവധി സ്വകാര്യ വാഹനങ്ങള്‍ കാണാന്‍ കഴിഞ്ഞതായും പോലീസ് വിവേചനം കാട്ടുന്നതായും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്സണുമായ കെ.പി. ശശികല പറഞ്ഞു.
പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഭക്തരെ പീഡിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വാഹനങ്ങള്‍ തടയുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് ഭക്തരെ ദുരിതത്തിലാക്കാനാണ് ശ്രമം. പമ്പാ ഗണപതികോവിലിലേക്ക് പോകാന്‍ ഭക്തരെ അനുവദിക്കുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
ശബരിമലയിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ശബരിമല കര്‍മസമിതി സംസ്ഥാന സംയോജകന്‍ കെ. കൃഷ്ണന്‍കുട്ടി, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, അഡ്വ. ഷൈന്‍ ജി കുറുപ്പ്, എം. അയ്യപ്പന്‍കുട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പമ്പയിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഡിവൈഎസ്പി സുധാകരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രകോപനപരമായ തരത്തിലാണ് ഇടപെടുന്നത്.
ഗതാഗതതടസം നാട്ടുകാരെയും ദുരിതത്തിലാക്കുന്നു
നിലയ്ക്കല്‍: ദിവസങ്ങളായി തുടരുന്ന ഗതാഗത നിരോധനം പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. മൂന്നാം തീയതി മുതല്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്ന പോലീസ് ഇലവുങ്കല്‍ മുതല്‍ പമ്പയിലേക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നിലയ്ക്കല്‍, പമ്പ ക്ഷേത്രങ്ങളിലേക്കും ഭക്തരെ കടത്തിവിടാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നീടാണ് പോലീസ് ഗതാഗതതടസം നിലയ്ക്കലിലേക്ക് മാറ്റിയത്. വാഹനങ്ങളില്‍ എത്തുന്നവരെ കുറ്റവാളികളെ പോലെ ചോദ്യം ചെയ്യുകയും വാഹനങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. പരിശോധനയുടെ പേരില്‍ മണിക്കൂറുകള്‍ കിടക്കേണ്ടി വരുന്നത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. പോലീസിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: