വിവാദങ്ങള്‍ കൂടാതെ ഒരടി മുന്നോട്ടു നീങ്ങാന്‍ പിണറായി വിജയന് സര്‍ക്കാരിനു പറ്റില്ലെന്നു തോന്നുന്നു. ഭൂമി വിവാദം, ബന്ധു വിവാദം, നിയമന വിവാദം, ലൈംഗീക വിവാദം, ശബരിമല വിവാദം അങ്ങനെ ചങ്ങലയായി നീളുകയാണ് വിവാദങ്ങള്‍. അതിപ്പോള്‍ രണ്ടാം ബന്ധുനിയമന വിവാദത്തില്‍ വന്നെത്തിനില്ക്കുന്നു. മന്ത്രി കെ.ടി. ജലീലാണ് ഇത്തവണത്തെ വിവാദ നായകന്. ആദ്യത്തെയാള്‍ ഇ.പി. ജയരാജനായിരുന്നു. ഇരുവരും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരാണെന്നത് എടുത്തു പറയണം. അതുകൊണ്ടുതന്നെയായിരിക്കാം, ജലീലിനെ മുഖ്യമന്ത്രി ശക്തമായി ന്യായീകരിക്കുന്നുമുണ്ട്. മുഖ്യന് പറഞ്ഞാല്‍പിന്നെ പാര്‍ട്ടിക്ക് സംശയിക്കാനില്ലല്ലോ. പാര്‍ട്ടി നേതൃത്വവും ജലീലിന് ഒപ്പം തന്നെ. ന്യൂനപക്ഷ വികസന സാമ്പത്തിക കോര്പ്പറേഷന് ജനറല്‍ മാനേജരായി തന്റെ പിതൃസഹോദരന്റെ പുത്രന് കെ.ടി. അദീബിനെ മാനദണ്ഡം മറികടന്നു നിയമിച്ചു എന്നാണ് വിവാദം. ഏതായാലും ജയരാജന്റെ പേരില്‍ സ്വീകരിച്ച നിലപാട് ജലീലിന്റെ കാര്യത്തില്‍ എടുക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും മടിക്കുന്നു എന്നതു പുതിയ വിവാദമായി നിലനില്ക്കുന്നു.
വിവാദത്തിന്റെ പേരില്‍ മുന്‍പു രാജിവച്ച ജയരാജന് തന്നെ ഇപ്പോള്‍ പറയുന്നുണ്ട് ജലീല്‍ രാജിവയ്ക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന്. പക്ഷേ, പാര്‍ട്ടിയും മുഖ്യനും ജയരാജനും അങ്ങനെ പറഞ്ഞാലും പൊതുജനത്തിന് അതങ്ങോട്ടു ദഹിക്കുന്നില്ല. ഈ രണ്ടു മന്ത്രിമാരുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഈ രണ്ടുതരം നീതി? അതറിയാന്‍ ജനത്തിന് അവകാശമുണ്ട്. വിശദീകരിക്കാന്‍ സര്‍ക്കാരിനുബാധ്യതയുമുണ്ട്. ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ പോലും ആവശ്യമില്ലെന്നും ആണയിടുന്ന ജലീല്‍ പിന്നീടു പറയുന്നതെല്ലാം ക്രമവിരുദ്ധമാണ്. അറിയിപ്പു നല്കി അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തിയശേഷം യോഗ്യരായ ആളെ കിട്ടാത്തതിനാലാണ് അദീബിനെ നിയമിച്ചതെന്നാണു മന്ത്രിയുടെ വിശദീകരണം. അഭിമുഖത്തിനു വന്നവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലായിരുന്നുവത്രെ. പക്ഷേ, യോഗ്യത ഇല്ലാത്തവരെ എന്തിന് അഭിമുഖത്തിനു വിളിച്ചു എന്നു ചോദിച്ചാല്‍ മന്ത്രിക്കു മറുപടിയില്ല. അഭിമുഖത്തിന് വരാതിരുന്ന അദീബിനെ നിയമിച്ചത് എന്തിനെന്നതിനുള്ള മറുപടി, യോഗ്യത ഉള്ളവരെ കിട്ടാത്തതിനാല്‍ അര്‍ഹതയുള്ളയാളെ കണ്ടെത്തി നിയമിച്ചു എന്നാണ്. അപേക്ഷയ്ക്കുള്ള അറിയിപ്പ് നല്‍കുന്നതിന് ഒരാഴ്ച മുന്‍പു നിയമന യോഗ്യതയില്‍ മാറ്റംവരുത്തിയതും അപേക്ഷിച്ച ശേഷം താത്പര്യമില്ലെന്നു പറഞ്ഞയാള്‍ പിന്നീടു തല്പരനായി വന്നതും ദുരൂഹമായി ബാക്കി നില്ക്കുന്നു. ആ തസ്തിക രണ്ടുവര്‍ഷം ഒഴിച്ചിട്ട്, ഇ.പി. ജയരാജന് വീണ്ടും മന്ത്രിയായ ശേഷം നിയമനം നടത്തിയതിലും സംശയം നിലനില്ക്കുന്നു. പലതും വിശദീകരിക്കാന്‍ മന്ത്രിക്കു കഴിയുന്നുമില്ല.
വിശദീകരണം എന്തായാലും ജയരാജനെപ്പോലെ ജലീലിനെ തൊടാന്‍ പാര്‍ട്ടിക്കു പേടിയുണ്ട് എന്നതാണു സത്യം. പാര്‍ട്ടിയിലെ കരുത്തനായിരുന്നിട്ടും ജയരാജനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി. ആ സ്വാധീനം അത്രതന്നെ ജലീലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കില്ല. വിഘടനവാദ, തീവ്രവാദ വിഭഗങ്ങളുമായി പാര്‍ട്ടിയെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് കെ.ടി. ജലീല്‍ എന്ന ആരോപണം പണ്ടേ ഉണ്ട്. പാര്‍ട്ടി പേടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നൊരു വിഭാഗമാണല്ലോ അത്. അവരെ സന്തോഷിപ്പിക്കേണ്ടതും കൂടെ നിര്‍ത്തേണ്ടതും ആവശ്യമാണ്. പിണക്കിയാല്‍, പാര്‍ട്ടിക്കു വേണ്ടി മറ്റുള്ളവര്‍ക്കിട്ടു ചെയ്യുന്നത് അവര്‍ പാര്ട്ടിക്കിട്ടു ചെയ്തെന്നുവരും. അവര്‍ പിണങ്ങാതിരിക്കണമെങ്കില്‍ കണ്ണിയും പിണങ്ങാതിരിക്കണം. അതുകൊണ്ട് അപൂര്‍വമായി മാത്രം പാര്‍ട്ടി സ്വീകരിക്കുന്ന മൃദുസമീപനം ഇവിടെ സ്വീകരിച്ചെന്നു മാത്രം. പക്ഷേ, അവിടംകൊണ്ടു പ്രശ്നം തീരുമോയെന്നു പറയാനാകില്ല. പാര്‍ട്ടിക്കു തൃപ്തിയായതുകൊണ്ടുമാത്രം ജനത്തിനു തൃപ്തിയാകണമെന്നില്ലല്ലോ. അന്വേഷണം വന്നാല്‍ കുടുങ്ങാനുള്ള പഴുതൊക്കെ സംഭവത്തില്‍ ബാക്കി വച്ചിട്ടുണ്ട്. തത്ക്കാലം ശബരിമല പ്രശ്നത്തിന്റെ മറവില്‍ നില്‍ക്കാമെങ്കിലും പ്രശ്നം ചൂടുപിടിച്ചാല്‍ നാലാമതൊരു മന്ത്രി കൂടി മന്ത്രിസഭയില്‍ നിന്നു പുറത്തായിക്കൂടായ്കയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: