ന്യൂദല്‍ഹി: എസ്എന്‍സി ലാവ്ലിന് അഴിമതി കേസില്‍ ഒമ്പതാം പ്രതിയായിരുന്ന പിണറായി വിജയനെ ഒഴിവാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. സിബിഐക്ക് പുറമേ അന്നത്തെ കെപിസിസി പ്രസിഡന്റ് ആയിരുന്ന വി എം സുധീരനും ഹര്‍ജി നല്‍കിയിരുന്നു. എല്ലാ കേസുകളും ഒന്നിച്ച് ജനുവരിയില്‍ പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതിനെതിരെ കൂട്ടുപ്രതികള്‍ നല്‍കിയതടക്കമുള്ള ഹര്‍ജികള്‍ ജസ്റ്റിസുമാരായ എന്‍.വി. രമണ, ശാന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണനയിലെടുത്തത്. ലാവ്ലിന് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. വിചാരണ പോലും നേരിടാതെയാണ് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ കേസില്‍ നിന്നും ഒഴിവാക്കിയത്.
പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് ഹൈക്കോടതി ഭാഗികമായി ശരിവച്ചിരുന്നു. പിണറായിക്ക് പുറമേ മോഹനചന്ദ്രന്, എ. ഫ്രാന്‍സിസ് എന്നിവരെയും വെറുതെവിട്ടു. എന്നാല്‍, ജനറേഷന് വിഭാഗം ചീഫ് എഞ്ചിനീയറായിരുന്ന കസ്തൂരി രംഗ അയ്യര്‍, ആര്. ശിവദാസന്‍, കെ.ജി. രാജശേഖരന് നായര്‍ അടക്കമുള്ള മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് മൂന്നു പേരും സുപ്രീംകോടതിയെ സമീപിച്ചത്.
ഇവരുടെ ഹര്‍ജികള്‍ പരിഗണിക്കുമ്ബോള്‍ സിബിഐ നല്കിയ സത്യവാങ്മൂലവും കോടതി പരിഗണിക്കും. ലാവ്ലിന് കരാറില്‍ വരുത്തിയ മാറ്റം അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് അറിയാതെ സാധ്യമാവില്ലെന്ന് സിബിഐയുടെ സത്യവാങ്മൂലത്തിലുണ്ട്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത് ലാവ്ലിന് കമ്പനിയുടെ അതിഥിയായി പിണറായി വിജയന് കാനഡയിലെത്തിയ സമയത്താണെന്നും സിബിഐ വിശദീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: