തലശ്ശേരി: ദുബായ് അയ്യപ്പസേവാ സമിതിയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ അയ്യപ്പ സേവാ സമിതിയുമായി ചേര്‍ന്ന് ശബരിമല ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള അയ്യപ്പവിശ്വാസികളെ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ആചാര സംരക്ഷണ സമിതികളുടെ രൂപീകരണവും തുടങ്ങി. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ശബരിമലയിലെ ആചാരങ്ങള്‍ പരിപാലിക്കുന്നതിനായി വിശ്വാസികളോടൊപ്പം നില്‍ക്കേണ്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും അപക്വമായ നടപടിയാണ് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി ഉണ്ടായത്. വിദേശ രാജ്യങ്ങളിലെ അയ്യപ്പവിശ്വാസികളെ മാനസീകമായി തളര്‍ത്തിയ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഇതിനെതിരെ ഒരു റിട്ട് ഹരജി നല്കാന് പോലും ബോര്‍ഡ് തയ്യാറായില്ല.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് വര്‍ഷംതോറും ശബരിമല സന്നിധാനത്തിലെത്തുന്നത്. അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനായിട്ടാണ് വിവിധ രാജ്യങ്ങളില്‍ അയ്യപ്പഭക്തരെ സംഘടിപ്പിച്ച് ധര്‍മ്മരക്ഷാ സംഗമങ്ങള്‍ നടത്തുന്നത്. ആചാര സംരക്ഷണ യോഗങ്ങള്‍, നാമജപയാത്രകള്‍, വനിതാ കൂട്ടായ്മകള്‍ തുടങ്ങിയവയും നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ വിവിധ രാജ്യങ്ങളില്‍ നിരവധി യോഗങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍, ശ്രീലങ്ക, മൗറീഷ്യസ്, ഓസ്ട്രേലിയ, സിങ്കപ്പൂര്‍, മലേഷ്യ, അമേരിക്ക, നെതര്‍ലാന്റ്, കാനഡ, തുടങ്ങി 42 രാജ്യങ്ങളില്‍ ആചാര സംരക്ഷണ സമിതി ഉടന്‍ തന്നെ രൂപീകരിക്കും. ലോകത്തില്‍ ഏറ്റവുമധികം ആരാധകരും വിശ്വാസികളും ഒത്ത് ചേരുന്ന ഒരു പുണ്യകേന്ദ്രമാണ് ശബരിമല. അതുകൊണ്ട് തന്നെ ശബരിമലയെ സംരക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടേയും ചുമതലയാണെന്ന് ദുബായിലെ സമിതിക്ക് നേതൃത്വം നല്കുന്ന തലശ്ശേരി സ്വദേശി എം.പി.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: