മലയാള സാഹിത്യത്തിന് ആധുനികതയുടെ ലഹരി നല്‍കിയ എഴുത്തുകാരന്‍ എം.മുന്ദന് എഴുത്തച്ഛന്‍ പുരസ്‌ക്കാരം. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനയ്‌ക്കാണ് മുകുന്ദനു പുരസ്‌ക്കാരം. പതിറ്റാണ്ടുകളായി മലയാള സാഹിത്യത്തെ പുതുവഴികളിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കിയ എഴുത്തുകാര്‍ക്കിടയില്‍ മുമ്പനാണ് എം.മുകുന്ദന്‍. കഥകളിലും നോവലുകളിലും പാശ്ചാത്യ സാഹിത്യത്തിന്റെ പുതിയ രുചികള്‍ പരീക്ഷിച്ച മുകുന്ദന്‍,അസ്തിത്വവാദ ദര്‍ശനത്തിന്റെവക്താവായാണ് കൂടുതലും അറിയപ്പെടുന്നത്. സാഹിത്യം ഉള്‍പ്പെടെ ഏതുരംഗത്തും നവതരംഗം ആദ്യം ഉണരുന്ന ഫ്രാന്‍സിനോടും ഫ്രഞ്ചുഭാഷയോടും അടുത്ത ബന്ധം ഉണ്ടായിരുന്ന മുകുന്ദന് ഇത്തരം മാറ്റം ആദ്യം ഉള്‍ക്കൊള്ളാനും അത് സാഹിത്യത്തില്‍ അവതരിപ്പിക്കാനും കഴിഞ്ഞു.
ആധുനിക മലയാള സാഹിത്യത്തില്‍ നോവലിലെ നാഴികക്കല്ലെന്നു പറയാവുന്ന ഖസാക്കിന്റെ ഇതിഹാസം, ആള്‍ക്കൂട്ടം, സ്മാരകശിലകള്‍ തുടങ്ങിയവയുടെ കൂട്ടത്തില്‍പ്പെട്ടതും ക്‌ളാസിക് ആയിത്തീര്‍ന്നതുമായ മുകുന്ദന്റെ നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.ചരിത്രവും ഫിക്ഷനും ഇഴചേര്‍ന്നുണ്ടായ ഈ കൃതിയില്‍ ഫ്രഞ്ചു സംസ്‌ക്കാരത്തിന്റെ അലകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഈ നോവലിലെ പല കഥാപാത്രങ്ങളും ജീവിച്ചിരുന്നവരാണ്. ആധുനിക മലയാള നോവല്‍ വായന പൂര്‍ത്തിയാകണമെങ്കില്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ കൂടി വായിക്കണമെന്നു പറയുന്നതു വെറുതെയല്ല.
പ്രണയം, കാമം, സ്വത്വപ്രതിസന്ധി, ലഹരി എന്നിവയുടെ പ്രവേശന കവാടങ്ങളും കുടിയിരിപ്പുകളുമാണ് മുകുന്ദന്റെ സാഹിത്യജീവിതം എന്നു പറയാറുണ്ട്.ഈ എഴുത്തുകാരന്റെ പുരുഷ കഥാപാത്രങ്ങള്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും പ്രണയത്തിന്റേയും കാമത്തിന്റേയും പുതു ഭൂമിക തേടുന്നവരും സദാചാര ധ്വംസകരും നടപ്പുസ്വഭാവം ഭഞ്ജിക്കുന്നവരുമാണ്. പ്രതിഷേധവും നിഷേധവും സൗന്ദര്യമായിക്കാണുകയായിരുന്നു ഈ കഥാപാത്രങ്ങള്‍.
കോളേജ് ജീവിതം കഴിഞ്ഞ് തൊഴിലില്ലാതേയും പ്രതീക്ഷകള്‍ അസ്തമിച്ചും നിരാശയിലായവരും മുംബൈയിലേക്കും ദല്‍ഹിയിലേക്കും പുറപ്പെട്ടുപോയവരുമൊക്കെയായ ചെറുപ്പക്കാരുടെ പ്രതിനിധികളാണ് മുകുന്ദന്റെ പല രചനകളിലേയും കഥാപാത്രങ്ങള്‍. ദല്‍ഹി, ഈലോകം അതിലൊരു മനുഷ്യന്‍, സീത, കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍,കേശവന്റെ വിലാപങ്ങള്‍, വേശ്യകളേ നിങ്ങള്‍ക്കൊരു അമ്പലം തുടങ്ങിയ നിരവധി കൃതികളുടെ രചയിതാവാണ് മുകുന്ദന്‍.
എന്താണ് ആധുനികത എന്ന മുകുന്ദന്റെ പുസ്തകം ആധുനികത യുടെ കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. അതുപോലെ ദല്‍ഹി1984 എന്ന കഥ അക്കാലത്ത് വലിയ വായനാസമൂഹത്തെ അഭിസംബോധന ചെയ്ത കഥയാണ്. ദല്‍ഹിയിലെ അന്നത്തെ നടുക്കുന്ന ഒരു യാഥാര്‍ഥ്യമായിരുന്നു കഥയുടെ പ്രമേയം. അടുത്തകാലത്ത് പ്രസിദ്ധീകരിച്ച അച്ഛന്‍, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, അപ്പന്റെ ബ്രാണ്ടിക്കുപ്പി തുടങ്ങിയ കഥകള്‍ സമകാലികമായ പ്രമേയത്താല്‍ വായനയുടെ ഊര്‍ജമായിത്തീര്‍ന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: