ചങ്ങനാശേരി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പായി സംസ്ഥാനത്തെ മുഴുവന്‍ എന്‍എസ്എസ് കരയോഗങ്ങളിലും വിശ്വാസ സംരക്ഷണ നാമജപയജ്ഞം. കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന നാമജപയജ്ഞത്തില്‍ സമുദായാംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.
മന്നം സമാധിയില്‍ നടന്ന നാമജപയജ്ഞത്തിന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നേതൃത്വം നല്കി. നായര്‍ സര്‍വ്വീസ് സൊസൈറ്റി 105-ാം ജന്മദിനം സംസ്ഥാന വ്യാപകമായി പതാകാദിനത്തിന്റെ ഭാഗമായിട്ടാണ് നാമജപം നടത്തിയത്.
5600-ല്‍ അധികം വരുന്ന കരയോഗങ്ങളില്‍ വിശ്വാസ സംരക്ഷണ നാമജപയജ്ഞം സംഘടിപ്പിച്ചു. എല്ലാ കരയോഗങ്ങളിലും പതാക ഉയര്‍ത്തിയതിന് ശേഷം അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് തെളിച്ച് സമുദായാംഗങ്ങള്‍ ശരണമന്ത്രനാമജപം നടത്തി. എന്‍എസ്എസ് ഹെഡ് ഓഫീസില്‍ മന്നം സമാധിയിലും എന്‍എസ്എസ് ഹെഡ് ഓഫീസിന് മുന്നിലും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പതാക ഉയര്‍ത്തി. കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ്, നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍, വിവിധ വകുപ്പ് മേധാവികള്‍, ഹെഡ് ഓഫീസ് ജീവനക്കാര്‍, കരയോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: