ഒരു സ്കൂള്‍ മീറ്റ് കൂടി കടന്നു പോയപ്പോള്‍, കേരളം കായിക മികവിന്റെ കാര്യത്തില്‍ ഇന്നും മികച്ച ഖനി തന്നെയാണെന്നു തെളിഞ്ഞു. പുതിയ താരങ്ങള്‍ മാത്രമല്ല പുതിയ കായിക അക്കാദമികളും തിളങ്ങി വന്നു. ഇതു മല്‍സരം കൂടുതല്‍ ശക്തവും ആരോഗ്യപൂര്ണവുമാക്കുകയും ചെയ്തു. ചാംപ്യന്‍ ജില്ലയായ എറണാകുളത്തിനും ചാംപ്യന്സ്കൂള് പട്ടത്തിലേയ്ക്കു തിരിച്ചു വന്ന കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിനും അഭിനന്ദനം. മേളയില്‍ നിന്നു തിളക്കത്തോടെ വന്ന കുട്ടികളെ സര്‍ക്കാര്‍ കൈവിടരുത്. മികച്ച ഭാവിയിലേയ്ക്കു അവരെ നയിക്കുക എന്ന ചുമതല വിദ്യാഭ്യാസ വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും ഏറ്റെടുക്കണം.
ഗ്ളാമറിലും നിലവാരത്തിലും മീറ്റ് പൊതുവെ പിന്നിലായിരുന്നു. പ്രളയം നാശം വിതച്ച മണ്ണില്‍ ഗ്ളാമറിനു സ്ഥാനമില്ലെന്നതു സ്വാഭാവികം മാത്രം. ആര്‍ഭാടം ഒഴിവാക്കിയ നടപടി അഭിനന്ദനമര്‍ഹിക്കുന്നുമുണ്ട്. പക്ഷേ, ചെലവു ചുരുക്കല്‍ കൂറച്ചു കടന്നു പോയില്ലേ എന്നു സംശയിക്കണം. നിലവാരത്തിലെ പോരായ്മ റെക്കോര്‍ഡുകളുടെ എണ്ണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. പത്തില്‍ത്താഴെ റെക്കോര്‍ഡുകള്‍ കണ്ട സ്കൂള്‍ മീറ്റ് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ട്രാക്കിന്റെ പോരായ്മ പ്രകടനത്തെ ബാധിച്ചു എന്നു പരാതിയുണ്ട്.മീറ്റുകള്‍ പലതും അടുത്തടുത്തു വന്നതും നിലവാരത്തെ ബാധിച്ചിട്ടുണ്ടാകാം. അതിനേക്കാളൊക്കെ പ്രധാനം, ചെലവു ചുരുക്കലിന്റെ ഭാഗമായി മല്‍സര ദിവസം മൂന്നായി കുറച്ചതായിരിക്കണം.
മൂന്നു ദിവസമായി നടന്നിരുന്ന മീറ്റ് ഏറെ പരാതികള്‍ക്കു ശേഷമാണ് നാലു ദിവസമാക്കിയത്. അതു വീണ്ടും മൂന്നു ദിവസമായി ചുരുക്കുമ്പോള്‍ മല്‍സരങ്ങള്‍ കൂടിക്കുഴയും. അതുകുട്ടികളുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും. ഇതുമൂലം പലര്‍ക്കും മല്‍സരത്തിനിറങ്ങാന്‍ കഴിയാതെ വന്നതായും പരാതിയുണ്ട്. മല്‍സരങ്ങള്‍ നടത്തിത്തീര്‍ക്കുക എന്നതല്ല, കൃത്യമായി നടത്തുക എന്നതാണ് പ്രധാനം. നടത്തിപ്പുകാര്‍ക്കു വേണ്ടിയല്ലല്ലോ കുട്ടികള്‍ക്കു വേണ്ടിയല്ലേ മല്‍സരം? മൂന്നും നാലും മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പലരുമുണ്ടാകും. ഒരു മല്‍സരത്തിന്റെ ക്ഷീണം തീരും മുന്‍പ് അടുത്ത മല്‍സരത്തിനു വിളിവന്നാല്‍ പിന്‍വാങ്ങുകയല്ലാതെ മാര്‍ഗമില്ലാതെ വരും. ഇതിനിടയില്‍ വേണം അവര്‍ക്കു വാംഅപ്പിനും ഭക്ഷണത്തിനുമൊക്കെയുള്ള സമയം കണ്ടെത്താന്‍. മൂന്നും നാലും പ്രായ വിഭാഗത്തിലുള്ള മല്‍സരങ്ങള്‍ ക്രമപ്പെടുത്തുക എന്നതു നല്ല വൈദഗ്ധ്യം വേണ്ട ഭാരിച്ച ജോലിയാണ്. അത് ഒരു ദിവസം കുറച്ചാല്‍ ഉണ്ടാകുന്ന ആശയക്കുഴപ്പത്തിന്, മല്‍സര ക്രമം തയ്യാറാക്കുന്നവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വേണ്ടത്ര സമയം നല്‍കുക മാത്രമാണു പരിഹാരം. ശാസ്ത്രീയമായി ഇത്തരം കാര്യങ്ങളെ സമീപിക്കാന്‍ നാം ഇനിയും ശീലിച്ചിട്ടില്ല എന്നതിനു തെളിവാണിത്.
വിജയികള്‍ക്കു മെഡലുകള്‍ നല്‍കേണ്ടെന്നു തീരുമാനിച്ചതും, പ്രളയത്തിന്റെ പേരിലെ ചെലവു ചുരുക്കലിന്റെ ഭാഗമായിരുന്നു. ഈ നടപടി ഫലത്തില്‍, പങ്കെടുത്തവരുടെ ഉല്സാഹത്തെത്തന്നെ ബാധിച്ചു. ഇതിനൊക്കെ എന്തു ചെലവാണു വരുന്നത് ? പലകാര്യങ്ങളിലും ധാരാളിത്തം തുടരുന്ന സര്‍ക്കാരിന് കുട്ടികളുടെ കാര്യത്തില്‍ മാത്രം പിശുക്കാന് തോന്നിയതു കഷ്ടമായിപ്പോയി. അവരുടെ സംതൃപ്തിക്കും സന്തോഷത്തിനും പകരമാകുമോ ഇതുമൂലം ലാഭിച്ച തുച്ഛമായ തുക?
മറുനാടന്‍ കുട്ടികളുടെ പ്രകടന മികവിലാണ് സെന്റ് ജോര്‍ജിന്റെ കിരീടനേട്ടമെന്ന പരാതി അവിടവിടെയായി ഉയരുന്നുണ്ട്. ഇതിനു രണ്ടുവശമുണ്ട്. ബംഗാളികളും നേപ്പാളികളും ബംഗ്ളാദേശുകാരും വരെ വന്നു പണിയെടുക്കുന്ന കേരളത്തില്‍ മറുനാട്ടുകാര്‍ പ്രശ്നമല്ലാതായിട്ടു കുറച്ചു നാളായി. അത്തരക്കാരുടെ കുട്ടികളുടെ വിജയങ്ങള്‍ ആദ്യമൊക്കെ വാര്‍ത്തയായിരുന്നെങ്കിലും ഇന്ന് അങ്ങനെയല്ലാതെയായിട്ടുമുണ്ട്. അച്ഛനമ്മമാര്‍ ഉള്ളിടങ്ങല്ല സ്കൂളുകളില്‍ അവരുടെ കുട്ടികള്‍ പഠിക്കാനെത്തുന്നതു സ്വാഭാവികം. മല്‍സര രംഗത്തു മികവു തെളിയിച്ചാല്‍ ജന്മനാടിന്റെ പേരില്‍ അവരെ മാറ്റിര്ത്താനാവുകയുമില്ല. ലോകംമുഴുവന്‍ ഉള്ള മലയാളികള്‍ക്ക് അതു പുതിയ സംഭവമൊന്നുമല്ല. പക്ഷേ, മെഡല്‍ ലക്ഷ്യമിട്ടു കുട്ടികളെ മറുനാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലയിലേയ്ക്ക് ഇതു കാര്യങ്ങളെ നയിച്ചാല്‍ അതു ഗൗരവമായി കാണേണ്ടിവരുകയും ചെയ്യും. താരപരിവേഷമുള്ളവരെ ഇറക്കുമതി ചെയ്യുന്ന പ്രവണത ഐ ലീഗ് ഐഎസ്എല്‍ തുടങ്ങിയവയില്‍ നടക്കുന്നതുപോലെയല്ല കൊച്ചുകുട്ടികള്‍ മല്‍സരിക്കുന്ന സ്കൂള്‍ കകായിക മേള. ഐലീഗും ഐഎസ്എലുമൊക്കെ പ്രഫഷണല്‍ മല്‍സര രംഗമാണ്. സ്കൂള്‍മേള മികവുള്ളവരെ കണ്ടെത്താനുള്ള പ്രാരംഭ മീറ്റും. അവിടെ നമ്മുടെ കുട്ടികള്‍ക്ക് അവസരം നിഷേധിച്ചുകൊണ്ട്, മെഡല്‍ നേട്ടത്തിനായി മറുനാട്ടുകാരെ ഇറക്കുമതി ചെയ്യുന്നതു കായിക മേഖലയോടുള്ള നമ്മുടെ സമീപനത്തേത്തന്നെ ബാധിക്കും. ആവേശവും മല്‍സരബുദ്ധിയും മാറ്റിവച്ച് വിവേക പൂര്‍വം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: