ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. സംഘര്‍ഷത്തിന്റെ കാര്മേഘങ്ങളാല് വളരെക്കാലം ആവൃതമായിരുന്ന ആ രാജ്യം പതിയെപ്പതിയെ ഉണര്‍ന്നുവരികയായിരുന്നു. നയതന്ത്രപരമായും മറ്റും ഭാരതവുമായി അഭേദ്യമാം വണ്ണം അടുപ്പം പുലര്‍ത്തിവന്ന രാജ്യത്ത് പൊടുന്നനെ ഉണ്ടായ രാഷ്ട്രീയ ചേരിതിരിവുകളും അതോടൊന്നിച്ചു ചേര്‍ന്ന പ്രശ്നങ്ങളും ഭാരതത്തില്‍ മൊത്തം ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പണ്ടുമുതലേ ശ്രീലങ്കയുമായി പുലര്‍ത്തിവന്ന ബന്ധവും അതിന്റെ വൈകാരിക വൈചാരിക തലങ്ങളും അത്ര എളുപ്പം മാറ്റി മറിക്കാവുന്നതല്ല.
ശ്രീലങ്കയെ എന്നും സ്നേഹത്തോടെ കാണുകയും അവിടത്തെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും ഭാരതം എപ്പോഴും താല്‍പ്പര്യം കാട്ടിയിട്ടുമുണ്ട്. അതിന്റെ ബാക്കിപത്രമെന്നോണം നമ്മുടെ മുന്‍ പ്രധാനമന്ത്രിക്കുപോലും ജീവന് നഷ്ടമാവുകയും ചെയ്തു. തമിഴ് പുലി പ്രശ്നവും തുടര്‍ന്നു വര്‍ഷങ്ങളോളം ജനങ്ങള്‍ക്ക് ദുരിതസമാന അന്തരീക്ഷമുണ്ടാവുകയും ചെയ്തത് ലോകത്തിന് മറക്കാനാവാത്തതാണ്. എന്നും സൗഹാര്‍ദ്ദത്തിന്റെയും സ്നേഹത്തിന്റെയും കൈനീട്ടി വരവേല്‍ക്കുന്ന ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ച് അവിടത്തെ ഭരണാധികാരികള്‍ക്കും അറിവുണ്ട്. റനില്‍ വിക്രമസിംഗെയെ പുറത്താക്കാന്‍ രൂപപ്പെട്ട രാഷ്ട്രീയ താല്‍പ്പര്യം എവിടെനിന്ന് ഉദയം ചെയ്തു എന്നാണറിയാത്തത്. അതേസമയം ഒരു കാലത്ത് രാഷ്ട്രീയ സഹപ്രവര്‍ത്തകരും പിന്നീട് വൈരികളും ആയിത്തീര്‍ന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനയും മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷെയും ഒരിക്കല്‍ കൂടി കൈകോര്‍ത്തതിന്റെ രഹസ്യവും മനസ്സിലാവുന്നില്ല.
അതിനിടെ പ്രസിഡന്റ് സിരിസേനയുടെ അനുയായികള്‍ക്കു നേരെ മന്ത്രി അര്‍ജുന രണതുംഗയുടെ അംഗരക്ഷകര്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടത് സംഘര്‍ഷം രൂക്ഷമാക്കിയിട്ടുണ്ട്. സിരിസേനയെ അനുകൂലിക്കുന്നവര്‍ വിക്രമസിംഗെ പക്ഷക്കാരനായ മന്ത്രിയെ വളഞ്ഞപ്പോഴാണ് വെടിവെപ്പുണ്ടായത്. വിക്രമസിംഗെയോടാണ് താല്‍പ്പര്യമെന്ന് സ്പീക്കര്‍ കരു ജയസൂര്യ ഇതിനിടെ പ്രസ്താവിച്ചതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ചുരുക്കത്തില്‍ ശ്രീലങ്കയില്‍ ഒരു അരക്ഷിതാവസ്ഥ രൂപപ്പെട്ടുവെന്നത് യാഥാര്‍ഥ്യമാണ്. ആര് ആര്‍ക്കൊപ്പം നില്‍ക്കുമെന്നും ആര് ആരെ തടയുമെന്നും ഇനിയുള്ള ദിവസങ്ങളില്‍ കാണാനിരിക്കുന്നതേയുള്ളു. ലോകം മുഴുവന്‍ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നില്ക്കുമ്പോള് ശ്രീലങ്കയിലും അതുണ്ടാവുന്നു എന്നതാണ് യാഥാര്‍ഥ്യം. സാംസ്കാരികധാരയില്‍ ഭാരതവുമായി സജീവ ഇടപഴകലുകള്‍ നടക്കുന്ന ഒരു രാജ്യത്ത് ഇത്തരം അസ്ഥിരതയും അരക്ഷിതത്വവും ഉണ്ടാവുമ്പോള്‍ അതിന്റെ നേട്ടം കൊയ്യാനും ചിലരുണ്ടാവുമെന്നതാണ് പ്രശ്നം. ഇതാണ് ഭാരതത്തിന് ആശങ്കയും ഉത്കണ്ഠയുമുണ്ടാക്കുന്നത്.
തന്ത്രപ്രധാനവമായ ഒരു രാജ്യമെന്ന നിലയ്ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ലങ്കയിലേക്ക് എന്നും ചൈനക്ക് ഒരു കണ്ണോട്ടമുണ്ട്. നാവികത്താവളമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് ലങ്കന്‍ മണ്ണ് ഉപയുക്തമാക്കാന്‍ ചൈന ആഗ്രഹം വെച്ചുപുലര്‍ത്തിയിട്ട് ഏറെക്കാലമായി. മാലദ്വീപും അവര്‍ ലക്ഷ്യമിട്ടിരുന്ന കാര്യം ഓര്‍ക്കണം. അവിടത്തെ മുന്‍ ഭരണാധികാരിയെ പ്രലോഭിപ്പിച്ചും വായ്പയനുവദിച്ചും തങ്ങളുടെ താല്‍പ്പര്യത്തിന്റെ വിത്തുകള്‍ അവരവിടെ വിതറിയിട്ടുണ്ട്. വിളവെടുക്കും മുമ്പ് പക്ഷേ, ഭരണമാറ്റം ഉണ്ടായത് തിരിച്ചടിയായെങ്കിലും ശ്രമം പലതരത്തില്‍ തുടരുന്നുണ്ട്. ശ്രീലങ്കയിലെ സംഭവ വികാസങ്ങളില്‍ ചൈന എങ്ങനെയൊക്കെയാവും ഇടപെടുകയെന്നാണ് ഭാരതം ഉറ്റുനോക്കുന്നത്. രാജപക്ഷെ-സിരിസേന സര്‍ക്കാര്‍ ശ്രീലങ്കയെ ചൈനയുമായി അടുപ്പിക്കുമോ എന്ന സംശയം ഭാരതത്തിനുണ്ട്. വിക്രമസിംഗെ-സിരിസേന സര്‍ക്കാരും ഭാരതത്തിന് താല്‍പ്പര്യമുള്ള പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മെല്ലെപ്പോക്ക് സമീപനം വെച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ രാജപക്ഷെ മനസ്സില്‍ ചീനാമോഹം വളര്‍ത്തുന്നയാളാണെന്ന ആരോപണം അടിസ്ഥാനരഹിതമൊന്നുമല്ല. അടുത്ത കാലത്ത് അദ്ദേഹം നടത്തിയ ദല്‍ഹി സന്ദര്‍ശനം പഴയ തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ കണ്ടുതന്നെ അറിയണം. ഭാരതത്തോടുള്ള ആഭിമുഖ്യം എങ്ങനെയെന്ന് അദ്ദേഹത്തിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് അറിയേണ്ടിവരും. അരുണാചല്‍ പ്രദേശ്, കശ്മീര്‍ സംസ്ഥാന പ്രദേശങ്ങളില്‍ അയല്‍ രാജ്യങ്ങള്‍ നടത്തുന്ന ഒളിപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്ക വഴിയും സഹായം കിട്ടുന്ന സ്ഥിതി ഉണ്ടായാല്‍ ഗുരുതരമാവും കാര്യങ്ങള്‍. ചീനാ താല്‍പ്പര്യങ്ങള്‍ക്ക് ശ്രീലങ്ക വഴങ്ങിയാല്‍ ഒരു പക്ഷേ, അങ്ങനെയാവും സഭവിക്കുക. ഭാരതത്തിന്റെ ആശങ്കയും മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: